Sub Lead

'ലഹരിവസ്തുക്കള്‍ കടത്തിയ ബോട്ട് പിടിച്ചെടുത്തു'; ലക്ഷദ്വീപ് വേട്ടയ്ക്ക് വഴിയൊരുക്കി നുണപ്രചാരണവും

ലക്ഷദ്വീപില്‍ ലഹരിവസ്തുക്കള്‍ കടത്തിയ ബോട്ട് പിടിച്ചെടുത്തെന്നാണ് ബിജെപി മുഖപത്രമായ ജന്മഭൂമിയും സംഘ്പരിവാര്‍ അനുകൂലികളും വ്യാപകമായി പ്രചരിപ്പിക്കുന്നത്.

ലഹരിവസ്തുക്കള്‍ കടത്തിയ ബോട്ട് പിടിച്ചെടുത്തു; ലക്ഷദ്വീപ് വേട്ടയ്ക്ക് വഴിയൊരുക്കി നുണപ്രചാരണവും
X

കൊച്ചി: ലക്ഷദ്വീപിനെ കാവിവല്‍ക്കരിക്കാനുള്ള ഗൂഢനീക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കെ അതിന് വഴിയൊരുക്കി സംഘ്പരിവാറിന്റെ നുണപ്രചാരണവും. ലക്ഷദ്വീപില്‍ ലഹരിവസ്തുക്കള്‍ കടത്തിയ ബോട്ട് പിടിച്ചെടുത്തെന്നാണ് ബിജെപി മുഖപത്രമായ ജന്മഭൂമിയും സംഘ്പരിവാര്‍ അനുകൂലികളും വ്യാപകമായി പ്രചരിപ്പിക്കുന്നത്.

മേയ് 23ന് ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് ലക്ഷദ്വീപില്‍ ലഹരി കടത്ത് കൂടുകയാണെന്നും ബോട്ടുകള്‍ പിടിച്ചെടുത്തെന്നും തട്ടിവിട്ടത്. ഇതേറ്റ് പിടിച്ച് സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളും സാമൂഹിക മാധ്യമങ്ങളില്‍ ഈ നുണയുമായി നിറഞ്ഞാടി.

ലക്ഷദ്വീപിലെ കാവി ഭീകരതയ്‌ക്കെതിരേ പ്രതികരിക്കുന്നവരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് കീഴെ ലക്ഷദ്വീപില്‍ നിന്ന് കോടികള്‍ വിലവരുന്ന മയക്കുമരുന്ന് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തെന്ന തരത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

ഇതിനായി മാര്‍ച്ച് 5ന് ഇന്ത്യന്‍ നാവിക സേന ലക്ഷദ്വീപിന് സമീപം മൂന്ന് ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടുകള്‍ തടഞ്ഞ ചിത്രങ്ങളും റിപ്പോര്‍ട്ടുകളും 2020 ഡിസംബര്‍ 17ന് ഹവായ് തീരത്തിനും ഫിലിപ്പൈന്‍ തീരത്തിനുമിടയിലെ മധ്യ പസഫിക് സമുദ്രത്തില്‍ വെച്ച് മാര്‍ഷല്‍ ദ്വീപ് പോലിസ് പിടികൂടിയ മയക്കുമരുന്നുകളുടെ ചിത്രവും കൂട്ടികെട്ടിയാണ് സംഘപരിവാരത്തിന്റെ ഈ വ്യാജ പ്രചാരണം.

മധ്യ പസഫിക് സമുദ്രത്തില്‍ വെച്ച് മാര്‍ഷല്‍ ദ്വീപ് പോലിസ് പിടികൂടിയ മയക്കുമരുന്നു സംബന്ധിച്ചുള്ള അല്‍ ജസീറ റിപോര്‍ട്ട്‌

പസഫിക് സമുദ്രത്തിലെ ഈ മയക്കുമരുന്ന് വേട്ടയെക്കുറിച്ച് 2020 ഡിസംബര്‍ 17ന് അല്‍ജസീറ സവിസ്താരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉപേക്ഷിക്കപ്പെട്ട ബോട്ടിലായിരുന്നു അവ കണ്ടെത്തിയിരുന്നത്.

പാകിസ്താനില്‍ നിന്നെത്തിയ ബോട്ടില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയ ശേഷം ശ്രീലങ്കയിലേക്ക് പോവുകയായിരുന്ന മൂന്ന് ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടുകളാണ് മാര്‍ച്ച് 7ന് ഇന്ത്യന്‍ നാവിക സേന ലക്ഷദ്വീപിന് സമീപത്തുനിന്ന് പിടികൂടിയത്. ശ്രീലങ്ക സ്വദേശികളുടെ ആകര്‍ഷാ ദുവാ, ചതുറാണി03, ചതുറാണി08 എന്നീ ബോട്ടുകളെയാണ് മിനിക്കോയ് ദീപിന് സമീപം തെക്കുപടിഞ്ഞാറ് ഏഴ് മൈല്‍ ഉളളില്‍ നിന്ന് കോസ്റ്റ്ഗാര്‍ഡ് പിടികൂടി വിഴിഞ്ഞത്തെത്തിച്ചത്.

ശ്രീലങ്കന്‍ ബോട്ട് പിടികൂടിയത് സംബന്ധിച്ചുള്ള മാതൃഭൂമി വാര്‍ത്ത

ഇവയില്‍ ആകര്‍ഷ ദുവയെന്ന ബോട്ടിലെ ക്യാപ്ടന്‍ അടക്കമുളള ആറംഗ സംഘത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ നാവിക സേന തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതും മാര്‍ച്ച് 7ന് മലയാളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും ഇക്കാര്യം റിപോര്‍ട്ട് ചെയ്തിട്ടുള്ളതുമാണ്.

ലക്ഷദ്വീപില്‍ പട്രോളിങ് നടത്തുകയായിരുന്ന കോസ്റ്റ് ഗാര്‍ഡിന്റെ വരാഹ് എന്ന കപ്പലാണ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ ബോട്ടുകള്‍ പിടികൂടിയത്.

ഇത്തരത്തില്‍ കല്ലുവച്ച നുണകളുമായി സംഘപരിവാര്‍ പ്രൊഫൈലുകള്‍ വ്യാജപ്രചരണം നടത്തുന്നത് അടുത്തിടെ പതിവായിരിക്കുകയാണ്.

Next Story

RELATED STORIES

Share it