Sub Lead

ലോകസമ്പന്നരില്‍ ഒന്നാമന്‍ ഇലോണ്‍ മസ്‌ക്; ഇന്ത്യയില്‍ മുകേഷ് അംബാനി, പട്ടികയിലെ ഏക മലയാളിയായി യൂസഫലി

ലോകസമ്പന്നരില്‍ ഒന്നാമന്‍ ഇലോണ്‍ മസ്‌ക്; ഇന്ത്യയില്‍ മുകേഷ് അംബാനി, പട്ടികയിലെ ഏക മലയാളിയായി യൂസഫലി
X

ദുബയ്: ലോകത്തെ ഏറ്റവും വലിയ സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധീകരിച്ച് ബ്ലൂംബെര്‍ഗ്. സ്‌പേസ് എക്‌സ്, ടെസ് ല, എക്‌സ് മേധാവി ഇലോണ്‍ മസ്‌കാണ് ലോകസമ്പന്നന്‍. 263 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് മസ്‌കിനുള്ളത്. 6.73 ബില്യണ്‍ ഡോളറിന്റെ വര്‍ധനവ് ഇക്കാലയളവില്‍ മസ്‌കിനുണ്ടായി. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ പിന്തള്ളി മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് രണ്ടാം സ്ഥാനത്തേക്കെത്തി. 451 കോടി ഡോളറിന്റെ മുന്നേറ്റത്തോടെ 211 ബില്യണ്‍ ഡോളറിന്റെ ആസ്തിയോടെയാണ് സക്കര്‍ബര്‍ഗ് രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. മൂന്നാം സ്ഥാനത്തുള്ള ജെഫ് ബെസോസിന് 209 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണുള്ളത്. ഫ്രഞ്ച് ആഡംബര ഫാഷന്‍ ബ്രാന്‍ഡായ എല്‍വിഎംഎച്ചിന്റെ മേധാവി ബെര്‍ണാഡ് അര്‍ണോയാണ് നാലാംസ്ഥാനത്ത്. 193 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ബെര്‍ണാഡിനുള്ളത്. ആദ്യ നൂറ് പേരുടെ പട്ടികയില്‍ 59 പേരും യുഎസ്, ഇന്ത്യ, ചൈന രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ലോകത്തെ നൂറ് സമ്പന്നരില്‍ യുഎസ്സില്‍ നിന്ന് 35 പേരും ഇന്ത്യ ചൈന രാജ്യങ്ങളില്‍ നിന്ന് 12 പേര്‍ വീതവും ഇടം പിടിച്ചു.

മുകേഷ് അംബാനിയാണ് ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ മുന്നിലുള്ളത്. 105 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ പതിന്നാലാം സ്ഥാനത്താണ് മുകേഷ് അംബാനി. 99.5 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ പതിനെട്ടാം സ്ഥാനത്തുള്ള ഗൗതം അദാനിയാണ് രണ്ടാമത്. ബ്ലൂംബെര്‍ഗ് പട്ടികയില്‍ ഇടം പിടിച്ച ഒരേയൊരു മലയാളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ്. 6.45 ബില്യണ്‍ ഡോളറിന്റെ ആസ്തിയോടെ 487ആം സ്ഥാനത്ത് എം.എ യൂസഫലിയുണ്ട്. 500 പേരുടെ പട്ടികയില്‍ മറ്റ് മലയാളികളാരും ഇടംപിടിച്ചിട്ടില്ല.

41 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ 37ആമതും ടാറ്റാ സണ്‍സ് മേധാവിമാരില്‍ ഒരാളായ ഷാപൂര്‍ മിസ്ത്രി 38ആമതായും പട്ടികയിലുണ്ട്. ജിന്‍ഡാല്‍ ഗ്രൂപ്പ് മേധാവി സവിത്രി ജിന്‍ഡാലാണ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ വനിത. 35.4 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള സാവിത്രി ജിന്‍ഡാല്‍ 49ആം സ്ഥാനത്താണ്. 31 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥാപകന്‍ ദിലീപ് ഷാംഗ്വി 61ആം സ്ഥാനത്തുണ്ട്. വിപ്രോ സ്ഥാപകന്‍ അസീം പ്രേംജി ( 29.4 ബില്യണ്‍ ഡോളര്‍), ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ ( 25.5 ബില്യണ്‍ ഡോളര്‍), ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ ബിര്‍ള ( 22.9 ബില്യണ്‍ ഡോളര്‍), അവന്യൂ സൂപ്പര്‍മാര്‍ക്കറ്റ്‌സ് മേധാവി രാധാകൃഷ്ണന്‍ ധമാനി (22.2 ബില്യണ്‍ ഡോളര്‍) എന്നിവരാണ് ബ്ലൂംബെര്‍ഗ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാര്‍.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു നാല് പേരാണ് പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. ഇതില്‍ മൂന്ന് പേരും സൗദിയില്‍ നിന്നാണ്. സൗദി അറേബ്യയില്‍ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരനാണ് പട്ടികയിലെ അതിസമ്പന്നനായ അറബ് പൗരന്‍. 17.4 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ 123 സ്ഥാനത്താണ് തലാല്‍. തൊട്ട് പിറകെ 11.7 ബില്യണ്‍ ഡോളറുമായി സുലൈമാന്‍ അല്‍ ഹബീബ്, 9.22 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി മുഹമ്മദ് അല്‍ അമൗദി എന്നിവരാണ് സൗദിയില്‍ നിന്നു പട്ടികയില്‍ ഇടം പിടിച്ചവര്‍. യുഎഇയില്‍ നിന്നുള്ള അബ്ദുല്ല ബിന്‍ അല്‍ ഗുരൈറാണ് പട്ടികയിലെ പ്രമുഖനായ മറ്റൊരു വ്യവസായി. ആഗോള തലത്തില്‍ 298 സ്ഥാനത്തോടെ 9.28 ബില്യണ്‍ ഡോളറാണ് അല്‍ ഗുരൈറിന്റെ ആസ്തി.

Next Story

RELATED STORIES

Share it