Sub Lead

ഇലക്ടറല്‍ ബോണ്ട് ഭരണഘടനാവിരുദ്ധം; റദ്ദാക്കണമെന്ന് സുപ്രിംകോടതി, കേന്ദ്രത്തിന് കനത്ത തിരിച്ചടി

ഇലക്ടറല്‍ ബോണ്ട് ഭരണഘടനാവിരുദ്ധം; റദ്ദാക്കണമെന്ന് സുപ്രിംകോടതി, കേന്ദ്രത്തിന് കനത്ത തിരിച്ചടി
X

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ മോദിസര്‍ക്കാര്‍ കൊണ്ടുവന്ന തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിക്ക് സുപ്രിംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. ഇലക്ടറല്‍ ബോണ്ട് ഭരണാഘടനാ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്വീകരിക്കുന്ന സംഭാവനകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും വിധിയില്‍ വ്യക്തമാക്കി. പദ്ധതിയുടെ സുതാര്യതയും നിയമസാധുതയും പരിശോധിച്ച് വിധി പറഞ്ഞത്. അംഗീകൃത ബാങ്കില്‍നിന്ന് തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്‍കാമെന്നതാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി. ലഭിക്കുന്ന ബോണ്ടുകള്‍ 15 ദിവസത്തിനകം പാര്‍ട്ടികള്‍ക്ക് പണമാക്കി മാറ്റാം. സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമാണെന്നതാണ് ഇലക്ടറല്‍ ബോണ്ടിന്റെ പ്രത്യേകത. ഇതിനെതിരേയാണ് നിയമയുദ്ധം നടന്നത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭാവന പണമായി നല്‍കുന്ന പഴയരീതിയിലേക്ക് തിരിച്ചുപോവേണ്ടതില്ലെന്നും എന്നാല്‍, തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയിലെ ഗൗരവകരമായ പിഴവുകള്‍ പരിഹരിക്കണമെന്നും നേരത്തേ സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, കോമണ്‍ കോസ് തുടങ്ങിയ സംഘടനകളാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതിക്കെതിരേ ഹരജി നല്‍കിയത്. ബോണ്ടുകള്‍വഴി സംഭാവന നല്‍കുന്നവര്‍ ആരെന്ന് സ്വീകരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിക്ക് അറിയാനാവും. അതേസമയം, മറ്റു പാര്‍ട്ടികള്‍ക്ക് അറിയാനാവില്ല. ഈ രഹസ്യാത്മകതയാണ് ദാതാക്കള്‍ ഉദ്ദേശിക്കുന്നതെന്നും പ്രായോഗികത കണക്കിലെടുത്താണ് പദ്ധതി ആവിഷ്‌കരിച്ചതെന്നും കേന്ദ്രം വാദിച്ചിരുന്നു. 2018 മുതലാണ് ഇലക്ടറല്‍ ബോണ്ടുകള്‍ നല്‍കിത്തുടങ്ങിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ഏറെ നിര്‍ണായകമാവും.

Next Story

RELATED STORIES

Share it