Sub Lead

ഇ പി എന്ന പാപി

ഒരുകാലത്ത് കണ്ണൂരിലെയും കേരളത്തിലെയും സിപിഎമ്മിനെ ത്രസിപ്പിച്ച, രാഷ്ട്രീയ എതിരാളികളുടെ വെടിയുണ്ട ശരീരത്തില്‍ കൊണ്ടുനടന്ന, അഴീക്കോട്ടെ തട്ടകത്തില്‍ എം വി രാഘവനെ പോലും മുട്ടുകുത്തിച്ച ഇ പി ജയരാജന്‍ എന്ന സിപിഎം നേതാവ് എത്തിപ്പെട്ടു നില്‍ക്കുന്ന ചാണകക്കുഴിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ ആ പാപിയെ പുറത്തിടുകയല്ലാതെ സിപിഎമ്മിനു മുന്നില്‍ മാര്‍ഗമുണ്ടാവില്ല. താമസിയാതെ തന്നെ അത് സംഭവിക്കുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

ഇ പി എന്ന പാപി
X

ബഷീര്‍ പാമ്പുരുത്തി


ടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ... എല്‍ഡിഎഫിന്റെ ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വാക്യം ഇതായിരുന്നു. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി രാജ്യത്ത് പാര്‍ട്ടിയുടെ മേല്‍വിലാസം നിലനില്‍ക്കണമെങ്കില്‍ ഇത്തവണ കാര്യമായ സീറ്റുകള്‍ നേടണം. അല്ലെങ്കില്‍ ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടും. ചിഹ്നം നഷ്ടപ്പെടും. രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാവും. അതിനാല്‍ തന്നെ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതു പോലെ ഉറപ്പാണ് എല്‍ഡിഎഫ് എന്നതുപോലുള്ള ആത്മവിശ്വാസം തുളുമ്പുന്ന മുദ്രാവാക്യത്തിനു പകരം അനുതാപം പിടിച്ചുപറ്റാനുള്ള അഭ്യര്‍ഥനയായിരുന്നു ഇത്തവണത്തേത്. സാധാരണയായി മലപ്പുറം പോലുള്ള സ്ഥലങ്ങളില്‍ സ്വതന്ത്രരെ നിര്‍ത്തി അരിവാള്‍ ചുറ്റിക നക്ഷത്രത്തെ മാറ്റിനിര്‍ത്തി വോട്ട് തേടിയിരുന്ന സിപിഎം ഇത്തവണ എല്ലായിടത്തും സ്വന്തം ചിഹ്നത്തിലാണ് ജനവിധി തേടിയത്. എന്തെങ്കിലും തരത്തില്‍ എവിടെയെങ്കിലും അടിയൊഴുക്കുണ്ടായി ജയിച്ചുകയറിയാല്‍ പാര്‍ട്ടി ചിഹ്നത്തിന്റെ സംരക്ഷണത്തിന് മുതല്‍ക്കൂട്ടാവുമെന്നതു തന്നെയാണ് അതിനു കാരണം. മാത്രമല്ല, ദേശീയതലത്തില്‍ മോദിസര്‍ക്കാരിന്റെയും ബിജെപിയുടെയും ന്യൂനപക്ഷ വിരുദ്ധതയും നെറികെട്ട ഭരണവും തന്നെയായിരുന്നു പ്രചാരണത്തിന്റെ മുഖ്യകാതല്‍. കേരളത്തില്‍ മുസ് ലിം വോട്ട് അതിനിര്‍ണായകമാണെന്ന് തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള പ്രചാരണങ്ങളായിരുന്നു നടത്തിയത്. ഒന്നാം സിഎഎ സമരകാലത്തേക്കാള്‍ ഇത്തവണ എല്ലായിടത്തും സിഎഎ സമരം നടത്തിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ മുസ് ലിം വോട്ടിന് ആഞ്ഞുപിടിച്ചത്. അതോടൊപ്പം തന്നെ കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വവും ബിജെപിയിലേക്കുള്ള കൂടുമാറ്റവും പരമാവധി കത്തിച്ചുനിര്‍ത്തി. 2019ല്‍ രാഹുലിന്റെ ലാസ്റ്റ് ബസ്സിന് കൂട്ടത്തോടെ വോട്ട് ചെയ്ത മുസ് ലിംകളില്‍ അത്രകണ്ട് ഇത്തവണ യുഡിഎഫ് അനുകമ്പയില്ലാതിരിക്കാന്‍ പരമാവധി പ്രയത്‌നിച്ചു. പക്ഷേ, തിരഞ്ഞെടുപ്പിന്റെ 10 മണിക്കൂര്‍ മുമ്പാണ് ഇടതുക്യാംപിനെ ഞെട്ടിച്ചുകൊണ്ട് ഇ പി ജയരാജനെതിരായ അതീവഗുരുതരമായ ആരോപണം ഉയര്‍ന്നുവന്നത്. മുക്കിലും മൂലയിലും പോയി കോണ്‍ഗ്രസിന്റെ സംഘബന്ധം അത്യുച്ചത്തില്‍ പറഞ്ഞ് പ്രതിഫലിപ്പിച്ചുകൊണ്ടിരിക്കെയാണ്, കേരളത്തിലെ ഇടതുമുന്നണിയുടെ കണ്‍വീനറും സിപിഎമ്മിന്റെ ഉന്നത നേതാവും കണ്ണൂര്‍ ലോബിയിലെ അതികായരില്‍ ഒരാളുമായ ഇ പി ജയരാജന്റെ ബിജെപി ചര്‍ച്ച പൊടുന്നനെ വിവാദമായത്. ഇത് ഇടതുക്യാംപുകളെ ഒട്ടൊന്നുമല്ല ആശങ്കയിലാഴ്ത്തിയിട്ടുള്ളത്. അവസാന മണിക്കൂറിലാണ് രഹസ്യ ചര്‍ച്ച പുറത്തായതെന്നത് അല്‍പ്പം ആശ്വാസം നല്‍കുമ്പോഴും ഇനിയുള്ള കാലമെല്ലാം സിപിഎമ്മിനെ അത് വേട്ടയാടുമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. പ്രത്യേകിച്ച്, ഒരുകാലത്ത് കണ്ണിനു കണ്ണ്, തലയ്ക്ക് തല എന്ന രീതിയില്‍ ആര്‍എസ്എസുമായി പോരടിച്ചുനിന്ന കണ്ണൂരില്‍നിന്നു തന്നെയുള്ള നേതാവാകുമ്പോള്‍.


ബിജെപിയെ സംബന്ധിച്ചിടത്തോളം അധികാരത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് അവരെന്ന് തെളിയിക്കപ്പെട്ടതാണ്. കശ്മീരില്‍ മെഹ്ബൂബ മുഫ്തിക്കൊപ്പം ചേര്‍ന്ന് അധികാരം പങ്കിട്ട ചരിത്രമാണ് അവര്‍ക്കുള്ളത്. രാജ്യത്തിന്റെ ചെങ്കോലേന്താന്‍ ഒട്ടനവധി സ്‌ഫോടനങ്ങളും കലാപങ്ങളും നടത്തിയതും നമുക്കറിയാം. ഇത്രയൊക്കെയായിട്ടും കേരളമണ്ണില്‍നിന്ന് ഒരാളെ പോലും താമരചിഹ്നത്തില്‍ പാര്‍ലമെന്റിലേക്കെത്തിക്കാന്‍ കഴിയാത്തത് ബിജെപിക്കും വലിയൊരു പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. യുപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശാഖകളുള്ള സംസ്ഥാനമായിട്ടും തങ്ങളുടെ വിദ്വേഷങ്ങളൊന്നും പരിപൂര്‍ണാര്‍ഥത്തില്‍ വിജയിക്കാത്തതില്‍ ആര്‍എസ്എസിനു കലി കൂടുതലാണ്. കിട്ടുന്ന അവസരത്തിലെല്ലാം നുണക്കഥകളിലൂടെ വിദ്വേഷം തുപ്പിയിട്ടും നിയമസഭയില്‍ ആകെയുള്ള സീറ്റും നഷ്ടപ്പെട്ട് സംപൂജ്യരാവുകയായിരുന്നല്ലോ. അവിടെയാണ്, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പയറ്റിത്തെളിഞ്ഞ ഓപറേഷന്‍ താമരയുമായി കേരളത്തിലേക്കുമെത്തിയത്. കാലം കുറച്ചായെങ്കിലും കേരളത്തിലെ പ്രബുദ്ധജനതയുടെ ബഹിഷ്‌കരണം കാരണം അത്രയ്ക്കങ്ങ് വിജയിക്കാനായിട്ടില്ല. അപ്പോഴാണ് ഇരുമുന്നണികളിലെയും നേതൃനിരയിലുള്ളവരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കൂടെക്കൂട്ടാന്‍ ശ്രമിച്ചത്. കണ്ണൂരില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിന്റെ ഭാഗമായുള്ള ചര്‍ച്ചയുടെ ഭാഗമായവരാണ്. രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ളവരുമായും ചര്‍ച്ച നടത്തിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. തുടര്‍ച്ചയായി അധികാരം ഇല്ലാതാവുന്നതു കാരണം യുഡിഎഫിലെ നേതാക്കള്‍ ബിജെപിയുമായി കൂട്ടുകൂടാന്‍ സാധ്യത കൂടുതല്‍ തന്നെയായിരുന്നു. എന്നാല്‍, സിപിഎമ്മിന്റെ സമുന്നതനായ നേതാവ് കേരളത്തിലെ ബിജെപി പ്രഭാരിയായ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നതില്‍ എല്ലാവരേക്കാളും അമര്‍ഷം ഉയരുന്നത് സിപിഎം അണികളില്‍നിന്നു തന്നെയാണ്. ദല്ലാള്‍ നന്ദകുമാര്‍ എന്ന പാപിയാണ് കൂട്ടുകച്ചവടത്തിന്റെ ഇടനിലക്കാരനെന്ന കാര്യം എല്ലാവരും ഇപ്പോള്‍ സമ്മതിച്ച മട്ടാണ്. എന്നാല്‍, സിപിഎം നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ഇപിയുടെ ചാഞ്ചാട്ടം ശോഭാ സുരേന്ദ്രന്റെയും കെ സുധാകരന്റെയും ദല്ലാള്‍ നന്ദകുമാറിന്റെയും വെളിപ്പെടുത്തലിലൂടെയാണ് അറിഞ്ഞതെന്ന് വിശ്വസിക്കാന്‍ വയ്യ. കാരണം, കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഇ പി ജയരാജനെ അറിയുന്നവര്‍ക്കെല്ലാം അറിയാം എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്ന്. കണ്ണൂരിലെ ത്രിമൂര്‍ത്തികളായ മൂന്ന് ജയരാജന്‍മാരില്‍ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും മുകളില്‍ ഇപി തന്നെയായിരുന്നു. പി ജയരാജനും എം വി ജയരാജനും എത്രയോ താഴെയാണ്. പിണറായി വിജയന്റെ വിശ്വസ്തന്‍ എന്നതു തന്നെയായിരുന്നു ഇപിയുടെ കയറ്റത്തിനു കാരണം. മാത്രമല്ല, പാര്‍ട്ടി പ്രവര്‍ത്തനത്തിനു വേണ്ടിയുള്ള ഫണ്ട് റൈസര്‍ ഇപിയാണെന്ന് അറിയാത്ത ആരുമുണ്ടാവില്ല. പാര്‍ട്ടിക്കു വേണ്ടി ഫണ്ട് പിരിച്ച് ഒടുവിലത് സ്വന്തത്തിലേക്കും കുടുംബത്തിലേക്കും വരെ നീണ്ടപ്പോള്‍ ഇ പി ജയരാജനെന്ന ഡിവൈഎഫ് ഐയുടെ ആദ്യത്തെ ദേശീയ പ്രസിഡന്റിന് പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താനായില്ല. ഒരുവേള ഇപിയുടെ വാക്കുകളിലും ആശയത്തിലും എന്തിനേറെ ജീവിത ശൈലിയില്‍ വരെ മാറ്റങ്ങളുണ്ടായി.



പാര്‍ട്ടിയെയും മുന്നണിയെയും പ്രതിസന്ധിയിലാക്കുന്ന പരാമര്‍ശങ്ങളും നടപടികളും ഇപിയുടെ ഭാഗത്തുനിന്ന് കുറച്ചധികം കാലമായി വരാന്‍ തുടങ്ങിയിട്ട്. ദേശാഭിമാനി ബോണ്ട് വിവാദം, സാന്റിയാഗോ മാര്‍ട്ടിന്‍ ചങ്ങാത്തം, ചാക്ക് രാധാകൃഷ്ണന്‍ ബന്ധം, പരിപ്പുവടയും കട്ടന്‍ചായയും, ബന്ധുനിയമനം എന്നിവയിലൂടെ കടന്ന് പാര്‍ട്ടി കോട്ടയായ ആന്തൂര്‍ നഗരസഭയിലെ വൈദേകം റിസോര്‍ട്ടില്‍ വരെ എത്തിനില്‍ക്കുകയാണ്. മേല്‍പ്പറഞ്ഞവയില്‍ ചിലതിലെല്ലാം പാര്‍ട്ടി നേതൃത്വത്തിന്റെയും സാക്ഷാല്‍ പിണറായി വിജയന്റെയും വരെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍, വൈദേകം റിസോര്‍ട്ട് വിവാദത്തില്‍ എല്ലാം ചീറ്റിപ്പോയി. കണക്കില്ലാത്ത ആസ്തികളുമായി ഇപിയുടെ ഭാര്യയും മകനും സമ്പത്ത് ഉണ്ടാക്കിയതിനെയും പാര്‍ട്ടി ഗ്രാമത്തില്‍ കുന്നിടിച്ചുണ്ടാക്കിയ റിസോര്‍ട്ടിലെ വ്യാപാര പങ്കാളിത്തത്തെയും കുറിച്ച് ആദ്യം പുറത്തുപറഞ്ഞത് മാധ്യമങ്ങള്‍ പോലുമല്ല. കണ്ണൂരിലെ ജയരാജത്രയങ്ങളില്‍പെട്ട പി ജയരാജനായിരുന്നു. സംസ്ഥാന സമിതിയില്‍ ജയരാജന്‍ വെടിപൊട്ടിച്ചതു തന്നെ ഇപിയുടെ ചാഞ്ചാട്ടം കണ്ടറിഞ്ഞിട്ടാവണം. വൈദേകത്തില്‍ ഇഡി കയറിയിറങ്ങിയപ്പോള്‍ തന്നെ ബിജെപി നേതാവും ശതകോടീശ്വരനുമായ രാജീവ് ചന്ദ്രശേഖറിന്റെ ഓഹരി പങ്കാളിത്തമുള്ള നിരാമയ ട്രസ്റ്റിന് രാത്രിക്കു രാത്രി ഷെയര്‍ വിറ്റ് തടിയൂരാന്‍ മാത്രം ഇവര്‍ തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്ന് മാലോകര്‍ക്കും മനസ്സിലായി. ഒരുപക്ഷേ, തിരിഞ്ഞുനോക്കുമ്പോള്‍ കേരളത്തില്‍ മൂന്നോ നാലോ തവണ എംഎല്‍എ മാത്രമായി ഒതുങ്ങിപ്പോയ സിപിഎം നേതാവായാണ് താന്‍ ചരിത്രത്തില്‍ ഇടംപിടിക്കുകയെന്ന് തിരിച്ചറിഞ്ഞിട്ടാവണം, തന്നേക്കാള്‍ താഴെയുള്ള എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായപ്പോള്‍ ഇപി ചൊടിച്ചത്. പാര്‍ട്ടിയ ശക്തിപ്പെടുത്താന്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നടത്തിയ ജാഥ ബഹിഷ്‌കരിക്കാന്‍ പോലും ഇ പി ധൈര്യം കാട്ടിയെങ്കില്‍ ഒന്നുകില്‍ രാഷ്ട്രീയവനവാസം അല്ലെങ്കില്‍ ബിജെപി പ്രവേശനത്തിലൂടെ ചുരുങ്ങിയതൊരു ഗവര്‍ണര്‍ പദവിയെങ്കിലും ചൂടണമെന്ന മോഹമായിരിക്കുമെന്നതില്‍ സംശയമില്ല. ഇതെല്ലാം വെളിപ്പെടുത്തപ്പെടുന്നതിനു മുമ്പേ തിരിച്ചറിഞ്ഞായിരിക്കണം സിപിഎം കുറച്ചുകാലമായി ഇ പി ജയരാജനെ അവഗണിക്കുകയാണെന്നതില്‍ തര്‍ക്കമില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന പദവി നല്‍കിയെങ്കിലും, പാര്‍ട്ടി ഇത്രയും പ്രതിസന്ധിയിലായ തിരഞ്ഞെടുപ്പില്‍ പോലും കാസര്‍കോഡ് മണ്ഡലത്തിന്റെ ചുമതല മാത്രം നല്‍കി ഒതുക്കുകയായിരുന്നു.



സുധാകരന്റെയും ദല്ലാളിന്റെയും വെളിപ്പെടുത്തലുകളെ വോട്ടെടുപ്പുദിവസംതന്നെ ഇ പി ജയരാജന്‍ സമ്മതിച്ചതോടെ പ്രതിസന്ധി അയയുകയല്ല, കടുക്കുകയാണ് ചെയ്തതെന്ന് സിപിഎമ്മിന് നന്നായി അറിയാം. അത് മനപൂര്‍വമാണോ അല്ലയോ എന്നാണ് പാര്‍ട്ടി പരിശോധിക്കുന്നത്. അണികളില്‍നിന്നുള്ള വികാരം മുന്‍കൂട്ടി കണ്ടാണ് പിണറായി വിജയന്‍ തന്നെ നേരിട്ട് ഇപിയെ പാപിയുടെ കൂട്ടാളിയായാല്‍ പാപിയാവുമെന്ന് തുറന്നടിച്ചത്. ഇ പി ജയരാജന്റെ പേരെടുത്ത് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ തന്നെ പാര്‍ട്ടി എത്തിപ്പെട്ട പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുന്നതാണ്. എന്നാല്‍, അത്തരമൊരു പരസ്യപ്രതികരണത്തിലൂടെ മാത്രം ഇപിയുണ്ടാക്കിയ പ്രതിസന്ധി മറികടക്കാനാവില്ലെന്ന് സിപിഎം സംസ്ഥാനകേന്ദ്ര നേതൃത്വത്തിനറിയാം. അതിനാല്‍തന്നെ കേന്ദ്രനേതൃത്വവും അടിയന്തരമായി ഇടപെട്ടിരിക്കുകയാണ്. എല്‍ഡിഎഫിലെ പ്രമുഖ ഘടകകക്ഷിയായ സിപി ഐയും കമ്മ്യൂണിസ്റ്റ് മൂല്യബോധത്തിന്റെ പേരില്‍ ഇപിയെ പരസ്യമായി തള്ളിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് അവലോകനത്തിനായി തിങ്കളാഴ്ച സിപിഎം സംസ്ഥാന സമിതിയും ചേരുന്നുണ്ട്. ഒരുപക്ഷേ, ആ യോഗത്തിലോ അല്ലെങ്കില്‍ കൂടിവന്നാല്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനമുണ്ടായാലോ ഇപിയുടെ സ്ഥാനം തെറിക്കാന്‍ തന്നെയാണ് സാധ്യത. കാരണം, പിണറായി പറഞ്ഞതുപോലെ പാപിക്കൊപ്പം ശിവന്‍ കൂടിയാലും ശിവനും പാപിയാവുമെന്നത് അത്രമേല്‍ ശക്തമായ താക്കീത് തന്നെയാണ്. അരോളിയെന്ന പാര്‍ട്ടി ഗ്രാമത്തില്‍നിന്ന് ഡിവൈഎഫ് ഐയുടെ പ്രഥമ ദേശീയ പ്രസിഡന്റായി ഉയര്‍ന്നുവന്ന ഇപിക്ക് ബിജെപിയുടെയും സംഘപരിവാരത്തിന്റെ കേരള ഓപറേഷനെ കുറിച്ച് അറിയാതിരിക്കാന്‍ യാതൊരു വഴിയുമില്ലെന്നുറപ്പാണ്. ഒന്നുകില്‍ സംഘപരിവാര ഹിന്ദുത്വം പിടിമുറുക്കുന്ന രാജ്യത്ത് കമ്മ്യൂണിസത്തിന് നിലനില്‍പ്പില്ലെന്ന് തിരിച്ചറിഞ്ഞതാവാം. അല്ലെങ്കില്‍ പാര്‍ട്ടിയുടെ അവഗണനയില്‍ വനവാസത്തിലേക്കു പോവേണ്ടി വന്ന മനോവിഷമത്തിലാവാം. എന്തുതന്നെയായാലും ഒരുകാലത്ത് കണ്ണൂരിലെയും കേരളത്തിലെയും സിപിഎമ്മിനെ ത്രസിപ്പിച്ച, രാഷ്ട്രീയ എതിരാളികളുടെ വെടിയുണ്ട ശരീരത്തില്‍ കൊണ്ടുനടന്ന, അഴീക്കോട്ടെ തട്ടകത്തില്‍ എം വി രാഘവനെ പോലും മുട്ടുകുത്തിച്ച ഇ പി ജയരാജന്‍ എന്ന സിപിഎം നേതാവ് എത്തിപ്പെട്ടു നില്‍ക്കുന്ന ചാണകക്കുഴിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ ആ പാപിയെ പുറത്തിടുകയല്ലാതെ സിപിഎമ്മിനു മുന്നില്‍ മാര്‍ഗമുണ്ടാവില്ല. താമസിയാതെ തന്നെ അത് സംഭവിക്കുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

Next Story

RELATED STORIES

Share it