Sub Lead

അറബ് കപ്പ്: ദോഹ മെട്രോ ദിവസവും നടത്തുന്നത് ലക്ഷം സര്‍വീസുകള്‍

അറബ് കപ്പ്: ദോഹ മെട്രോ ദിവസവും നടത്തുന്നത് ലക്ഷം സര്‍വീസുകള്‍
X

ദോഹ: ഫിഫ അറബ് കപ്പ് കാണാനെത്തുന്ന കളിയാരാധകര്‍ക്കും മറ്റു പൊതുജനങ്ങള്‍ക്കുമായി ദോഹ മെട്രോ ഇപ്പോള്‍ ദിവസവും നടത്തുന്നത് ലക്ഷത്തോളം ട്രിപ്പുകള്‍. മൂന്ന് ലൈനുകളിലായി 110 ട്രെയിനുകളാണ് ഓടുന്നത്. 76 കിലോമീറ്റര്‍ വരുന്ന റൂട്ടില്‍ 37 സ്‌റ്റേഷനുകളാണ് ഉള്ളതെന്നും ഖത്തര്‍ റെയില്‍ അസറ്റ് മാനേജ്‌മെന്റിലെ എന്‍ജിനീയര്‍ ഹംദാന്‍ റാഷിദ് അല്‍ മുല്ല പറഞ്ഞു.

974 സ്‌റ്റേഡിയം, എജ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയം, അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയം എന്നിവയുള്‍പ്പെടെ മത്സരങ്ങള്‍ നടക്കുന്ന സ്‌റ്റേഡിയങ്ങള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്ന സ്‌റ്റേഷനുകളുടെ വിവരങ്ങള്‍ ഹംദാന്‍ റാഷിദ് അല്‍ മുല്ല നല്‍കി. ഫുട്‌ബോള്‍ ആരാധകര്‍ക്ക് യഥാക്രമം റാസ് ബു അബൗഡ് സ്‌റ്റേഷന്‍ (ഗോള്‍ഡന്‍ ലൈന്‍), എജ്യുക്കേഷന്‍ സിറ്റി സ്‌റ്റേഷന്‍ (ഗ്രീന്‍ ലൈന്‍), റിഫ സ്‌റ്റേഷന്‍ (ഗ്രീന്‍ ലൈന്‍) എന്നിവ ഉപയോഗിക്കാം.

അല്‍ ബൈത്ത് സ്‌റ്റേഡിയം, അല്‍ തുമാമ സ്‌റ്റേഡിയം, അല്‍ ജനൂബ് സ്‌റ്റേഡിയം തുടങ്ങിയ മെട്രോ സ്‌റ്റേഷനുകളുമായി നേരിട്ട് ബന്ധമില്ലാത്ത സ്‌റ്റേഡിയങ്ങള്‍ക്ക് സമീപത്തെ സ്‌റ്റേഷനുകളില്‍ നിന്ന് ബസുകള്‍ വഴിയാണ് ആരാധകരെ എത്തിക്കുന്നത്. ഹംദാന്‍ റാഷിദ് അല്‍ മുല്ല കൂട്ടിച്ചേര്‍ത്തു.

11 ഗോള്‍ഡ് ലൈന്‍ സ്‌റ്റേഷനുകളിലൊന്നായ റാസ് ബു അബൗദ് സ്‌റ്റേഷന്റെ പരമാവധി ശേഷി മണിക്കൂറില്‍ 15,000 യാത്രക്കാരാണ്. പ്രാദേശിക കുടുംബങ്ങളുള്‍പ്പെടെ ആയിരക്കണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ ലോകോത്തര മെട്രോ സര്‍വീസുകള്‍ തടസ്സമില്ലാതെ ഉപയോഗിച്ചു.

974 സ്‌റ്റേഡിയം റാസ് ബു അബൗദ് സ്‌റ്റേഷന്‍ വഴി ദോഹ മെട്രോ ശൃംഖലയുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്.

ഫിഫ അറബ് കപ്പിന്റെ ആറ് മത്സരങ്ങളാണ് സ്‌റ്റേഡിയത്തില്‍ നടക്കുന്നത്. ആദ്യ മത്സരം നവംബര്‍ 30 ന് യുഎഇയും സിറിയയും തമ്മില്‍ നടന്നു. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരം ഡിസംബര്‍ 18 ന് സ്‌റ്റേഡിയത്തില്‍ നടക്കും.

സ്‌റ്റേഷനുകളില്‍ കളിയാരാധകരെ സ്വീകരിക്കുന്നതിനും വഴികാട്ടുന്നതിനും പ്രത്യേക ജീവനക്കാരെ ഒരുക്കിയിട്ടുണ്ട്. ആവേശം പകരുന്നതിന് കലാപരിപാടികളുമുണ്ട്.

നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ അറബ് കപ്പ് പ്രമാണിച്ച് രാവിലെ 6 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ 3 വരെ മെട്രോ സര്‍വീസ് ഉണ്ടാവും. വെള്ളിയാഴ്ച്ച രാവിലെ 9ന് ആണ് സര്‍വീസ് ആരംഭിക്കുക.

Next Story

RELATED STORIES

Share it