Sub Lead

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയ്ക്കുമേല്‍ മൂത്രമൊഴിച്ച് യുവാവ്

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയ്ക്കുമേല്‍ മൂത്രമൊഴിച്ച് യുവാവ്
X

ന്യൂഡല്‍ഹി: മദ്യലഹരിയില്‍ വിമാനത്തിലെ സഹയാത്രക്കാരിയ്ക്കുമേല്‍ മൂത്രമൊഴിച്ച് യുവാവ്. ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ എഐ-102 വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവം. സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് യാത്രക്കാരി പരാതിപ്പെട്ടു. വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയപ്പോള്‍ അക്രമം നടത്തിയയാള്‍ യാതൊരു നടപടിയും നേരിടാതെ വിമാനത്താവളത്തില്‍നിന്നു പുറത്തുപോയി. യാത്രക്കാരി ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് പരാതി നല്‍കിയതിനുശേഷം മാത്രമാണ് വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചതെന്നും പരാതിയുണ്ട്.

അപമര്യാദയായി പെരുമാറിയ യാത്രക്കാരന് യാത്രാ നിരോധനം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ റിപോര്‍ട്ട് തേടി. വിമാന ജീവനക്കാര്‍ യാതൊരു തരത്തിലും സഹകരിച്ചില്ലെന്ന് പരാതിക്കാരി എന്‍ ചന്ദ്രശേഖരനുള്ള കത്തില്‍ പറയുന്നു. 'ഉച്ചയ്ക്ക് ആഹാരം നല്‍കിയ ശേഷം ലൈറ്റുകള്‍ അണച്ച ശേഷമായിരുന്നു സംഭവം. പൂര്‍ണമായും മദ്യലഹരിയിലായിരുന്ന ഒരു യാത്രക്കാരന്‍ തന്റെ സീറ്റിനടുത്തേക്ക് വരികയായിരുന്നുവെന്ന് 70 വയസ്സുകാരിയായ യാത്രക്കാരി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പാന്റിന്റെ സിപ്പ് അഴിച്ച ശേഷം സ്വകാര്യഭാഗങ്ങള്‍ തന്റെ നേരേ പ്രദര്‍ശിപ്പിച്ചു.

തുടര്‍ന്ന് മൂത്രമൊഴിച്ച ശേഷം അവിടെ തന്നെ നില്‍ക്കുകയായിരുന്നു. മറ്റൊരു യാത്രക്കാരനെത്തി മാറാന്‍ പറഞ്ഞപ്പോള്‍ മാത്രമാണ് അയാള്‍ അവിടെനിന്നു പോയത്. തന്റെ വസ്ത്രവും ഷൂവും ബാഗും മുഴുവനും മൂത്രം വീണ് നനഞ്ഞു. തുടര്‍ന്ന് വിമാനജീവനക്കാരെത്തി അണുനാശിനിയും മറ്റും തളിക്കുകയായിരുന്നു- പരാതിക്കാരിയുടെ കത്തില്‍ പറയുന്നു. ക്യാബിന്‍ ക്രൂവാണ് പിന്നീട് യാത്രക്കാരിക്ക് പൈജാമയും ചെരിപ്പും നല്‍കിയത്.

നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ കഴിയാത്തതിനാല്‍ ജീവനക്കാരുടെ സീറ്റ് നല്‍കുകയായിരുന്നു. വിമാനത്തിന്റെ ഫസ്റ്റ് ക്ലാസില്‍ സീറ്റുകള്‍ ഒഴിവുണ്ടായിട്ടും നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നു. രണ്ട് മണിക്കൂറിനു ശേഷമാണ് മറ്റൊരു സീറ്റ് നല്‍കിയത്. തന്റെ സുരക്ഷ ഉറപ്പാക്കാന്‍ എയര്‍ലൈന്‍ ഒരു ശ്രമവും നടത്താത്തതില്‍ വിഷമമുണ്ടെന്നും യുവതി കത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it