Sub Lead

ചെമ്പരിക്ക ഖാസിയുടെ മരണത്തിന് ദുരൂഹതകളുടെ പതിനൊന്ന് വര്‍ഷം

ചെമ്പരിക്ക ഖാസിയുടെ മരണത്തിന് ദുരൂഹതകളുടെ പതിനൊന്ന് വര്‍ഷം
X

പിസി അബ്ദുല്ല

കോഴിക്കോട്: സമസ്ത കേരള ജംയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും ചെമ്പരിക്ക മംഗലാപുരം ഖാസിയും പണ്ഡിതനും ഗോള ശാസ്ത്രജ്ഞനുമായ സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിന് പതിനൊന്നാണ്ട്. 2010 ഫെബ്രുവരി 15നാണ് ഇ കെ വിഭാഗം സമസ്ത വൈസ് പ്രസിഡന്റും ചെമ്പരിക്ക ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയെ വീടിനു സമീപം ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൗലവിയുടേത് കൊലപാതകമാണെന്ന ആരോപണത്തില്‍ കുടുംബവും നാട്ടുകാരും ഉറച്ചു നില്‍കുന്നു. എന്നാല്‍, ഖാസിയുടെ ശരീരത്തിലോ താമസിച്ചിരുന്ന വീട്ടിലോ കൊലപാതകത്തിന്റെ തെളിവു കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് സി ബി ഐ അടക്കമുള്ള അന്വേഷണ ഏജന്‍സികളുടെ വിശദീകരണം. ലോക്കല്‍ പോലിസ് അന്വേഷണത്തിനെതിരായ പരാതികളെ തുടര്‍ന്ന് സിബിഐ ഏറ്റെടുത്ത കേസില്‍ പുരോഗതിയൊന്നുമുണ്ടായില്ല. 2017 ജനുവരിയില്‍ ആദ്യ അന്വേഷണം സിബിഐ അവസാനിപ്പിച്ചു.

ഉത്തര മലബാറിലെ വിദ്യാഭ്യാസ രംഗത്ത് നിസ്ഥുലമായ സംഭാവനകള്‍ അര്‍പ്പിച്ച മഹാനായിരുന്നു അദ്ദേഹം. 1971 ല്‍ ജാമിഅ സഅദിയ്യക്ക് തുടക്കം കുറിച്ചു. 1993 ല്‍ ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് അദ്ദേഹം മുന്‍കൈയ്യെടുത്ത് സ്ഥാപിതമാക്കി. നിരവധി മഹല്ലുകളില്‍ ഖാളിയായി സേവനമനുഷ്ഠിച്ചു.

ഖാസിയുടെ മരണത്തില്‍ പോലിസിന്റെ ഇടപെടല്‍ ആദ്യം മുതലേ സംശയം ജനിപ്പിച്ചു. സ്ഥലം എസ് ഐ സംഭവസ്ഥലത്ത് എത്തുന്നതിനേക്കള്‍ മുമ്പ് ഒരു ഡിവൈഎസ്പി കുതിച്ചെത്തിയത് അന്വേഷണം അട്ടിമറിക്കാനായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സിബിഐ യുടെ ആദ്യ ഘട്ട അന്വേഷണം പ്രതീക്ഷകള്‍ നല്‍കിയിരുന്നു. കേസിന് വഴിത്തിരിവാകുമെന്ന് പൊതുസമൂഹം വിശ്വസിച്ചു.

മുകളില്‍ നിന്ന് ഉത്തരവ് ലഭിച്ചാല്‍ പ്രതികളെ പിടി കൂടുമെന്ന് ഒരു സിബിഐ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു. പ്രതികളെന്ന് സംശയിച്ച ചിലരെ പോളിഗ്രാഫ് ടെസ്റ്റ് നടത്തുന്നതിനിടെ ആ ഉദ്യോഗസ്ഥനെ പൊടുന്നനെ സ്ഥലം മാറ്റി. തുടര്‍ന്ന് മറ്റൊരു യുഡിഎഫ് നേതാവിന്റെ ബന്ധുവായ ഒരുദ്യോഗസ്ഥനായിരുന്നു അന്വേഷണ ചുമതല. ഈ ഘട്ടത്തില്‍ ഖാസിയുടേത് ആത്മഹത്യയെന്ന് സിബിഐ കണ്ടെത്തിയതായി വാര്‍ത്തകള്‍ പ്രചരിച്ചു. ഇതിനെതിരേ മകന്‍ ഷാഫി മനോരമയടക്കമുള്ള പത്രങ്ങള്‍ക്ക് വക്കീല്‍നോട്ടീസ് അയച്ചു. മകന്‍ ഹൈക്കോടതിയെ സമീപിച്ചു.

ഹൈക്കോടതി സിബിഐയെ രൂക്ഷമായി വിമര്‍ശിച്ചു. പെട്ടെന്ന് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവിട്ടു. പി.കമാല്‍പാഷ അധ്യക്ഷനായ ബെഞ്ച് കേസ് വിചാരണക്കോടതിക്ക് വിട്ടു. സിജെഎം കോടതി സിബിഐയുടെ ആത്മഹത്യാ റിപോര്‍ട്ട് തള്ളി പുതിയ ടീമിനെ കൊണ്ട് ശാസ്ത്രീയ അന്വേഷണമടക്കം നടത്തണമെന്ന് വിധിച്ചു. പിന്നീട് രണ്ടു സിബിഐ സംഘങ്ങള്‍ കൂടി കേസ് അന്വേഷിച്ചെങ്കിലും ദുരൂഹതകള്‍ നീങ്ങിയില്ല.

അതേസമയം,സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം കൊലപാതകം തന്നെയാണെന്നും പിന്നില്‍ ഉന്നതരുടെ കരങ്ങളുണ്ടെന്നുമുള്ള ജനകീയ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് അടുത്തിടെ പുറത്തു വന്നിരുന്നു. പിയുസിഎല്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി എ പൗരന്‍, മനുഷ്യാവകാശ പ്രവര്‍ത്തക അഡ്വ. എല്‍സി ജോര്‍ജ്ജ്, സാമൂഹിക പ്രവര്‍ത്തകന്‍ അഡ്വ. ടി വി രാജേന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്നു നടത്തിയ ജനകീയ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടിലാണ് പോലിസിനും സിബിഐയ്ക്കുമെതിരേ തെളിവുകള്‍ നിരത്തുന്നത്. അന്വേഷണം ആദ്യംതന്നെ അട്ടിമറിച്ചെന്ന് ആരോപണമുയര്‍ന്ന അന്നത്തെ ഡിവൈഎസ് പി ഹബീബ് റഹ്മാനെതിരേ വകുപ്പുതല അന്വേഷണം വേണമെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.ഖാസിയുമായി അടുത്ത ബന്ധമുള്ളവരെ വിദഗ്ധ സംഘം ചോദ്യം ചെയ്താല്‍ തന്നെ കേസ് തെളിയും. സി എം അബ്ദുല്ല മൗലവിയുടെ സന്തത സഹചാരിയായിരുന്ന െ്രെഡവര്‍ ഹുസയ്‌നെയും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയെ കുറിച്ചും വിദഗ്ധ സംഘം ചോദ്യം ചെയ്താല്‍ കൊലപാതകികള്‍ ആരെന്ന് കണ്ടെത്താനാവുമെന്നും റിപോര്‍ട്ടിലുണ്ട്. ഖാസിയുടെ മരുമകന്‍ അബ്ദുല്‍ ഖാദര്‍, ഡിവൈഎസ്പി ഹബീബ് റഹ്മാന്‍, ബന്ധുവും എംഐസിയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചിരുന്നാളുമായ കോണ്‍ട്രാക്റ്റര്‍ പട്ടുവം മൊയ്തീന്‍കുട്ടി ഹാജി, സമസ്ത നേതാവ് യു എം അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍ എന്നിവരെയും വിശദമായി ചോദ്യം ചെയ്യണമെന്നും റിപോര്‍ട്ട് പറയുന്നു.

Next Story

RELATED STORIES

Share it