Sub Lead

സ്വര്‍ണ്ണക്കവര്‍ച്ചയിലെ കമ്മീഷനില്‍ തര്‍ക്കം: യുവാവില്‍നിന്ന് കാറും പണവും മൊബൈലും കവര്‍ന്ന നാലംഗ സംഘം അറസ്റ്റില്‍

പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ച് കൊങ്ങന്റെ പുരക്കല്‍ വീട്ടില്‍ മുജീബ് റഹ്മാന്‍ (39), ചെട്ടിപ്പടി അയ്യാപ്പേരി വീട്ടില്‍ അസൈനാര്‍ (44), ചെട്ടിപ്പടി ബദറു പള്ളിക്ക് സമീപം ഹാജിയാരകത്ത് വീട്ടില്‍ റെനീസ് (35), ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ കൊങ്ങന്റെ ചെറുപുരക്കല്‍ വീട്ടില്‍ ഷെബീര്‍ (35) എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

സ്വര്‍ണ്ണക്കവര്‍ച്ചയിലെ കമ്മീഷനില്‍ തര്‍ക്കം: യുവാവില്‍നിന്ന് കാറും പണവും മൊബൈലും കവര്‍ന്ന നാലംഗ സംഘം അറസ്റ്റില്‍
X

പരപ്പനങ്ങാടി: വിദേശത്ത് നിന്നും കടത്തിക്കൊണ്ട് വന്ന സ്വര്‍ണം തട്ടിയെടുത്തതിന്റെ കമ്മീഷന്‍ കിട്ടിയില്ലെന്നാരോപിച്ച് യുവാവിനെ വിളിച്ചുവരുത്തി കാറും പണവും മൊബൈലും കവര്‍ന്ന നാലംഗ സംഘം അറസ്റ്റില്‍. താനൂര്‍ സ്വദേശിയായ ഷെമീറിന്റെ പരാതിയില്‍ പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ച് കൊങ്ങന്റെ പുരക്കല്‍ വീട്ടില്‍ മുജീബ് റഹ്മാന്‍ (39), ചെട്ടിപ്പടി അയ്യാപ്പേരി വീട്ടില്‍ അസൈനാര്‍ (44), ചെട്ടിപ്പടി ബദറു പള്ളിക്ക് സമീപം ഹാജിയാരകത്ത് വീട്ടില്‍ റെനീസ് (35), ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ കൊങ്ങന്റെ ചെറുപുരക്കല്‍ വീട്ടില്‍ ഷെബീര്‍ (35) എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

പരാതിക്കാരനെ പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്തേക്ക് വിളിച്ചു വരുത്തി അവിടെവച്ചും അരിയല്ലൂര്‍ എന്‍സി ഗാര്‍ഡന്റെ പുറകുവശത്തുള്ള ബീച്ചില്‍ വച്ചും മര്‍ദ്ദിക്കുകയും ഇയാളുടെ പോളോ കാറും ഒരു ലക്ഷം രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണും 15,000 രൂപയും കവര്‍ന്നുവെന്ന പരാതിയിലാണ് അറസ്റ്റ്.

2022 ജൂലൈ മാസത്തില്‍ സൗദി അറേബ്യയില്‍ നിന്നും നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വര്‍ണ്ണം കവര്‍ന്നതിന്റെ കമ്മീഷനായി അഞ്ചു ലക്ഷം രൂപ വേണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ പരാതിക്കാരനെ ദേഹോപദ്രവം ഏല്‍പ്പിച്ച് കവര്‍ച്ച നടത്തിയത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പിടിയിലായ പ്രതികളുടെ മൊബൈല്‍ ഫോണിലെ വാട്‌സ് ആപ്പ് ചാറ്റുകളും മൊഴികളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു വരികയാണ്.

പ്രതികളുടെ കുറ്റസമ്മത മൊഴികളുടെ അടിസ്ഥാനത്തില്‍ നാട്ടിലുള്ളതും വിദേശത്തേക്ക് കടന്നിട്ടുള്ളതുമായ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്തിയെന്നു പ്രതികള്‍ കുറ്റസമ്മത മൊഴിയില്‍ പറഞ്ഞിട്ടുള്ള ഒട്ടുമ്മല്‍ ബീച്ച് സ്വദേശിയായ ആള്‍ക്ക് വേണ്ടിയും പോലീസ് അന്വേഷണം ആരംഭിച്ചു. പരപ്പനങ്ങാടി സിഐ ഹണി കെ ദാസ്, എസ് ഐ പ്രദീപ് കുമാര്‍, എം വി സുരേഷ്, പോലിസുകാരായ സുധീഷ്, സനല്‍ ഡാന്‍സാഫ് ടീമംഗങ്ങള്‍ അയ ആല്‍ബിന്‍, ജിനു, അഭിമന്യു, വിപിന്‍, സബറുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it