Sub Lead

ഇരട്ടവോട്ട്: തിരഞ്ഞെടുപ്പ് കമ്മീഷനും ചെന്നിത്തലയ്ക്കുമെതിരേ സിപി ഐ മുഖപത്രം

ഇരട്ടവോട്ട്: തിരഞ്ഞെടുപ്പ് കമ്മീഷനും ചെന്നിത്തലയ്ക്കുമെതിരേ   സിപി ഐ മുഖപത്രം
X

തിരുവനന്തപുരം: ഇരട്ട വോട്ട് വിവാദത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരേ രൂക്ഷവിമര്‍ശനവുമായി സിപി ഐ മുഖപത്രം 'ജനയുഗം'. ഒരാളുടെ പേരില്‍ ഒന്നിലേറെ വോട്ടര്‍ ഐഡി ഉണ്ടാവുക എന്നത് കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും സംസ്ഥാന സര്‍ക്കാരിനുപോലും ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്നും ജനയുഗം മുഖപ്രസംഗത്തില്‍ വ്യക്തമാക്കി. വോട്ടര്‍പ്പട്ടിക കുറ്റമറ്റ രീതിയില്‍ തിരഞ്ഞെടുപ്പിന് സജീകരിക്കാനാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രാധാന്യം നല്‍കേണ്ടത്. ഇരട്ടവോട്ട് കണ്ടെത്തുന്നത് ഇത് ആദ്യമായൊന്നുമല്ലെന്നും എല്ലാ മണ്ഡലത്തിലും പരിശോധന തുടരുമെന്നുമാണ് കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കുന്നതു മുതല്‍ അച്ചടിച്ച് പോളിങ് ബൂത്തിലെ അവസാന നടപടികള്‍ക്ക് എത്തിക്കുന്നതുവരെ ഒന്നിലേറെ കൈകളിലൂടെ കടന്നുപോവുന്ന പ്രക്രിയയാണ്. അതിലെ പാകപ്പിഴവ് കണ്ടെത്തേണ്ട ഉത്തരവാദിത്തം രാഷ്ട്രീയപ്പാര്‍ട്ടികളുടേത് മാത്രമാണെന്ന തരത്തില്‍ പ്രസംഗിച്ച് കൈയടിനേടാന്‍ ശ്രമിക്കുന്നത് അല്‍പ്പത്തരമായേ തോന്നൂവെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. വോട്ടര്‍ പട്ടികയിലെ പരിശോധനകളും ഗൗരവമുള്ള തിരുത്തും തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരിധിയിലുള്ളതാണ്. ആക്ഷേപം ഉന്നയിക്കാന്‍ സമയം അനുവദിച്ചപ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഉറങ്ങുകയായിരുന്നോ എന്നുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ചോദ്യം പ്രതിപക്ഷ നേതാവിനോടാണെങ്കില്‍ പോലും പാടില്ലാത്തതാണെന്നും പറയുന്നുണ്ട്.

അതേസമയം, കേരളത്തിന്റെ പ്രതിപക്ഷ നേതാവ് നിരന്തരം നടത്തുന്ന വോട്ടര്‍പ്പട്ടിക വിവാദം കേന്ദ്ര ഭരണക്കാര്‍ക്കുള്ള അന്നമായിട്ടേ കരുതാനാവൂ എന്നാണ് മറ്റൊരു വിമര്‍ശനം. കേരളത്തിന്റെ ജനാധിപത്യ മൂല്യങ്ങളും അതിന്റെ നിലനില്‍പ്പും ആഗ്രഹിക്കുന്ന ആരായാലും തിരഞ്ഞെടുപ്പ് സംവിധാനങ്ങളുമായി കൂടിയാലോചനകളിലൂടെ പിഴവുകള്‍ തിരുത്താനുള്ള ഇടപെടല്‍ നടത്തുന്നതാണ് മാന്യത. പ്രതിപക്ഷ നേതാവ് ഈ വിഷയം കൈകാര്യം ചെയ്യുന്ന രീതി ജനാധിപത്യത്തിന് ഭീഷണിയുണ്ടാക്കും വിധമാണ്. സ്വന്തം പാര്‍ട്ടിക്കും മുന്നണിക്കും മുന്നില്‍ ബോധ്യപ്പെടുത്താനുള്ള തെരുവു സര്‍ക്കസായിട്ടേ പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനങ്ങളെ കാണാനാവൂ. കയ്പമംഗലം നിയമസഭാമണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് മൂന്നിടത്താണ് വോട്ടുള്ളത്. രണ്ട് തിരിച്ചറിയല്‍ കാര്‍ഡും കൈവശമുണ്ട്. ഇത് ഉദ്യോഗസ്ഥരുടെ കൈപ്പിഴ എന്നാണ് ചെന്നിത്തല വിശദീകരിച്ചത്. മറ്റുള്ളതെല്ലാം ഇടതുമുന്നണിയുടെ പ്രവര്‍ത്തകര്‍ ചെയ്ത ഗുരുതര കുറ്റമാണെന്നും ആരോപിക്കുന്നു. തോല്‍വിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യമെടുക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങളാണിത്. ഒരിടത്തുപോലും സംസ്ഥാന സര്‍ക്കാരിന്റെ വികസനത്തെ ചര്‍ച്ചയാക്കാന്‍ കഴിയാത്ത ഗതികേടിലാണ് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് മുന്നണിയുമെന്നും ജനയുഗം മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Double vote: CPI against Election Commission and Chennithala

Next Story

RELATED STORIES

Share it