Sub Lead

ഈസ്റ്റര്‍ ദിന സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ചാര സംഘടന? അന്വേഷണത്തിന് ഉത്തരവിട്ട് ശ്രീലങ്കന്‍ പ്രസിഡന്റ്

പ്രാഥമിക ആക്രമണത്തില്‍നിന്നു പിന്‍മാറുകയും പിന്നീട് സ്വയം പൊട്ടിത്തെറിക്കുകയും ചെയ്ത അക്രമിയോട് ചാര സംഘടനയിലെ അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് നിരവധി ദൃക്‌സാക്ഷികള്‍ അന്വേഷണ കമ്മീഷന് മുമ്പില്‍ മൊഴി നല്‍കിയിരുന്നു.

ഈസ്റ്റര്‍ ദിന സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ചാര സംഘടന? അന്വേഷണത്തിന് ഉത്തരവിട്ട് ശ്രീലങ്കന്‍ പ്രസിഡന്റ്
X

കൊളംബോ: 2019ലെ ഈസ്റ്റര്‍ ദിനത്തില്‍ 260ല്‍ അധികം പേരുടെ മരണത്തിനിടയാക്കിയ ശ്രീലങ്കന്‍ ചര്‍ച്ചുകളിലേയും ടൂറിസ്റ്റ് ഹോട്ടലുകളിലേയും സ്‌ഫോടനങ്ങള്‍ ശ്രീലങ്കന്‍ ചാര സംഘടനയുടെ അറിവോടെയായിരുന്നുവെന്ന ആരോപണങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ.

രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളിലെ ചിലര്‍ക്ക് ബോംബാക്രമണം നടത്തിവരെക്കുറിച്ച് അറിയാമെന്നും അവരെ സന്ദര്‍ശിച്ചിരുന്നുവെന്നുമുള്ള റിപോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പ്രസിഡന്റ് ഇതു സംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടത്.

ബോംബാക്രമണം സര്‍ക്കാര്‍ കൈകാര്യം ചെയ്തതിലെ വീഴ്ചയില്‍ ആശങ്ക അറിയിച്ചും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും അക്രമി സംഘവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും ശ്രീലങ്കയിലെ കത്തോലിക്കാ സഭ ചൊവ്വാഴ്ച പ്രസിഡന്റിന് കത്തയച്ചിരുന്നു.

സായുധ സംഘടനയായ ഐഎസിനോട് കൂറു പ്രഖ്യാപിച്ച രണ്ട് പ്രാദേശിക മുസ്‌ലിം ഗ്രൂപ്പുകളാണ് പള്ളികള്‍ക്കും പ്രമുഖ ടൂറിസ്റ്റ് ഹോട്ടലുകള്‍ക്കുമെതിരെ ആക്രമണം നടത്തിയതെന്നായിരുന്നു അന്വേഷണ സംഘം അവകാശപ്പെട്ടിരുന്നത്.പ്രസിഡന്‍ഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടിലെ നിര്‍ദേശങ്ങളില്‍ അലംഭാവം കാണിച്ച മുന്‍ പ്രസിഡന്റ് മൈതിരിപാല ശിരിസേനയ്‌ക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും കൊളംബോ അതിരൂപത കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ബിഷപ്പുമാരും പുരോഹിതന്മാരും അടങ്ങുന്ന നാഷണല്‍ കാത്തലിക്ക് കമ്മിറ്റി ഫോര്‍ ജസ്റ്റിസ് ഈസ്റ്റര്‍ സണ്‍ഡേ അറ്റാക്ക് വികിംസ് പ്രസിഡന്റിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ആക്രമണത്തിന് സാധ്യതയുണ്ടെന്ന വിദേശ രഹസ്യാന്വേഷണ മുന്നറിയിപ്പുകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാത്തതിന്റെ പേരില്‍ സിരിസേനയുടെ സര്‍ക്കാര്‍ കടുത്ത വിമര്‍ശനത്തിന് വിധേയമായിരുന്നു.

കമ്മീഷന്റെ കണ്ടെത്തലുകളെല്ലാം അതാത് കേന്ദ്രങ്ങള്‍ക്ക് കൈമാറിയതായി മാധ്യമ മന്ത്രി കെഹെലിയ റംബുക്വെല്ല ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. 'പ്രസിഡന്റിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യം അവ ബന്ധപ്പെട്ട അധികാരികളിലേക്ക് റഫര്‍ ചെയ്യുകയാണ്,തുടര്‍നടപടികള്‍ക്കായി പ്രസിഡന്റ് ബന്ധപ്പെട്ട അധികാരികള്‍ക്ക് അയച്ചതായി റംബുക്വെല്ല പറഞ്ഞു.

'ഇസ്ലാമിക തീവ്രവാദ' ത്തോടുള്ള മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ മൃദുസമീപനമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന കമ്മീഷന്‍ കണ്ടെത്തലും അന്വേഷണ വിധേയമാക്കണമെന്ന് കത്തോലിക്കാ ചര്‍ച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണ കമ്മീഷന്‍ പേരെടുത്തുപറഞ്ഞ 11 പോലിസ് ഉദ്യോഗസ്ഥര്‍, അറ്റോര്‍ണി ജനറല്‍ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍, രണ്ട് രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്കെതിരേ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കത്തില്‍ ആരോപിക്കുന്നു.

പ്രാഥമിക ആക്രമണത്തില്‍നിന്നു പിന്‍മാറുകയും പിന്നീട് സ്വയം പൊട്ടിത്തെറിക്കുകയും ചെയ്ത ആളോട് ചാര സംഘടനയിലെ അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് നിരവധി ദൃക്‌സാക്ഷികള്‍ അന്വേഷണ കമ്മീഷന് മുമ്പില്‍ മൊഴി നല്‍കിയിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് പോലിസ് കസ്റ്റഡിയിലുണ്ടായിരുന്ന ചാരസംഘടനയിലെ അംഗങ്ങളെ പിന്നീട് മോചിപ്പിച്ചതായും കത്തില്‍ ആരോപിക്കുന്നു.

പ്രസിഡന്‍ഷ്യല്‍ കമ്മീഷന്‍ റിപോര്‍ട്ട് ഇതുവരെ പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടില്ല. പാര്‍ലമെന്റ് സാമാജികര്‍ക്കായി റിപോര്‍ട്ടിന്റെ ഒരു പകര്‍പ്പ് നല്‍കുകയും വിചാരണ നടപടികള്‍ക്കായി റിപ്പോര്‍ട്ട് മുഴുവന്‍ അറ്റോര്‍ണി ജനറലിന്റെ ഡിപാര്‍ട്ട്‌മെന്റിന് കൈമാറുകയും ചെയ്തിരിക്കുകയാണ്.

Next Story

RELATED STORIES

Share it