Sub Lead

ചാരവൃത്തി: അറസ്റ്റിലായത് വിവേകാനന്ദ ഫൗണ്ടേഷന്‍ സഹകാരി

രാജീവ് ശര്‍മയുടെ അറസ്റ്റിനു പിന്നാലെ അദ്ദേഹം വിവേകാനന്ദ ഫൗണ്ടേഷനു വേണ്ടി നിര്‍വഹിച്ച പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വെബ് പേജ് ഫൗണ്ടേഷന്‍ വെബ്‌സൈറ്റില്‍നിന്ന് നീക്കംചെയ്തതായും ദ ഹിന്ദു റിപോര്‍ട്ട് ചെയ്തു.

ചാരവൃത്തി: അറസ്റ്റിലായത് വിവേകാനന്ദ ഫൗണ്ടേഷന്‍ സഹകാരി
X

ന്യൂഡല്‍ഹി: ചൈനയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ച തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കുറ്റം ചുമത്തി ഡല്‍ഹിയില്‍ അറസ്റ്റിലായ ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകന്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷന്‍ (വിഐഎഫ്) സഹകാരിയെന്ന് ദ ഹിന്ദു ദിനപത്രം.

അതിര്‍ത്തിയിലെ ഇന്ത്യയുടെ സൈനിക തന്ത്രങ്ങള്‍, സേനാവിന്യാസം, ആയുധ സംഭരണം, വിദേശനയം എന്നിവയെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയതുമായി ബന്ധപ്പെട്ട് ഫ്രീലാന്‍സ് ജേണലിസ്റ്റ് രാജീവ് ശര്‍മയെ ഇന്നലെയാണ് ഔദ്യോഗിക രഹസ്യനിയമ പ്രകാരം ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്.

നിലവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവലാണ് വിവേകാനന്ദ ഫൗണ്ടേഷന്റെ സ്ഥാപക ഡയറക്ടര്‍. രാജീവ് ശര്‍മയുടെ അറസ്റ്റിനു പിന്നാലെ അദ്ദേഹം വിവേകാനന്ദ ഫൗണ്ടേഷനു വേണ്ടി നിര്‍വഹിച്ച പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വെബ് പേജ് ഫൗണ്ടേഷന്‍ വെബ്‌സൈറ്റില്‍നിന്ന് നീക്കംചെയ്തതായും ദ ഹിന്ദു റിപോര്‍ട്ട് ചെയ്തു.

ചൈനീസ് ഷെല്‍ കമ്പനിയുടെ പേരില്‍ പണം കൈമാറിയിരുന്ന ചൈനീസ് യുവതി ക്വിങ് ഷി (31), കൂട്ടാളി നേപ്പാളി സ്വദേശി ഷേര്‍സിങ് (രാജ് ബൊഹ്‌റ- 30) എന്നിവരും പിടിയിലായിട്ടുണ്ട്. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം, ചൈനയുമായുള്ള നിലവിലെ അതിര്‍ത്തി പ്രശ്‌നം, സൈനിക വിന്യാസം, സര്‍ക്കാരിന്റെ വിദേശ നയം തുടങ്ങിയവയെക്കുറിച്ചാണ് ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന് രാജീവ് ശര്‍മ തുടര്‍ച്ചയായി വിവരങ്ങള്‍ നല്‍കിയത്. ഭൂട്ടാനിലെ ഇന്ത്യന്‍ സേനാ വിന്യാസത്തെക്കുറിച്ചും ഇന്ത്യ-മ്യാന്‍മര്‍ സൈനിക സഹകരണത്തെക്കുറിച്ചും ഇയാള്‍ വിവരങ്ങള്‍ കൈമാറിയതായി വിവരം ലഭിച്ചിട്ടുണ്ട്.

ചൈനീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ മൈക്കല്‍ 2016ല്‍ ബന്ധപ്പെടുകയും 2018 വരെ ശര്‍മ തന്ത്രപ്രധാന വിവരങ്ങള്‍ പങ്കുവച്ചെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴിയാണ് മൈക്കിളുമായി ശര്‍മ ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് മികച്ച വാഗ്ദാനം ലഭിച്ചതോടെ ചൈന സന്ദര്‍ശിക്കുകയും ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന് പ്രതിരോധ വിവരങ്ങള്‍ നല്‍കി തുടങ്ങുകയും ചെയ്തു. ശര്‍മയുടെ ചൈന സന്ദര്‍ശനത്തിനായുള്ള എല്ലാ ചെലവുകളും വഹിച്ചിരുന്നത് മൈക്കലാണ്. 2010നും 2014നും ഇടയില്‍ ചൈനീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കാണാന്‍ ശര്‍മ തായ്‌ലന്‍ഡും നേപ്പാളും സന്ദര്‍ശിച്ച വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.2019ല്‍ ശര്‍മ മറ്റൊരു ചൈനീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ ജോര്‍ജ്ജുമായി ബന്ധപ്പെടുകയും ഇന്ത്യന്‍ പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതു തുടരുകയും ചെയ്തു. 61 കാരനായ മാധ്യമപ്രവര്‍ത്തകനെ തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായും ചൈനീസ് ഉദ്യോഗസ്ഥര്‍ സമീപിച്ചിരുന്നുവെന്ന് ഡല്‍ഹി പോലിസ് പറഞ്ഞു.

ഇന്ത്യയിലെ ചില മാധ്യമങ്ങള്‍ക്ക് വേണ്ടിയും ചൈനയിലെ ഗ്ലോബല്‍ ടൈംസിന് വേണ്ടിയും പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എഴുതിയിരുന്നു. ഒന്നരവര്‍ഷത്തിനിടെ 40 ലക്ഷം രൂപയാണ് വിവരങ്ങള്‍ കൈമാറിയതിന് ഇയാള്‍ക്ക് പ്രതിഫലമായി ലഭിച്ചത്. ഓരോ വിവരങ്ങള്‍ക്കും 1000 യുഎസ് ഡോളര്‍ വീതമായിരുന്നു പ്രതിഫലം.

വിവരങ്ങള്‍ കൈമാറിയതിന് ചൈനീസ് യുവതിയിലൂടെയാണ് രാജീവ് ശര്‍മയ്ക്ക് പണം ലഭിച്ചിരുന്നത്. ഇവരുടെ ചില ഷെല്‍ കമ്പനികളിലൂടെയാണ് വലിയതോതില്‍ പണം കൈമാറിയിരുന്നതെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്. ചൈനീസ് കടലാസ് കമ്പനിയുടെ പേരില്‍ പണമെത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 13നാണ് പോലിസ് കേസ് റജിസ്റ്റര്‍ ചെയ്തത്. 14നു പിതംപുരയില്‍ രാജീവ് ശര്‍മയുടെ ഫ്‌ലാറ്റില്‍ പരിശോധന നടത്തിയ പൊലീസ് ലാപ്‌ടോപ്പും ചില രേഖകളും കണ്ടെത്തി.ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചുവെന്നാണ് പോലിസിന്റെ വിശദീകരണം. എന്നാല്‍ അറസ്റ്റ് വിവരം പുറത്തുവിട്ടത് വെള്ളിയാഴ്ചയാണ്. ജാമ്യാപേക്ഷ 22നു പട്യാല ഹൗസ് കോടതി പരിഗണിക്കും. ഇയാളില്‍നിന്ന് പ്രതിരോധ മേഖലുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തതായും സ്‌പെഷല്‍ സെല്‍ ഡിസിപി സന്‍ജീവ് കുമാര്‍ യാദവ് വ്യക്തമാക്കി.

2010 മുതല്‍ 2014 വരെ ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസില്‍ രാജീവ് ശര്‍മ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ എഴുതിയിരുന്നു. ഇതിനു പിന്നാലെയാണു ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തില്‍പെട്ടവര്‍ ഇദ്ദേഹത്തെ ബന്ധപ്പെട്ടതെന്നാണ് പോലിസ് വിശദീകരണം. മാധ്യമങ്ങളിലെ ലേഖനത്തിനുള്ള പ്രതിഫലമെന്ന നിലയില്‍ 30 ലക്ഷം രൂപ 'എംസെഡ് ഫാര്‍മസി' എന്ന കടലാസ് കമ്പനി വഴിയാണ് രാജീവ് ശര്‍മയുടെ ബാങ്ക് അക്കൗണ്ടിലെത്തിയെന്നും പോലിസ് പറയുന്നു. കമ്പനിയുടെ ഡയറക്ടര്‍മാരാണ് അറസ്റ്റിലായ മറ്റു 2 പേര്‍. ദ് ട്രിബ്യൂണ്‍, സകാല്‍ ടൈംസ് തുടങ്ങിയ പത്രങ്ങളിലും വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐയിലും പ്രവര്‍ത്തിച്ചിട്ടുള്ള രാജീവ് ശര്‍മ 'രാജീവ് കിഷ്‌കിന്ദ' എന്ന പേരില്‍ യുട്യൂബ് ചാനലും കൈകാര്യം ചെയ്തിരുന്നു.

Next Story

RELATED STORIES

Share it