Sub Lead

കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ വില വര്‍ധന: സര്‍ക്കാര്‍ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി എണ്ണക്കമ്പനികള്‍ക്കും കേന്ദ്ര സര്‍ക്കാരിനും നോട്ടിസ് അയച്ചിരുന്നു.

കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ വില വര്‍ധന: സര്‍ക്കാര്‍ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
X

കൊച്ചി: ഡീസല്‍ വില വര്‍ധനയ്‌ക്കെതിരേ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊതുമേഖല എണ്ണക്കമ്പനികള്‍ വില കുത്തനെ കൂട്ടിയതിനെതിരേയാണ് ഹര്‍ജി. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി എണ്ണക്കമ്പനികള്‍ക്കും കേന്ദ്ര സര്‍ക്കാരിനും നോട്ടിസ് അയച്ചിരുന്നു. കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ ലിറ്ററിന് 21.10 രൂപ കൂട്ടിയ നടപടി കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് കെഎസ്ആര്‍ടിസിയുടെ വാദം. ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തില്‍ഉള്‍പ്പെടുത്തിയായിരുന്നു എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചത്. സാധാരണ വിപണി നിരക്കില്‍ ഡീസല്‍ നല്‍കാന്‍ എണ്ണക്കമ്പനികള്‍ക്കും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിനോടും നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയില്‍ കെഎസ്ആര്‍ടിസിയുടെ ആവശ്യം,

നേരത്തേ ഐഒസി ലിറ്ററിന് 7 രൂപ കൂട്ടിയിരുന്നു. ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയില്‍ പോകാനായിരുന്നു കോടതി ഉത്തരവ്. ഇത് നിലനില്‍ക്കെയാണ് വില വീണ്ടും കുത്തനെ കൂട്ടിയത്.

വില വര്‍ധന കെഎസ്ആര്‍ടിസിയെ കനത്ത നഷ്ടത്തിലേക്ക് തള്ളിവിടുന്നതാണെന്നാണ് സര്‍ക്കാര്‍ വാദം. ഇത് അംഗീകരിക്കാനാകില്ലെന്ന് ഗതാഗത മന്ത്രി പ്രതികരിച്ചിരുന്നു. 4 ലക്ഷം ലിറ്റര്‍ ഡീസലാണ് കെഎസ്ആര്‍ടിസിയുടെ പ്രതിദിന ഉപഭോഗം. നിലവിലെ സാഹചര്യത്തില്‍ വില വര്‍ധനവോടെ ഒരു മാസം 21 കോടിയുടെ നഷ്ടമാണുണ്ടാകുക. ഇത് കെഎസ്ആര്‍ടിസിക്ക് താങ്ങാന്‍ കഴിയില്ല. പൊതു ഗതാഗതത്തെ തകര്‍ക്കുന്ന രീതിയാണ് കേന്ദ്രത്തിന്റേതെന്നും ആന്റണി രാജു പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it