Sub Lead

സ്ഥാനമാറ്റം; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് വിട്ടുനിന്ന് ഇ പി ജയരാജന്‍

സ്ഥാനമാറ്റം; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് വിട്ടുനിന്ന് ഇ പി ജയരാജന്‍
X

തിരുവനന്തപുരം: ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ചയുടെ പേരില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നു മാറ്റിയ കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്നു. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍നിന്നാണ് നിലവില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ ഇ പി ജയരാജന്‍ വിട്ടുനില്‍ക്കുന്നത്. ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കു മുന്നോടിയായുള്ള കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇ പിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. പിറ്റേന്ന് നടന്ന സംസ്ഥാന സമിതി യോഗം ഇത് അംഗീകരിച്ചു. നടപടി ഉറപ്പായതോടെ ഇ പി ജയരാജന്‍ സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ കണ്ണൂരിലേക്ക് മടങ്ങിയിരുന്നു.

കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറുമായി വിവദ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ ഇ പി ജയരാജന്‍ കൂടിക്കാഴ്ച നടത്തിയത് ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോളിളക്കമുണ്ടാക്കിയിരുന്നു. പിണറായി വിജയന്‍ ഉള്‍പ്പെടെ ഇ പിയെ തള്ളിപ്പറഞ്ഞെങ്കിലും കഴിഞ്ഞ ആഴ്ച ചേര്‍ന്ന യോഗമാണ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയത്. എന്നാല്‍, സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം അംഗീകരിക്കാന്‍ ഇ പി ജയരാജന്‍ തയ്യാറായിട്ടില്ല. അതേസമയം തന്നെ നടപടിയെ പരസ്യ വിമര്‍ശിക്കാനും മുതിര്‍ന്നിട്ടില്ല. ഏറെക്കാലമായി മുന്നണി യോഗങ്ങളില്‍നിന്ന് അദ്ദേഹം തന്നെ അകന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായി തന്നേക്കാള്‍ ജൂനിയറായ എം വി ഗോവിന്ദനെ തിരഞ്ഞെടുത്തതിലും ഇ പി ക്ക് അമര്‍ഷമുണ്ടായിരുന്നു. സംസ്ഥാന സമിതി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനും ഇ പി കൃത്യമായ മറുപടി നല്‍കിയിട്ടില്ല. താന്‍ ആത്മകഥ എഴുതുന്നുണ്ടെന്നും സമകാലിക രാഷ്ട്രീയത്തെ കുറിച്ച് അതില്‍ വിശദമായി പറയുമെന്നുമാണ് പ്രതികരണം. ആത്മകഥ അവസാനഘട്ടത്തിലാണ്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയും തുടര്‍സംഭവങ്ങളുമെല്ലാം ആത്മകഥയില്‍ തുറന്നെഴുതുമെന്നും ജയരാജന്‍ പറഞ്ഞിട്ടുണ്ട്.

Next Story

RELATED STORIES

Share it