Sub Lead

രാഷ്ട്രീയ യജമാനന്മാരുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നത് ഇഡി അവസാനിപ്പിക്കണം; കേരളത്തിലെ റെയ്ഡുകള്‍ അപലപനീയമെന്ന് ഒഎംഎ സലാം

രാഷ്ട്രീയ യജമാനന്മാരുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നത് ഇഡി അവസാനിപ്പിക്കണം;  കേരളത്തിലെ റെയ്ഡുകള്‍ അപലപനീയമെന്ന് ഒഎംഎ സലാം
X

കോഴിക്കോട്: രാഷ്ട്രീയ യജമാനന്മാരുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അവസാനിപ്പിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ ചെയര്‍മാന്‍ ഒഎംഎ സലാം. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന റെയ്ഡുകള്‍ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ചെയര്‍മാന്റെ പ്രതികരണം.

'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇഡി അന്വേഷണങ്ങളുമായി പോപ്പുലര്‍ ഫ്രണ്ട് സഹകരിക്കുന്നുണ്ട്. ഒന്നും കണ്ടെത്തിയിട്ടില്ല. എന്നിട്ടും ഇഡി ഞങ്ങളുടെ പ്രവര്‍ത്തകരേയും അഭ്യുദയകാംക്ഷികളെയും ഏകപക്ഷീയമായ റെയ്ഡുകളിലൂടെ ഉപദ്രവിക്കുന്നത് തുടരുകയാണ്. കേരളത്തില്‍ ഇന്ന് നടന്ന റെയ്ഡുകളെ അപലപിക്കുന്നു. രാഷ്ട്രീയ യജമാനന്മാരുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്നത് ഇഡി അവസാനിപ്പിക്കണം'. ഒഎംഎ സലാം ആവശ്യപ്പെട്ടു.

നിയമപരമായും ജനാധിപത്യപരമായും പ്രവര്‍ത്തിക്കുന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് പ്രതിഷേധാര്‍ഹമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. ഫാഷിസ്റ്റ് സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ജനകീയ മുന്നേറ്റത്തെ വേട്ടയാടാനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന സംഘടനയെ ലക്ഷ്യമിടുന്നത്. റെയ്ഡ് നടത്തി ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പോപുലര്‍ ഫ്രണ്ട് വഴങ്ങില്ല. ഇത്തരം നീക്കങ്ങളെ ജനകീയമായും ജനാധിപത്യപരമായും നിയമപരമായും നേരിടും.

ഇഡി നടത്തിയിട്ടുള്ള എല്ലാ അന്വേഷണങ്ങളോടും പോപുലര്‍ ഫ്രണ്ട് സഹകരിച്ചിട്ടുണ്ട്. ഏതെങ്കിലും നിലക്കുള്ള സാമ്പത്തിക ക്രമക്കേട് കണ്ടെത്താനോ നിയമവിരുദ്ധമായ ഇടപാടുകള്‍ കണ്ടെത്താനോ ഇഡിക്ക് ആയിട്ടില്ല. എന്നിരിക്കെയാണ് സംഘടനക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് റെയ്ഡ് പ്രഹസനം നടത്തി സംഘടനയെ ഭീകരവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത്. കള്ളപ്പണത്തിന്റെയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഉറവിടം സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ആണെന്നിരിക്കെയാണ് അത് അന്വേഷിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാതെയാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തുന്നത്.

രാഷ്ട്രീയ എതിരാളികള്‍ക്കും സര്‍ക്കാരിനോട് വിയോജിക്കുന്നവര്‍ക്കും നേരെ കേന്ദ്ര ഏജന്‍സികളെ ആയുധമാക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ സ്വേച്ഛാധിപത്യസ്വഭാവത്തിന് മറ്റൊരു തെളിവ് കൂടിയാണിതെന്നും അബ്ദുല്‍ സത്താര്‍ പറഞ്ഞു.

റെയ്ഡ് നടന്ന സ്ഥലങ്ങളില്‍ നാട്ടുകാരുടേയും പ്രവര്‍ത്തകരുടേയും നേതൃത്വത്തിലും പ്രതിഷേധം അരങ്ങേറി. നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

Next Story

RELATED STORIES

Share it