Sub Lead

ഡല്‍ഹി മെട്രോ സ്‌റ്റേഷനു സമീപം വനിതാ എസ് ഐ വെടിയേറ്റ് മരിച്ചു

മെട്രോ സ്‌റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ പ്രീതി അഹ് ലാവത്ത്(26) ആണ് കൊല്ലപ്പെട്ടത്‌

ഡല്‍ഹി മെട്രോ സ്‌റ്റേഷനു സമീപം വനിതാ എസ് ഐ വെടിയേറ്റ് മരിച്ചു
X

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്കു മുമ്പ് ഡല്‍ഹി മെട്രോ സ്‌റ്റേഷനു സമീപം വനിതാ എസ് ഐ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് രോഹിണി പ്രദേശത്തെ മെട്രോ സ്‌റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ പ്രീതി അഹ് ലാവത്ത്(26) കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവര്‍ക്കു നേരെ അക്രമി മൂന്ന് തവണ വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്കു വെടിയേറ്റ അഹ്‌ലാവത്ത് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോയി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. അക്രമിയെ തിരിച്ചറിഞ്ഞതായി പോലിസ് വ്യക്തമാക്കിയെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

കിഴക്കന്‍ ഡല്‍ഹിയിലെ പട്പര്‍ഗഞ്ച് ഇന്‍ഡസ്ട്രിയല്‍ ഏരിയ പോലിസ് സ്‌റ്റേഷനിലാണ് പ്രീതി അഹ് ലാവത്ത് സേവനമനുഷ്ഠിക്കുന്നത്. ഹരിയാനയിലെ സോനെപട്ടില്‍ നിന്നുള്ള പ്രീതി 2018 ബാച്ച് സബ് ഇന്‍സ്‌പെക്ടറാണ്. രോഹിണിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് തലസ്ഥാനത്ത് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കെയാണ് നഗരത്തില്‍ കൊലപാതകം നടന്നതെന്നതും ശ്രദ്ധേയമാണ്.




Next Story

RELATED STORIES

Share it