Sub Lead

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ആംആദ്മിയില്‍ പൊട്ടിത്തെറി; കെജ്‌രിവാള്‍ 20 കോടിക്ക് സീറ്റ് വില്‍പ്പന നടത്തിയെന്ന് ബദര്‍പൂര്‍ എംഎല്‍എ

പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതായും പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളും മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയയും 'ഭൂ മാഫിയ'യക്ക് തിരഞ്ഞെടുപ്പ് ടിക്കറ്റ് നല്‍കിയതിന് 20 കോടി രൂപ വാങ്ങിയതായും ശര്‍മ ആരോപിച്ചു.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ആംആദ്മിയില്‍ പൊട്ടിത്തെറി; കെജ്‌രിവാള്‍ 20 കോടിക്ക് സീറ്റ് വില്‍പ്പന നടത്തിയെന്ന് ബദര്‍പൂര്‍ എംഎല്‍എ
X

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലെ 70 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ കെജ്‌രിവാളിനെതിരേ ഗുരുതര ആരോപണമുന്നയിച്ച ബദര്‍പ്പൂര്‍ സിറ്റിങ് എംഎല്‍എ എന്‍ഡി ശര്‍മ പാര്‍ട്ടിയില്‍നിന്നു രാജിവച്ചു. സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇത്തവണ ഇടംപിടിക്കാതെ പോയതിനു പിന്നാലെയാണ് ആരോപണവും രാജിയും. രാജിക്കു പിന്നാലെ കെജ്‌രിവാള്‍ 20 കോടി രൂപയ്ക്ക് സീറ്റ് വില്‍പ്പന നടത്തിയെന്നാണ് ശര്‍മ ആരോപിച്ചത്.

പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതായും പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളും മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയയും 'ഭൂ മാഫിയ'യക്ക് തിരഞ്ഞെടുപ്പ് ടിക്കറ്റ് നല്‍കിയതിന് 20 കോടി രൂപ വാങ്ങിയതായും ശര്‍മ ആരോപിച്ചു. എംഎല്‍എമാരില്‍ നിന്ന് പാര്‍ട്ടി പണം ചോദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടിക്ക് 10 കോടി രൂപ നല്‍കാന്‍ കെജ്‌രിവാള്‍ തന്നോട് ആവശ്യപ്പെട്ടെന്നും ശര്‍മ ആരോപിച്ചു. ഭൂ മാഫിയക്കാരായവര്‍ 20 കോടി രൂപ നല്‍കി. സത്യസന്ധനായ ഒരാളെന്ന നിലയില്‍ തനിക്ക് ഇത്രയധികം പണമില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത മാസം എട്ടിനു നടക്കുന്ന നിയമസഭാ തിരിഞ്ഞെടുപ്പിന് ആഴ്ചകള്‍ക്കു മുമ്പ് രണ്ട് തവണ ബദര്‍പൂര്‍ എംഎല്‍എ ആയിരുന്ന കോണ്‍ഗ്രസ് നേതാവ് രാം സിംഗ് നേതാജി ഉള്‍പ്പെടെയുള്ളവര്‍ ആം ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ശര്‍മ ആരോപണം ഉന്നയിച്ചത്.

ഇന്നലെ വൈകീട്ടാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇത്തവണ നിലവിലെ 46 എംഎല്‍എമാര്‍ ആം ആദ്മി പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ 15 എംഎല്‍എമാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ന്യഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പട്പട്ഗഞ്ചില്‍ മത്സരിക്കും. അമാനുല്ല ഖാന്‍ ഓഖ്‌ലി മണ്ഡലത്തില്‍ നിന്നും ജനവിധി തേടും.

ശക്തമായ ത്രികോണമത്സരത്തിനാണ് ഡല്‍ഹി വേദിയാവാന്‍ പോകുന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹി പിടിച്ചെടുക്കാന്‍ എല്ലാ പ്രചാരണായുധങ്ങളുമായി രംഗത്തിറിങ്ങിയിരിക്കുകയാണ് ബിജെപി. എന്നാല്‍ തന്റെ ജനസ്വാധീനം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് അരവിന്ദ് കെജ്‌രിവാള്‍. എന്നാല്‍, ചത്തീസ്ഗഢ്, മഹാരാഷ്ട്രയിലെ തിരിച്ചുവരവ് ഡല്‍ഹിയിലും ആവര്‍ത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്.

ഫെബ്രുവരി എട്ടിനാണ് സംസ്ഥാനത്തെ 70 നിയോജക മണ്ഡലങ്ങളിലും വോട്ടെടുപ്പ്. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍. നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 21നാണ്. സൂക്ഷ്മപരിശോധന 22ന്. പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി 24. എഴുപത് നിയമസഭാ മണ്ഡലങ്ങളില്‍ പന്ത്രണ്ടെണ്ണം പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തതാണ്. 13,750 പോളിങ് സ്‌റ്റേഷനുകളാണ് 1.47 കോടി വോട്ടര്‍മാര്‍ക്കായി തയാറാക്കിയിട്ടുള്ളത്. പൂര്‍ണമായും ഫോട്ടോ പതിച്ച ഇലക്ട്രല്‍ റോള്‍ ഉപയോഗിച്ചാവും തിരഞ്ഞെടുപ്പ് പ്രക്രിയ. 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ശാരീരിക വൈകല്യങ്ങളുള്ളവര്‍ക്കും ഇത്തവണ പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്തി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ തീരുമാനം. പൂര്‍ണമായും ഇവിഎം-വിവിപാറ്റ് സംവിധാനങ്ങളോടെയുള്ള പോളിങ് ബൂത്തുകളാണ് ക്രമീകരിക്കുന്നത്.

അതേസമയം, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്നാണ് ഐ.എ.എന്‍.എക്‌സ് വോട്ടര്‍ സര്‍വെ റിപ്പോര്‍ട്ട്. ആം ആദ്മി പാര്‍ട്ടി 59 സീറ്റുകള്‍ നേടുമെന്നും രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിക്ക് എട്ട് സീറ്റുകള്‍ മാത്രമേ ലഭിക്കുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ ലഭിക്കുമെന്നുമാണ് പ്രവചനം.

Next Story

RELATED STORIES

Share it