Sub Lead

പെഷാവറില്‍ നിന്ന് മുംബൈയിലേക്ക്; മുഹമ്മദ് യൂസഫ് ഖാന്‍ എന്ന ദിലീപ് കുമാര്‍

പെഷാവറില്‍ നിന്ന് മുംബൈയിലേക്ക്; മുഹമ്മദ് യൂസഫ് ഖാന്‍ എന്ന ദിലീപ് കുമാര്‍
X

മുംബൈ: അഞ്ച് പതിറ്റാണ്ടോളം ബോളിവുഡിനെ ത്രസിപ്പിച്ച ദിലീപ് കുമാറെന്ന പ്രണയ നായകന്‍ അതിഭാവുകത്വം നിറഞ്ഞ അഭിനയ ശൈലിയില്‍ നിന്ന് ഇന്ത്യന്‍ സിനിമയെ മോചിപ്പിച്ച താരമാണ്. ഇന്നത്തെ പാകിസ്താന്റെ ഭാഗമായ പെഷാവറില്‍ 1922ലാണ് മുഹമ്മദ് യൂസഫ് ഖാനെന്ന ദിലീപ് കുമാറിന്റെ ജനനം. പിന്നീട് സിനിമയോടൊപ്പം ജീവിതവും മുംബൈയിലേക്ക് പറിച്ചുനട്ടു.

പൂനെയ്ക്കടുത്ത് മിലിട്ടറി ക്യാംപില്‍ ക്യാന്റീന്‍ നടത്തി വരികയായിരുന്ന ദിലീപ് കുമാറിനെ സിനിമയിലേക്ക് കൊണ്ടുവന്നത് ബോംബെ ടാക്കീസാണ്. ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചക്കൊപ്പം നടന്ന അഭിനയ പ്രതിഭയാണ് ദിലീപ് കുമാര്‍. അഞ്ച് പതിറ്റാണ്ടിനിടെ സിനിമാ പ്രേമികള്‍ക്ക് എന്നും ഓര്‍ത്തുവെക്കുന്ന നിരവധി സിനിമകള്‍ സമ്മാനിച്ചാണ് ആ ഇതിഹാസം വിട വാങ്ങിയത്.

1944 ല്‍ അഭിനയജീവിതം ആരംഭിച്ചു. ജ്വാര്‍ ഭാട്ടയായിരുന്നു ആദ്യ ചിത്രം. മെത്തേഡ് ആക്ടിങ് എന്താണെന്ന് ഇന്ത്യന്‍ ചലച്ചിത്രലോകത്തിന് പരിചയപ്പെടുത്തിയത് ദിലീപ് കുമാറാണ്. ദേവദാസ്, നയാ ദോര്‍, മുഗളെ ആസം, ഗംഗജമുന, അന്താസ്, ബാബുല്‍, ക്രാംന്തി, ദീദാര്‍, വിധാത, സൗദാഗര്‍, കര്‍മ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. അഞ്ച് പതിറ്റാണ്ട് സിനിമയില്‍ ഉണ്ടായിരുന്നുവെങ്കിലും അഭിനയിച്ചത് വെറും 65 സിനിമകളില്‍.

അഭിനയിച്ച സിനിമകളുടെ വിജയവും പേരും പ്രശസ്തിയും അങ്ങനെ ജീവിതത്തിന്റെ ഏറ്റവും ഉയരങ്ങളില്‍ നില്‍ക്കുമ്പോഴാണ് ദിലീപ് കുമാറിനെ വിഷാദരോഗം പിടികൂടുന്നത്. സിനിമയില്‍ അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ പലതും മനസ്സിന്റെ പടിയിറങ്ങി പോകാത്തതായിരുന്നു ദിലീപിന്റെ പ്രശ്‌നം. വിഷാദരോഗം അദ്ദേഹത്തെ സിനിമയില്‍ നിന്നും ആള്‍ക്കൂട്ടങ്ങളിലും നിന്നും അകറ്റി. സൗഹൃദങ്ങളില്‍ നിന്ന് പോലും ദിലീപ് കുമാര്‍ എന്ന മഹാനടന്‍ ഒളിച്ചോടിയിരുന്നതായി അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറയുന്നുണ്ട്.

ലണ്ടനില്‍ വെച്ച് പരിചയപ്പെട്ട നാടക പ്രവര്‍ത്തകരായ മാര്‍ഗരറ്റ് റുഥര്‍ഫോഡ്, സിബില്‍ തോണ്‍ഡികെ എന്നിവര്‍ വഴി പ്രഗത്ഭനായ മനഃശാസ്ത്ര വിദഗ്ദ്ധന്‍ ഡോക്ടര്‍ ഡബ്ലിയു ഡി നിക്കോള്‍സിനെ പരിചയപ്പെട്ടു. വിഷാദരോഗത്തില്‍ നിന്ന് തന്നെ കരകയറ്റാന്‍ പരിചയസമ്പന്നനായ ഒരു സൈക്കിയാട്രിസ്റ്റിന് മാത്രമേ കഴിയൂ എന്ന് ബോധ്യമായിരിക്കണം ദിലീപിന്. ഒരു മണിക്കൂറോളം നിക്കോള്‍സിനൊപ്പം ചെലവഴിച്ചു അദ്ദേഹം. ഇരട്ട വ്യക്തിത്വമാണ് ദിലീപ് കുമാറിന്റെ പ്രശ്‌നമെന്ന് ഡോക്ടര്‍ പറഞ്ഞു. സിനിമയില്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ വ്യക്തിത്വം ദിലീപ് കുമാറിന്റെ യഥാര്‍ത്ഥ വ്യക്തിത്വവുമായി അദ്ദേഹം അറിയാതെ തന്നെ കൂടിക്കുഴഞ്ഞു പോകുന്നു. അതി തീവ്രമായി ആ കഥാപാത്രങ്ങളില്‍ അലിഞ്ഞുചേരുന്നത് കൊണ്ട്, ഷൂട്ടിംഗ് കഴിഞ്ഞാലും സ്വന്തം മനസ്സില്‍ നിന്നും ശരീരത്തില്‍ നിന്നും അവയെ വേര്‍പെടുത്താന്‍ കഴിയാത്ത അവസ്ഥ.

ഒരൊറ്റ പോംവഴിയേ നിര്‍ദേശിക്കാനുണ്ടായിരുന്നുള്ളൂ ഡോ. നിക്കോള്‍സിന്. പതിവായി അഭിനയിക്കുന്ന നെഗറ്റീവ് റോളുകളില്‍ നിന്ന് അകന്നുനില്‍ക്കുക.

നാട്ടിലെത്തിയയുടന്‍ ഹിന്ദിയിലെ മുന്‍നിര നിര്‍മ്മാതാക്കളായ മെഹബൂബ് ഖാനെയും ശശധര്‍ മുഖര്‍ജിയെയും കെ ആസിഫിനെയും ചെന്നു കാണുന്നു ദിലീപ്. സന്തോഷം പകരുന്ന കഥാപാത്രങ്ങളെയേ ഇനി സ്വീകരിക്കൂ എന്ന് ദിലീപ് പ്രഖ്യാപിച്ചപ്പോള്‍, 'എങ്കില്‍ അതൊന്ന് ചെയ്തു കാണിക്കൂ'' എന്നായിരുന്നു ആസിഫിന്റെ പ്രതികരണം. ആ വെല്ലുവിളി ദിലീപ് ഏറ്റെടുക്കുക തന്നെ ചെയ്തു. തമിഴ് സംവിധായകന്‍ ശ്രീരാമുലു നായിഡു തന്റെ 'മലൈക്കള്ളന്‍'' എന്ന ഹിറ്റ് ചിത്രം ഹിന്ദിയില്‍ നിര്‍മ്മിക്കുന്നു. എം ജി ആറും ഭാനുമതിയുമാണ് തമിഴ് പതിപ്പിലെ മുഖ്യ താരങ്ങള്‍. ഹിന്ദിയില്‍ നായകനായി ദിലീപ് വേണമെന്ന് നായിഡുവിന് മോഹം. പടം ദിലീപിന് ഇഷ്ടമായി. പിന്നെ സംശയിച്ചില്ല. അഭിനയിക്കാമെന്ന് നായിഡുവിന് വാക്കുകൊടുക്കുന്നു ദിലീപ്. മീനാകുമാരിയെ ദിലീപിന്റെ നായികയാക്കി 'ആസാദ്'എന്ന പേരില്‍ നായിഡു ഹിന്ദിയില്‍ റീമേക്ക് ചെയ്ത ആ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. 1955 ല്‍ പുറത്തിറങ്ങിയ ആസാദ് എന്ന ചിത്രം ദിലീപിനെ സംബന്ധിച്ച് ഒരു പുതിയ തുടക്കമായിരുന്നു.

1976 ല്‍ പുറത്തിറങ്ങിയ ബൈരാഗ് എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നിന്നു ദിലീപ് കുമാര്‍. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മനോജ് കുമാറിന്റെ ക്രാന്തിയിലൂടെ മടങ്ങിയെത്തി. വലിയ താരനിര അണിനിരന്ന ക്രാന്തി ഗംഭീര വിജയമായിരുന്നു. 1991ല്‍ പുറത്തിറങ്ങിയ സൗദാഗര്‍ എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷങ്ങള്‍ നീണ്ട് ഇടവേള. പിന്നീട് ഉമേഷ് മെഹ്‌റയുടെ കിലയോടെ അഭിനയ ജീവിതത്തോട് എന്നന്നേക്കുമായി വിടപറഞ്ഞു ദിലീപ്.

അസ്മാ സാഹിബയുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ച് നടി സൈറാ ബാനുവിനെ ജീവിതവഴിയില്‍ കൂടെ കൂട്ടി. മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയായിരുന്നു. പദ്മവിഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ തുടങ്ങി നിരവധി ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ബാന്ദ്രയിലെ പാലി ഹില്ലിലുള്ള കൂറ്റന്‍ ബംഗ്ലാവില്‍ പ്രായാധിക്യത്തിന്റെ അവശതകളും മറവിരോഗവുമായി മല്ലടിച്ച് സ്വന്തം മുറിയുടെ ഏകാന്തതയില്‍ കഴിയുമ്പോഴും ഹിന്ദി സിനിമയിലെ പഴയ മെലഡികള്‍ തന്നെയായിരുന്നു 95 കാരന്‍ ദിലീപ് കുമാറിന് കൂട്ട്.

Next Story

RELATED STORIES

Share it