Sub Lead

'പ്രസാര്‍ ഭാരതിയല്ല, പ്രചാര്‍ ഭാരതി'; ദൂരദര്‍ശന്‍ ലോഗോയുടെ കാവിവല്‍ക്കരണത്തില്‍ പ്രതികരണവുമായി മുന്‍ സിഇഒ

പ്രസാര്‍ ഭാരതിയല്ല, പ്രചാര്‍ ഭാരതി; ദൂരദര്‍ശന്‍ ലോഗോയുടെ കാവിവല്‍ക്കരണത്തില്‍ പ്രതികരണവുമായി മുന്‍ സിഇഒ
X
ന്യൂഡല്‍ഹി: ദൂരദര്‍ശന്‍ വാര്‍ത്താ ചാനലിന്റെ പുതിയ ലോഗോ കാവിയാക്കിയത് കാണുമ്പോള്‍ വേദന തോന്നുന്നുവെന്ന് പ്രസാര്‍ ഭാരതി മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും (സിഇഒ) തൃണമൂല്‍ എംപിയുമായ ജവഹര്‍ സിര്‍കാര്‍. ചൊവ്വാഴ്ചയാണ് ഡിഡി ന്യൂസ് അതിന്റെ പുതിയ ഔദ്യോഗിക ലോഗോ അനാച്ഛാദനം ചെയ്തത്. ചുവപ്പ് നിറത്തിനു പകരം കാവിയാക്കി മാറ്റുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയം തന്നെ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയെയും അദ്ദേഹം ചോദ്യം ചെയ്തു. കേന്ദ്രം ഭരിക്കുന്ന ബിജെപി കാവി പാര്‍ട്ടി എന്നും അറിയപ്പെടുന്നതിനാലാണ് ദൂരദര്‍ശന്റെ ലോഗോ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ടിഎംസി എംപി ആഞ്ഞടിച്ചു. 2012 നും 2014 നും ഇടയില്‍ പ്രസാര്‍ ഭാരതിയുടെ സിഇഒ കൂടിയായിരുന്നു ടിഎംസി രാജ്യസഭാ എംപിയായ ജവഹര്‍ സിര്‍കാര്‍.

ദേശീയ ബ്രോഡ്കാസ്റ്റര്‍ ദൂരദര്‍ശന്‍ അതിന്റെ ചരിത്രപരമായ മുന്‍നിര ലോഗോ കാവി നിറത്തിലാക്കി. അതിന്റെ മുന്‍ സിഇഒ എന്ന നിലയില്‍, ഞാന്‍ അതിന്റെ കാവിവല്‍ക്കരണം ആശങ്കയോടെയും വേദനയോടെയുമാണ് നോക്കുന്നത്. ഇത് ഇപ്പോള്‍ പ്രസാര്‍ ഭാരതിയല്ല, പ്രചാര് (പബ്ലിസിറ്റി) ഭാരതിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, 1959ല്‍ ദൂരദര്‍ശന്‍ ആരംഭിച്ചപ്പോള്‍ അതിന് കാവി നിറത്തിലുള്ള ലോഗോ ഉണ്ടായിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. പിന്നീട്, അതിന്റെ നിറങ്ങള്‍ നീല, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ മാറി. എന്നിരുന്നാലും, മധ്യഭാഗത്ത് ഒരു ഭൂഗോളമുള്ള രണ്ട് ദളങ്ങള്‍ അതേപടി തുടര്‍ന്നു. ചാനലിന്റെ ലോഗോയില്‍ 'സത്യം ശിവം സുന്ദരം' എന്ന വാക്കുകള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അത് നീക്കം ചെയ്തു. കഴിഞ്ഞ മാസമാണ് ദൂരദര്‍ശന്‍ വാര്‍ത്താ അവതാരകര്‍ ഖാദി വസ്ത്രം ധരിക്കുന്നത് കേന്ദ്രം നിര്‍ബന്ധമാക്കിയത്. ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച അയോധ്യയിലെ രാമക്ഷേത്രത്തിലെ രാം ലല്ല വിഗ്രഹത്തിലെ പ്രഭാത പ്രാര്‍ഥനകള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുമെന്നും ദൂരദര്‍ശന്‍ പ്രഖ്യാപിച്ചിരുന്നു.

Next Story

RELATED STORIES

Share it