Sub Lead

ഡിഫ്തീരിയ മരണം...?; കാസര്‍കോട്ടും കണ്ണൂരും ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എല്ലാ സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഫീല്‍ഡ് സ്റ്റാഫുകള്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി

ഡിഫ്തീരിയ മരണം...?; കാസര്‍കോട്ടും കണ്ണൂരും ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം
X

കാസര്‍കോട്: കുഴല്‍ക്കിണര്‍ നിര്‍മാണ തൊഴിലാളിയുടെ മരണം ഡിഫ്തീരിയ(തൊണ്ടമുള്ള) കാരണമെന്ന സംശയത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ട ചിറ്റാരിക്കാല്‍ സ്വദേശിയായ 35കാരനാണ് ഡിഫ്തീരിയയാണെന്ന സംശയമുയര്‍ന്നിട്ടുള്ളത്. ചെറുപുഴയിലെ മലബാര്‍ കുഴല്‍ക്കിണര്‍ നിര്‍മാണ കമ്പനിക്കു വേണ്ടി ജോലിയെടുത്തിരുന്ന ഇദ്ദേഹം തട്ടാരി, പോളയാട്, ചെങ്ങളായി പഞ്ചായത്തിലെ കൊളത്തൂര്‍, മയ്യില്‍, ഇരിട്ടി, ആലക്കോട്, ബക്കളം, കരുവഞ്ചാല്‍, ചെമ്പേരി, ശ്രീകണ്ഠാപുരം, പയ്യാവൂര്‍ എന്നിവിടങ്ങളില്‍ ജൂണ്‍ 20 മുതല്‍ 27 വരെ തൊഴിലെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹം തൊഴിലെടുത്ത സ്ഥലങ്ങളിലും സഹപ്രവര്‍ത്തകരിലും പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എല്ലാ സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഫീല്‍ഡ് സ്റ്റാഫുകള്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. കണ്ണൂര്‍ ജില്ലാ ആര്‍സിഎച്ച് ഓഫിസര്‍ ഡോ. പി എം ജ്യോതിയാണ് ഇതുസംബന്ധിച്ച നോട്ടീസ് ആശുപത്രികള്‍ക്കും മറ്റും അയച്ചിട്ടുള്ളത്. കലശമായ തൊണ്ട വേദനയുമായെത്തുന്നവരെ നിരീക്ഷിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

മനുഷ്യന്റെ തൊണ്ടയിലെയും മൂക്കിലേയും ശ്ലേഷ്മ ചര്‍മ്മത്തെ ബാധിക്കുന്ന ഒരു രോഗമാണ് ഡിഫ്തീരിയ അഥവാ തൊണ്ടമുള്ള്. വളരെയേറെ സാംക്രമിക ശേഷിയുള്ള രോഗത്തിനു കാരണം ബാക്ടീരിയം ഡിഫ്തീരിയ എന്ന ബാക്ടീരിയയാണ്. ഡിഫ്തീരിയ രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ തെറിക്കുന്ന ചെറു കണികകളിലൂടെ രോഗം പകരാന്‍ സാധ്യതയുണ്ട്. രോഗിയുടെ സ്രവങ്ങള്‍ പുരണ്ട തൂവാലകള്‍, ഗ്ലാസുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിലൂടെയും രോഗം പകരാം. ചില രോഗികള്‍ പുറമേ രോഗലക്ഷണങ്ങള്‍ ഒന്നും കാണിക്കാറില്ലെങ്കിലും രോഗം പിടിപെട്ട് ആറാഴ്ചക്കാലത്തോളം രോഗം പരത്താനുള്ള ശേഷിയുണ്ടായിരിക്കും. രോഗാണുബാധ ഉണ്ടായി രണ്ടുമുതല്‍ അഞ്ചു ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങുമെന്നാണു ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പനി, ശരീരവേദന, വിറയല്‍, തൊണ്ടയിലെ ലിംഫ് ഗ്രന്ഥികളുടെ വീക്കം, പരുഷമായ ശബ്ദത്തോട് കൂടിയ ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് മുതലായവയോടൊപ്പം തന്നെ തൊണ്ടയില്‍ കാണുന്ന ചെളി നിറത്തിലുള്ള തുകല്‍ പോലെയുള്ള പാടയാണ് രോഗത്തിന്റെ ഏറ്റവും പ്രകടമായ ലക്ഷണങ്ങള്‍. ശ്വാസതടസ്സം, കാഴ്ചാവ്യതിയാനങ്ങള്‍, സംസാരവൈകല്യം, ഹൃദയമിടിപ്പ് വര്‍ധിക്കുക തുടങ്ങിയ ലക്ഷണങ്ങളും ചിലരിലുണ്ടായേക്കാം. ഏതായാലും കുഴല്‍ക്കിണര്‍ തൊഴിലാളിക്കു ഡിഫ്തീരിയയാണെന്ന സംശയത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.





Next Story

RELATED STORIES

Share it