Sub Lead

'ശിവന്റെ കൃപയാല്‍ എല്ലാം പൂര്‍ത്തിയായി'; അന്തിമ വിധിക്കു ശേഷം ജസ്റ്റിസ് അരുണ്‍ മിശ്ര

ശിവന്റെ കൃപയാല്‍ എല്ലാം പൂര്‍ത്തിയായി;   അന്തിമ വിധിക്കു ശേഷം ജസ്റ്റിസ് അരുണ്‍ മിശ്ര
X

ന്യൂഡല്‍ഹി: 'ശിവന്റെ കൃപയാല്‍ അന്തിമ വിധിയും പൂര്‍ത്തിയാക്കി(ശിവ-ജി കി കൃപാ സേ യെ ആഖറീ വിധി ഭീ ഹോ ഗയാ)-ആറു വര്‍ഷത്തെ സേവനത്തിനു ശേഷം സുപ്രിംകോടതിയില്‍ നിന്ന് നാളെ വിരമിക്കുന്ന ജസ്റ്റിസ് അരുണ്‍ മിശ്ര അവസാനം വാദം കേട്ട കേസില്‍ ഇന്ന് വിധി പ്രസ്താവിച്ചതിനു ശേഷം പറഞ്ഞ വാക്കുകളാണിത്. മധ്യപ്രദേശിലെ പുരാതന ശിവക്ഷേത്രത്തിലെ 'ജ്യോതിര്‍ലിംഗം' സംബന്ധിച്ച കേസിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര ഉള്‍പ്പെട്ട ബെഞ്ച് വിധി പറഞ്ഞത്. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ കാലാവധിക്കിടെ സുപ്രധാനമായ പല കേസുകളും സുപ്രിംകോടതിയില്‍ വിധി പുറപ്പെടുവിച്ചിരുവ്വു. എസ്സി/എസ്ടി നിയമ ഭേദഗതി നിയമത്തിന്റെ നിയമസാധുത, മുതിര്‍ന്ന അഭിഭാഷകനും ആക്റ്റിവിസ്റ്റുമായ പ്രശാന്ത് ഭൂഷനെതിരായ കോടതിയലക്ഷ്യക്കേസ് എന്നിവ ഉള്‍പ്പെടെ അവയില്‍ ചിലതാണ്. ഇന്ന് രാവിലെ നടന്ന, ടെലികോം കമ്പനികളുടെ കുടിശ്ശിക വിഷയത്തില്‍ ജസ്റ്റിസ് മിശ്രയാണ് വിധി പ്രസ്താവിച്ചത്. കമ്പനികള്‍ക്ക് കുടിശ്ശിക അടയ്ക്കാന്‍ 10 വര്‍ഷത്തെ സമയപരിധി നല്‍കുന്നതായിരുന്നു വിധി.

അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിടവാങ്ങല്‍ ചടങ്ങിനുള്ള സുപ്രിം കോടതി ബാര്‍ അസോസിയേഷന്റെ ക്ഷണം ജസ്റ്റിസ് അരുണ്‍ മിശ്ര നിരസിച്ചു. കൊവിഡ് മഹാമാരി കാരണം ലോകമെമ്പാടുമുള്ള കഠിനമായ സാഹചര്യങ്ങളും കഷ്ടപ്പാടുകളും കണക്കിലെടുക്കുമ്പോള്‍, ഒരു വിടവാങ്ങല്‍ പ്രവര്‍ത്തനത്തിലും പങ്കെടുക്കാന്‍ എന്റെ മനസ്സാക്ഷി എന്നെ അനുവദിക്കുന്നില്ല എന്നായിരുന്നു ക്ഷണത്തിന് നന്ദി അറിയിച്ച് അദ്ദേഹം എഴുതിയത്. എന്നാലും, സ്ഥിതി മെച്ചപ്പെടുമ്പോള്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് എച്ച് ജി മിശ്രയുടെ മകനായ ജസ്റ്റിസ് അരുണ്‍ മിശ്രയെ 2014 ജൂലൈയില്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്നാണ് സുപ്രിം കോടതിയിലേക്ക് ഉയര്‍ത്തിയത്. ഭരണഘടന, സിവില്‍, വ്യാവസായിക, സേവനം, ക്രിമിനല്‍ നിയമം എന്നിവയില്‍ മികച്ച പ്രാഗല്‍ഭ്യമുള്ള അദ്ദേഹം ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.

"Done, By The Grace Of God": Justice Arun Mishra After Final Judgment





Next Story

RELATED STORIES

Share it