Sub Lead

ഗായകന്‍ കെ കെയുടെ മരണം;അസ്വാഭാവികതയില്ലെന്ന പോലിസ് വാദം തള്ളി ഡോക്ടര്‍മാര്‍

അവശനായി തുടങ്ങിയപ്പോള്‍ രോഗാവസ്ഥ തിരിച്ചറിഞ്ഞ് ആവശ്യമായ ചികില്‍സ നല്‍കുന്നതില്‍ സെക്രട്ടറിക്ക് വീഴ്ച പറ്റിയതായി അദ്ദേഹം കുറ്റപ്പെടുത്തി

ഗായകന്‍ കെ കെയുടെ മരണം;അസ്വാഭാവികതയില്ലെന്ന പോലിസ് വാദം തള്ളി ഡോക്ടര്‍മാര്‍
X

കൊല്‍ക്കത്ത:ഗായകന്‍ കൃഷ്ണകുമാര്‍ കുന്നത്തിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന പോലിസ് വാദം തള്ളി ഹൃദ്രോഗ വിദഗ്ധന്‍ ഡോ.കുനാല്‍ സര്‍ക്കാര്‍. സംഗീത പരിപാടി പകുതിയായപ്പോള്‍ തന്നെ കെ കെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതായി ഡോ. കുനാല്‍ സര്‍ക്കാര്‍ പറഞ്ഞു.അവശനായി തുടങ്ങിയപ്പോള്‍ രോഗാവസ്ഥ തിരിച്ചറിഞ്ഞ് ആവശ്യമായ ചികില്‍സ നല്‍കുന്നതില്‍ സെക്രട്ടറിക്ക് വീഴ്ച പറ്റിയതായി അദ്ദേഹം കുറ്റപ്പെടുത്തി.

കെ കെയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് നേരത്തെയും കുനാല്‍ സര്‍ക്കാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. രണ്ടര മണിക്കൂറോളം അവശതയുണ്ടായിരുന്നു. ഇതിന് ശേഷമാണ് മരണം സംഭവിച്ചതെന്നായിരുന്നു പ്രതികരണം.

തൃശൂര്‍ സ്വദേശിയായ കൃഷ്ണ കുമാര്‍ കുന്നത്ത് കൊല്‍ക്കത്ത നസറുള്‍ മഞ്ചിലെ വിവേകാനന്ദ കോളജില്‍ ആയിരങ്ങള്‍ സംബന്ധിച്ച ലൈവ് ഷോയ്ക്ക് ശേഷം ഹോട്ടലിലേക്ക് മടങ്ങിയെത്തിയപ്പോള്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഉടനെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുമ്പോഴേക്കും അന്ത്യം സംഭവിച്ചിരുന്നെന്നും ഹൃദയാഘാതമാണ് മരണ കാരണമെന്നും കൊല്‍ക്കത്ത സിഎംആര്‍ഐ ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു.

ഷോയ്ക്കിടെ വേദിയില്‍ കൊള്ളാവുന്നതിലും അധികം കാണികളുണ്ടായിരുന്നതായും,സ്‌റ്റേജിലെ കനത്ത ചൂടിനെക്കുറിച്ച് അദ്ദേഹം പരാതിപ്പെട്ടിരുന്നതായും സംഘാടകര്‍ക്കെതിരേ പരാതി ഉയര്‍ന്നിരുന്നു.പരിപാടിക്കിടേ അസ്വസ്ഥനായ കെ കെയെ സ്റ്റാഫംഗങ്ങള്‍ പുറത്തേക്ക് കൊണ്ടു വരുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Next Story

RELATED STORIES

Share it