Sub Lead

നിയമവിരുദ്ധ നടപടികളിലൂടെ പൗരത്വ നിയമം നടപ്പാക്കുന്നു; സുപ്രിംകോടതിയെ സമീപിക്കും- ഇ ടി മുഹമ്മദ് ബഷീര്‍ എംപി

ഇന്ത്യയിലാകെ ആളിപ്പടര്‍ന്ന പ്രക്ഷോഭസമരങ്ങള്‍ കാരണം മരവിപ്പിച്ചുനിര്‍ത്തേണ്ടിവന്ന പൗരത്വ നിയമമാണിപ്പോള്‍ മഹാമാരിയുടെ മറവില്‍ പുറത്തെടുത്തിട്ടുള്ളത്.

നിയമവിരുദ്ധ നടപടികളിലൂടെ പൗരത്വ നിയമം നടപ്പാക്കുന്നു; സുപ്രിംകോടതിയെ സമീപിക്കും- ഇ ടി മുഹമ്മദ് ബഷീര്‍ എംപി
X

മലപ്പുറം: പൗരത്വ നിയമം നടപ്പാക്കാന്‍ നിയമവിരുദ്ധവും വഴിവിട്ടതുമായ നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി. മതാടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സര്‍ക്കാരിന്റെ ഈ നടപടിയെ മുസ്‌ലിം ലീഗ് പാര്‍ലമെന്റിലും ശക്തമായി എതിര്‍ത്തിരുന്നു. ഈ നിയമത്തിനെതിരേ ആദ്യം നിയമനടപടിയുമായി മുന്നോട്ടുവന്ന പാര്‍ട്ടിയെന്ന നിലയില്‍ മുസ്‌ലിം ലീഗ് സുപ്രിംകോടതിയില്‍ കൊടുത്തിട്ടുള്ള കേസുകളോടൊപ്പംതന്നെ ഈ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി വീണ്ടും സുപ്രിംകോടതിയെ സമീപിക്കാന്‍ നിയമസംഘത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇ ടി പറഞ്ഞു.

ഇന്ത്യയിലാകെ ആളിപ്പടര്‍ന്ന പ്രക്ഷോഭസമരങ്ങള്‍ കാരണം മരവിപ്പിച്ചുനിര്‍ത്തേണ്ടിവന്ന പൗരത്വ നിയമമാണിപ്പോള്‍ മഹാമാരിയുടെ മറവില്‍ പുറത്തെടുത്തിട്ടുള്ളത്. അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഹിന്ദു, ബുദ്ധ, പാഴ്‌സി, ക്രൈസ്തവ, ജൈന, സിഖ് മതക്കാര്‍ക്ക് പൗരത്വം നല്‍കാനാണിപ്പോള്‍ നീക്കം. ഗുജറാത്ത്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ഏതാനും ജില്ലകളെയാണിപ്പോ പരീക്ഷണാര്‍ഥം തിരഞ്ഞെടുത്തിരിക്കുന്നത്.

കലക്ടര്‍മാരെയും ഈ സംസ്ഥാനങ്ങളിലെ ബാക്കി ജില്ലകളില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെയും പൗരത്വ അപേക്ഷകള്‍ സ്വീകരിച്ച് നടപടികള്‍ സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുസ്‌ലിംകള്‍ ഒഴികെയുള്ള മറ്റു മതവിഭാഗങ്ങള്‍ക്കാണ് ഇപ്രകാരം പൗരത്വം ലഭിക്കുക. 2019ല്‍ പാര്‍ലിമെന്റ് പാസാക്കിയ നിയമത്തിന്റെ ചട്ടങ്ങള്‍ പോലും കഴിഞ്ഞ 19 മാസമായിട്ടും നിര്‍മിക്കാനായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ പല സംസ്ഥാന സര്‍ക്കാരുകളും ശക്തമായി പ്രതിഷേധിച്ചിട്ടുണ്ടെന്നും ഇ ടി മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it