Sub Lead

ഡല്‍ഹി കലാപം: ജാമിഅ പൂര്‍വവിദ്യാര്‍ഥി സംഘടന അധ്യക്ഷനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു

ലോക്ക് ഡൗണില്‍ പ്രതിഷേധങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തപ്പെട്ടതിന്റെ മറവില്‍ ഡല്‍ഹി പോലിസ് സിഎഎ വിരുദ്ധ സമരക്കാരെ വേട്ടയാടുന്നത് തുടരുകയാണ്

ഡല്‍ഹി കലാപം: ജാമിഅ പൂര്‍വവിദ്യാര്‍ഥി സംഘടന അധ്യക്ഷനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു
X

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ ഇസ് ലാമിയ സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ അധ്യക്ഷനായ ഷിഫാ ഉര്‍ റഹ്മാനെ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപവുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്തു. ഫെബ്രുവരിയില്‍ നടന്ന കലാപവുമായി ബന്ധപ്പെടുത്തി യുഎപിഎ(നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം) പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ 10 ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനൊപ്പം ജാമിഅ കോ-ഓഡിനേഷന്‍ കമ്മിറ്റി അംഗം കൂടിയായ റഹ് മാന്‍ ക്രിമിനല്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടെന്നാണ് പോലിസ് കോടതിയില്‍ ആരോപിച്ചത്.

കലാപസമയം ജനക്കൂട്ടത്തെ അക്രമത്തിനു പ്രേരിപ്പിക്കുന്ന സാങ്കേതിക തെളിവുകള്‍ ലഭിച്ചെന്നും കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലും ഇദ്ദേഹത്തെ കണ്ടതായും പോലിസ് ആരോപിക്കുന്നുണ്ട്. മാത്രമല്ല, കോള്‍ റെക്കോര്‍ഡ് വിശദാംശങ്ങളും വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും പരിശോധിച്ചതില്‍ നിന്നു കലാപത്തില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായും പോലിസ് പറയുന്നു. സ്‌പെഷ്യല്‍ ജഡ്ജി സഞ്ജീവ് കുമാര്‍ ജെയിന്‍ മുമ്പാകെ ഷിഫാ ഉര്‍ റഹ് മാനെ ഹാജരാക്കി 12 ദിവസത്തേക്ക് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ വിട്ടുനല്‍കുകയായിരുന്നു. ഗൂഢാലോചന കണ്ടെത്താനും കൂട്ടാളികളുടെ പേരുകള്‍ കണ്ടെത്താനും റഹ്മാനെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് കോടതിയില്‍ പോലിസ് ആവശ്യപ്പെട്ടത്.

ലോക്ക് ഡൗണില്‍ പ്രതിഷേധങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തപ്പെട്ടതിന്റെ മറവില്‍ ഡല്‍ഹി പോലിസ് സിഎഎ വിരുദ്ധ സമരക്കാരെ വേട്ടയാടുന്നത് തുടരുകയാണ്. നേരത്തേ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി മുന്‍ വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ്, ജാമിഅ മില്ലിയ ഇസ്‌ലാമിയ വിദ്യാര്‍ത്ഥികളായ മീരന്‍ ഹൈദര്‍, സഫൂറ സര്‍ഗാര്‍ എന്നിവരെ യുഎപിഎ ചുമത്തി പോലിസ് കേസെടുത്തിരുന്നു. രാജ്യദ്രോഹം, കൊലപാതകം, കൊലപാതക ശ്രമം, മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തല്‍, കലാപമുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്.


Next Story

RELATED STORIES

Share it