Sub Lead

നാടകസംവിധായകന്‍ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

നാടകസംവിധായകന്‍ പ്രശാന്ത് നാരായണന്‍ അന്തരിച്ചു
X

തിരുവനന്തപുരം: പ്രമുഖ നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു. 54 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികില്‍സയിലായിരുന്നു. അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രാവിലെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടന്‍, കോളമിസ്റ്റ്, അധ്യാപകന്‍, മാധ്യമപ്രവര്‍ത്തകന്‍, നാടകരചയിതാവ്, സംവിധായകന്‍, ആട്ടക്കഥാകൃത്ത് തുടങ്ങിയ നിലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിരുന്നു. ടാഗൂറിന്റെ തപാലാപ്പീസ്, ഷേക്‌സ്പിയറിന്റെ ഹാംലെറ്റ്, ഭാസന്റെ ഊരുഭംഗം തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. എംടിയുടെ ജീവിതവും കൃതികളും കോര്‍ത്തിണക്കി മഹാസാഗരം എന്ന പേരില്‍ നാടകം അവതരിപ്പിച്ചിട്ടുണ്ട്. മകരധ്വജന്‍, കറ, താജ് മഹല്‍ എന്നിവ ഏറെ പ്രസിദ്ധമാണ്. കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടക രചനയ്ക്കുള്ള അവാര്‍ഡ്, ദുര്‍ഗ്ഗാദത്ത പുരസ്‌കാരം, എ പി കളയ്ക്കാട് അവാര്‍ഡ്, 2016ല്‍ അബൂദബി ശക്തി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും തേടിയെത്തിയിട്ടുണ്ട്. മുപ്പതോളം നാടകങ്ങള്‍ എഴുതുകയും 60ഓളം നാടകങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു. 2008ല്‍ മോഹന്‍ലാലിനേയും മുകേഷിനേയും ഉള്‍പ്പെടുത്തി ചെയ്ത 'ഛായാമുഖി' എന്ന നാടകം ഏറെ ശ്രദ്ധേയമായിരുന്നു. തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയില്‍ കഥകളി സാഹിത്യകാരന്‍ വെള്ളായണി നാരായണന്‍ നായര്‍-ശാന്തകുമാരി അമ്മ ദമ്പതികളുടെ മകനാണ്. തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂള്‍, യൂനിവേഴ്‌സിറ്റി കോളേജ്, തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം.

Next Story

RELATED STORIES

Share it