Sub Lead

ഡല്‍ഹി കലാപക്കേസ്: ജാമ്യത്തിലിറങ്ങിയ വിദ്യാര്‍ഥി നേതാക്കള്‍ക്ക് നോട്ടീസ് അയച്ച് സുപ്രിംകോടതി

വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി വിധിക്കെതിരേ ഡല്‍ഹി പോലിസ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നോട്ടിസ് അയച്ചത്.

ഡല്‍ഹി കലാപക്കേസ്: ജാമ്യത്തിലിറങ്ങിയ വിദ്യാര്‍ഥി നേതാക്കള്‍ക്ക് നോട്ടീസ് അയച്ച് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരേ അരങ്ങേറിയ വംശഹത്യാ അതിക്രമവുമായി ബന്ധപ്പെടുത്തി പോലിസ് കള്ളക്കേസില്‍ കുടുക്കിയ മൂന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കും നോട്ടിസ് അയച്ച് സുപ്രിംകോടതി.

വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി വിധിക്കെതിരേ ഡല്‍ഹി പോലിസ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നോട്ടിസ് അയച്ചത്.വിദ്യാര്‍ത്ഥി നേതാക്കളുടെ ജാമ്യം റദ്ദാക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത കോടതിയില്‍ ആവശ്യപ്പെട്ടു. അതീവ ഗൗരവമുള്ള വിഷയമാണ് ഇതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡല്‍ഹിയിലുള്ള സമയത്തായിരുന്നു സംഘര്‍ഷം ഉണ്ടായതെന്നും പോലിസ് കോടതിയെ അറിയിച്ചു.

വിദ്യാര്‍ത്ഥി നേതാക്കളുടെ ജാമ്യം ഉടന്‍ സ്‌റ്റേ ചെയ്യണമെന്നാണ് പോലിസ് ആവശ്യപ്പെട്ടത്. ഇവരെ ജാമ്യത്തില്‍ വിടുന്നത് സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് പോലിസ് വാദം. പ്രതിഷേധിക്കുക എന്നത് ഭീകരവാദമല്ലെന്ന ശക്തമായ പരാമര്‍ശത്തോടെയായിരുന്നു ഡല്‍ഹി ഹൈക്കോടതി വിദ്യാര്‍ത്ഥി നേതാക്കളായ നതാഷ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവര്‍ക്ക് ജാമ്യം നല്‍കിയത്.

കലാപക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ചൊവ്വാഴ്ചയാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ഇവരെ ജയില്‍ മോചിതരാക്കിയിരുന്നില്ല. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മൂന്ന് ദിവസം വേണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലിസ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി തള്ളിയ കോടതി മൂവരെയും ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.

Next Story

RELATED STORIES

Share it