Sub Lead

കിറ്റെക്സ് എംഡി സാബു എം ജേക്കബിന് എതിരേ വീണ്ടും ഡിവൈഎഫ്ഐ

സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയുടെ ചിത്രം ഉപയോ​ഗിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ കിറ്റെക്സ് എംഡി സാബു എം ജേക്കബ് നുണപ്രചാരണം നടത്തുന്നുവെന്ന് ഡിവൈഎഫ്ഐ കിഴക്കമ്പലം മേഖലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആരോപിച്ചു. സാബു എം ജേക്കബ് പണികഴിപ്പിച്ച സ്ക്കൂളിന്റെ ഉദ്ഘാടനം ഡിവൈഎഫ്ഐ നടത്തി എന്നാണ് സാബു എം ജേക്കബ് വീഡിയോയിൽ പറയുന്നത്.

കിറ്റെക്സ് എംഡി സാബു എം ജേക്കബിന് എതിരേ വീണ്ടും ഡിവൈഎഫ്ഐ
X

കൊച്ചി: കിറ്റെക്സ് എംഡി സാബു എം ജേക്കബിനെതിരേ വീണ്ടും ഡിവൈഎഫ്ഐ. 2022 ജൂൺ 05 ന് മലയിടംതുരുത്തിൽ വെച്ച് ഡിവൈഎഫ്ഐ കിഴക്കമ്പലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്ന പ്രതിഷേധ സദസിനെതിരേ ട്വന്റി 20 നടത്തുന്ന കള്ള പ്രചരണം അവസാനിപ്പിക്കുകയെന്നാവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ രം​ഗത്തുവന്നത്.

സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയുടെ ചിത്രം ഉപയോ​ഗിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ കിറ്റെക്സ് എംഡി സാബു എം ജേക്കബ് നുണപ്രചാരണം നടത്തുന്നുവെന്ന് ഡിവൈഎഫ്ഐ കിഴക്കമ്പലം മേഖലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആരോപിച്ചു. സാബു എം ജേക്കബ് പണികഴിപ്പിച്ച സ്ക്കൂളിന്റെ ഉദ്ഘാടനം ഡിവൈഎഫ്ഐ നടത്തി എന്നാണ് സാബു എം ജേക്കബ് വീഡിയോയിൽ പറയുന്നത്. ഡിവൈഎഫ്ഐ ഒരു സ്കൂളിന്റെയും ഉദ്ഘാടനം നടത്തിയിട്ടില്ല. ഡിവൈഎഫ്ഐ സംസ്ഥാനത്തെമ്പാടും സംഘടിപ്പിക്കാൻ തീരുമാനിച്ച പഠനോൽസവമാണ് 2022 ജൂൺ 16ന് മലയിടംതുരുത്ത് ഗവ: എൽപി സ്കൂളിൽ സംഘടിപ്പിച്ചതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ജൂൺ മാസത്തിൽ സ്കൂൾ പ്രവേശനോൽസവവുമായി ബന്ധപ്പെട്ട് ട്വന്റി 20 സാമൂഹിക മാധ്യമങ്ങളിൽ ഒരു പോസ്റ്റർ പ്രചരിപ്പിച്ചിരുന്നു. അവർ അതിൽ പറയുന്നു മലയിടംതുരുത്ത് ഗവ.എൽ.പി സ്കൂൾ നിർമ്മിച്ചത് ട്വന്റി20 യാണെന്ന്. കേരളത്തിൽ അധികാരത്തിലിരുന്ന ഒന്നാം പിണറായി സർക്കാരിന്റെ പ്രഖ്യാപിത നയമായിരുന്നു സർക്കാർ സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്നത്. അതിന്റെ ഭാഗമായി കേരളത്തിലെ നിരവധി സ്കൂളുകൾ സർക്കാർ ഫണ്ടുപയോഗിച്ച് പുതുക്കിപ്പണിയുകയും സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂമുകൾ നിർമ്മിച്ചും സ്കൂളുകളെ സ്മാർട്ട് ആക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് മലയിടംതുരുത്ത് ഗവ: എൽപി സ്കൂളും സ്മാർട്ട് ആക്കിയത്.

കേരളത്തിൽ അധികാരത്തിലിരുന്ന ഇടതുപക്ഷ സർക്കാർ ഇതിനായി 98 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇത് മറച്ചുവെച്ചാണ് ബഷീർ കഥാപാത്രം എട്ടുകാലി മമ്മൂഞ്ഞിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ട്വന്റി 20 ഇത്തരത്തിൽ ഒരു വ്യാജ പ്രചരണം നടത്തിയത്. ഇതിനെതിരേ ഡിവൈഎഫ്ഐ സമരം സംഘടിപ്പിച്ചപ്പോൾ സ്കൂൾ പൂട്ടിക്കാനാണ് ഡിവൈഎഫ്ഐ ഇത്തരത്തിൽ സമരം സംഘടിപ്പിക്കുന്നത് എന്ന കള്ള പ്രചരണവും ട്വന്റി 20 അഴിച്ചു വിട്ടു. ഇതിന്റെ നിജസ്ഥിതി സ്കൂൾ അധികൃതരുമായി ചർച്ച ചെയ്യാൻ സ്ക്കൂളിൽ എത്തിയപ്പോളാണ് അവിടെ പഠിക്കുന്ന കുട്ടികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത സ്കൂളിലെ അധ്യാപകർ ഡിവൈഎഫ്ഐ ഭാരവാഹികളുടെ ശ്രദ്ധയിൽ പെടുത്തിയത്. ഉടനെ തന്നെ അത് പരിഹരിക്കാനാണ് ഉത്തരവാദിത്തപ്പെട്ട ഒരു യുവജന സംഘടന എന്ന നിലയിൽ ഡിവൈഎഫ്ഐ തയാറായത്.

ഞങ്ങൾ നടത്തിയ പഠനോൽസവം നിങ്ങൾക്ക് അസ്വസ്തത ഉണ്ടാക്കും എന്ന് ഞങ്ങൾക്ക് അറിയാം, അതിന്റെ പേരിൽ ഇത്തരം കള്ള പ്രചരണങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അങ്ങേയറ്റം മര്യാദകേടാണ്. അതുകൊണ്ട് താങ്കൾ നടത്തിയ പ്രസ്താവന പിൻവലിച്ച് ഡിവൈഎഫ്ഐയോട് മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ കിഴക്കമ്പലം മേഖലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it