Sub Lead

ഗവര്‍ണര്‍ക്ക് എന്തോ വലിയ തകരാര്‍ പറ്റി; പദവിയുടെ നിലവാരം കളഞ്ഞു: ഇ പി ജയരാജന്‍

ലോകപ്രശസ്തനായ ചരിത്രകാരനാണ് ഇര്‍ഫാന്‍ ഹബീബ്. അദ്ദേഹത്തെ ഗവര്‍ണര്‍ വിളിച്ചത് തെരുവുതെണ്ടിയെന്നാണ്. ഇതേ വാക്ക് ഗവര്‍ണറെ ആരെങ്കിലും വിളിച്ചാലോ?. അദ്ദേഹമത് ആലോചിക്കണം.

ഗവര്‍ണര്‍ക്ക് എന്തോ വലിയ തകരാര്‍ പറ്റി; പദവിയുടെ നിലവാരം കളഞ്ഞു: ഇ പി ജയരാജന്‍
X

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സമനില തെറ്റിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. അദ്ദേഹം ഉപയോഗിക്കുന്നത് മോശം ഭാഷയാണെന്നും ജയരാജന്‍ പറഞ്ഞു. രൂക്ഷവിമർശനമാണ് ​ഗവർണർക്കെതിരേ ഇ പി ജയരാജൻ നടത്തിയിരിക്കുന്നത്.

ലോകപ്രശസ്തനായ ചരിത്രകാരനാണ് ഇര്‍ഫാന്‍ ഹബീബ്. അദ്ദേഹത്തെ ഗവര്‍ണര്‍ വിളിച്ചത് തെരുവുതെണ്ടിയെന്നാണ്. ഇതേ വാക്ക് ഗവര്‍ണറെ ആരെങ്കിലും വിളിച്ചാലോ?. അദ്ദേഹമത് ആലോചിക്കണം. ഡോ. ഗോപിനാഥ് ഇന്ത്യയിലെ ഏറ്റവും വലിയ സര്‍വകലാശാലയിലെ ചരിത്ര വിഭാഗത്തിന്റെ തലവനാണ്. ലണ്ടന്‍ സാമ്പത്തിക ശാസ്ത്ര യൂനിവേഴ്‌സിറ്റിയിലെ വിസിറ്റിങ് പ്രഫസറാണ്. അത്തരത്തിലുള്ള ഗോപിനാഥിനെ കുറിച്ച് എത്രമാത്രം നിലവാരമില്ലാത്ത വാക്കുകളാണ് അദ്ദേഹം ഉപയോഗിച്ചത് ജയരാജന്‍ ചോദിച്ചു.

ഉപയോഗിച്ച വാക്കുകളെ കുറിച്ച് അദ്ദേഹത്തിന് ബോധമുണ്ടോ?. ഗവര്‍ണര്‍ സ്ഥാനത്തെ കുറിച്ച് വല്ല ബോധവുമുണ്ടോ?. ഉപയോഗിച്ച പദങ്ങളെ കുറിച്ച് അദ്ദേഹം ചിന്തിക്കണം. ആ സ്ഥാനത്തിന്റെ നിലവാരം അദ്ദേഹം ഇടിച്ചുകളഞ്ഞതായും ജയരാജന്‍ പറഞ്ഞു. ഒരു സാധാരണക്കാരന്‍ ഉപയോഗിക്കാന്‍ പോലും പാടില്ലാത്ത ഗുണ്ട, തെരുവുഗുണ്ട, കീടങ്ങള്‍ അങ്ങനെ എന്തെല്ലാം പദങ്ങളാണ് ഉപയോഗിച്ചത്. 2019ലെ ചരിത്ര കോണ്‍ഗ്രസില്‍ നടന്ന സംഭവത്തെ പറ്റിയാണ് ഇന്ന് പറയുന്നത്. അതിന്റെ പേരിലാണ് ഇര്‍ഫാന്‍ ഹബീബിനെ തെരുവുഗുണ്ടയെന്ന് വിളിക്കുന്നത്. അദ്ദേഹത്തിന് പരാതിയുണ്ടെങ്കില്‍ അന്നല്ലേ പറയേണ്ടത്. പ്രതീക്ഷിച്ച ഏതോ കാര്യം സാധിക്കാതെ വന്നതില്‍ അദ്ദേഹം നിരാശനാണ്. ആ നിരാശ അദ്ദേഹത്തിന്റെ സമനില തെറ്റിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഒരുതരത്തിലും അത്തരത്തിലുള്ള പദങ്ങള്‍ പ്രയോഗിക്കില്ലെന്നും ജയരാജന്‍ പറഞ്ഞു.

ഒരു ഗവര്‍ണര്‍ക്ക് അദ്ദേഹം ഭരണനിര്‍വഹണം നടത്തുന്ന സര്‍വകലാശാലകളില്‍ എന്തെങ്കിലും നിയമങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വ്യത്യസ്തമായി വന്നാല്‍ നിയമപരമായ നടപടി സ്വീകരിക്കാം. ഇതൊന്നും ചെയ്യാതെ അദ്ദേഹം ക്ഷുഭിതനായതില്‍ എന്തോ സംഭവിച്ചിട്ടുണ്ട്. അദ്ദേഹം തെറ്റുതിരുത്തണം. ഗവര്‍ണറെ പോലെയുള്ള ഒരാള്‍ ഇത്തരം പദം ഉപയോഗിച്ചാല്‍ കേരളത്തിന്റെ സംസ്‌കാരം എന്താകും. കേരളം ഉന്നത സംസ്‌കാരമുള്ള നാടാണ്. അദ്ദേഹം ഈ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും ജയരാജന്‍ പറഞ്ഞു.

പക്വതയ്ക്കും പാകതയ്ക്കും പ്രായമുള്ള ഒരു മനുഷ്യന്‍ എങ്ങനെയാണ് നിലവാരമില്ലത്ത തരത്തിലേക്ക് തരം താണത്. അതുകൊണ്ട് എല്ലാതെറ്റുകളും തിരുത്തി ഗവര്‍ണര്‍ ശരിയായ നടപടി സ്വീകരിക്കണം. നിയമസഭ പാസാക്കുന്നനിയമത്തില്‍ താന്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ എങ്ങനെയാണ് മുന്‍കൂട്ടി പറയുക. ഗവര്‍ണറുടെ സ്ഥാനത്തെ കുറിച്ച് അദ്ദേഹം ചിന്തിക്കണം. അദ്ദേഹത്തിന് വലിത തകരാര്‍ സംഭവിച്ചിട്ടുണ്ട്. അത് എന്താണെന്ന് താന്‍ പറയുന്നില്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു

ഗവര്‍ണറുടെ നിയമനം എന്തിന്റെ പ്രത്യുപകാരമാണ്. ആര്‍എസിന്റെ സേവകനായി അദ്ദേഹം മാറിപോയി. അത് അദ്ദേഹത്തിന് വന്നിട്ടുള്ള അപചയമാണ്. അദ്ദേഹത്തെ പോലയുള്ള ഒരാള്‍ ഇത്തരത്തില്‍ അധപതിക്കാന്‍ പാടില്ലെന്നും ജയരാജന്‍ തിരുവന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it