Sub Lead

എംഎല്‍എമാരെ കൂട്ടിയാലും പണികിട്ടും; മരാമത്ത് കരാറുകാര്‍ക്കെതിരെ മന്ത്രിയുടെ നടപടി തുടങ്ങി

മന്ത്രിയുടെ സ്വന്തം ജില്ലയായ കോഴിക്കോട്ട് രണ്ടു കരാറുകാര്‍ക്കെതിരെ നടപടിയെടുത്തു കൊണ്ടാണ് വകുപ്പ് നടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. പണി വൈകിപ്പിച്ച ഒരു കരാറുകാരന്റെ കരാര്‍ റദ്ദാക്കി, മറ്റൊരാള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു.

എംഎല്‍എമാരെ കൂട്ടിയാലും പണികിട്ടും; മരാമത്ത് കരാറുകാര്‍ക്കെതിരെ മന്ത്രിയുടെ നടപടി തുടങ്ങി
X

കോഴിക്കോട്: പതുമരാമത്ത് കരാറുകാരുടെ കെടുകാര്യസ്ഥതയ്‌ക്കെതിരേ നടപടിയെടുക്കെമെന്ന മന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കി തുടങ്ങി. പൊതുമരാമത്ത് വകുപ്പിലെ അവിശുദ്ധ കൂട്ടുകെട്ടിനെതിരേ മന്ത്രി പി എം മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം നിയമസഭയില്‍ തുറന്നടിച്ചിരുന്നു. മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ സ്വന്തം പാര്‍ട്ടിയിലെ യുവനേതാക്കളില്‍ നിന്നു പോലും എതിര്‍പ്പുയര്‍ന്നെങ്കിലും മന്ത്രി പ്രഖ്യാപിച്ച കാര്യങ്ങള്‍ പൊതുമരാമത്ത് വകുപ്പ് നടപ്പാക്കി തുടങ്ങിയിരിക്കുകയാണ്. റോഡ് പണികളും അറ്റകുറ്റപണികളും വൈകിപ്പിക്കുന്ന കരാറുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നായിരുന്നു നിയമസഭയിലെ മന്ത്രി പ്രഖ്യാപിച്ചത്. മന്ത്രിയുടെ സ്വന്തം ജില്ലയായ കോഴിക്കോട്ട് രണ്ടു കരാറുകാര്‍ക്കെതിരെ നടപടിയെടുത്തു കൊണ്ടാണ് വകുപ്പ് നടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. പണി വൈകിപ്പിച്ച ഒരു കരാറുകാരന്റെ കരാര്‍ റദ്ദാക്കി, മറ്റൊരാള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു.

പൊതുമരാമത്ത് വകുപ്പില്‍ പ്രവൃത്തികള്‍ കൃത്യമായി നടക്കാത്തതിനു പിന്നില്‍ ചില കൂട്ടുകെട്ടാണ് എന്നാണ് മന്ത്രി പറഞഅഞിരുന്നത്. 'സിഎജി റിപ്പോര്‍ട്ട് ഉദ്ധരിച്ചായിരുന്നു മന്ത്രി ഈ കൂട്ടുകെട്ടിനെ തുറന്നുകാട്ടിയത്.

''ഈ കൂട്ടുകെട്ടിന്റെ ഭാഗമായി നടത്തിക്കൊണ്ടിരിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. ബിറ്റുമിന്‍, മാര്‍ക്കറ്റ് വില കുറഞ്ഞാലും പഴയ വില എഴുതുന്ന രീതി. ഒരു പ്രവൃത്തിയുടെ ബില്‍ വച്ചു കൊണ്ടു മറ്റൊരിടത്തു നിന്നു പണം വാങ്ങള്‍. റീ എസ്റ്റിമേറ്റിനു കരാറുകാരനു സൗകര്യം ചെയ്യല്‍. ഇത്തരത്തില്‍ ഒരു കൂട്ടുകെട്ട് കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുണ്ട്. മന്ത്രി നിയമസഭയില്‍ പറഞ്ഞത് ഇപ്രകതാരമാണ്. പ്രവൃത്തി വൈകിപ്പിക്കുന്ന കരാറുകാര്‍ക്കെതിരെ നടപടിയെടുക്കാത്തതിനു പിന്നില്‍ ചില ഉദ്യോഗസ്ഥരാണെന്ന് തിരിച്ചറിഞ്ഞതോടെ മന്ത്രിയുടെ ഓഫിസ് നേരിട്ടാണ് ഇഴഞ്ഞുനീങ്ങുന്ന പദ്ധതികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതും നടപടിക്കു നിര്‍ദേശം നല്‍കുന്നതും.

രാഷ്ട്രീയക്കാരുടെയും ജനപ്രതിനിധികളുടെയും പിന്തുണയാണ് കരാറുകാര്‍ക്കുളഅളത്. എംഎല്‍എമാരെ കൂട്ടിയും എംഎല്‍എമാരുടെ ശുപാര്‍ശയിലും കരാറുകാര്‍ മന്ത്രിയെ കാണാന്‍ വരരുത് എന്നും മുഹമ്മദ് റിയാസ് നിയമസഭയില്‍ തുറന്ന് പറഞ്ഞിരുന്നു. ഇതു സി.പി.എം നിയമസഭാകക്ഷിയോഗത്തില്‍ വിമര്‍ശനത്തിനിടയാക്കി. പണി വൈകിപ്പിക്കുന്ന കരാറുകാര്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ എംഎല്‍എമാര്‍ ശുപാര്‍ശയുമായി വരുന്നതു തടയുക എന്ന ലക്ഷ്യത്തോടെയാണ് നിയമസഭയിലെ മന്ത്രിയുടെ പ്രഖ്യാപനമെന്നാണ് വിലയിരുത്തല്‍.

റോഡ് പണി സമയത്തിന് തീര്‍ക്കാത്തതിനെ തുടര്‍ന്നാണ് കരാറുകാരനെ പൊതുമരാമത്ത് കരാറില്‍ നിന്ന് ഒഴിവാക്കിയത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര താന്നിക്കണ്ടി-ചക്കിട്ടപ്പാറ റോഡ് പണി പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാത്ത കാസര്‍കോട് എംഡി കണ്‍സട്രക്ഷന്‍സിനെതിരെയാണ് പൊതുമരാമത്ത് വകുപ്പ് നടപടിയെടുത്തത്. മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. പുതിയ ടെന്‍ഡര്‍ വിളിച്ചു പണി നടത്തുമ്പോള്‍ അധികമായി ചെലവാക്കേണ്ടി വരുന്ന തുക കരാറുകാരനില്‍നിന്ന് നഷ്ടപരിഹാരമായി ഈടാക്കും.

പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള പേരാമ്പ്ര-താന്നിക്കണ്ടി-ചക്കിട്ടപ്പാറ റോഡിന്റെ നവീകരണം 2020 മേയ് ഒമ്പതിനാണ് ആരംഭിച്ചത്. 8.2 കിലോമീറ്റര്‍ റോഡ് വീതികൂട്ടി മെക്കാഡം ടാര്‍ ചെയ്യാന്‍ 10 കോടി രൂപയാണ് അനുവദിച്ചത്. ഒമ്പത് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാനായിരുന്നു കരാര്‍. 2021ഫെബ്രുവരിയില്‍ പൂര്‍ത്തിയാകേണ്ട നവീകരണം ഒക്ടോബര്‍ ആയിട്ടും പൂര്‍ത്തിയായില്ല. മന്ത്രി പി എ മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിച്ചു പണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നിട്ടും പണി മുന്നോട്ടുപോകാത്തതിനെത്തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് കടുത്ത നടപടികളിലേക്കു നീങ്ങിയത്. കരാര്‍ റദ്ദാക്കിയതിന് പിന്നില്‍ മറഅറു കാരണങ്ങളുമുണ്ടെന്ന പറയപ്പെടുന്നു.

കോഴിക്കോട് ജില്ലയില്‍ ദേശീയ പാതയിലെ റോഡ് നവീകരണം സമയത്തു പൂര്‍ത്തിയാകാത്ത മറ്റൊരു കരാറുകാരനില്‍ നിന്നുമാണ് പിഴ (ലിക്വിഡേറ്റഡ് ഡാമേജ് ) ഈടാക്കും. കോഴിക്കോട്-കൊല്ലഗല്‍ ദേശീയ പാതയില്‍ കൊടുവള്ളി മുതല്‍ അടിവാരം വരെയുള്ള 20 കിലോമീറ്റര്‍ നവീകരണം 2020 ജൂലൈയില്‍ ആരംഭിച്ചിരുന്നു. ഒരു വര്‍ഷം കഴിഞ്ഞിട്ടും പണി പൂര്‍ത്തിയായില്ല. മന്ത്രി സെപ്റ്റംബര്‍ 17ന് സ്ഥലം സന്ദര്‍ശിച്ചിരുന്നു. പുല്ലാഞ്ഞിമേട്ടില്‍ കലുങ്കിന്റെ നിര്‍മാണവും സ്ഥിരമായി റോഡ് തകരുന്ന ഭാഗത്ത് ഇന്റര്‍ ലോക്ക് വിരിക്കലും ഈ മാസം 15ന് പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദേശ നല്‍കിയിരുന്നു.എന്നാല്‍ പണി ഇഴഞ്ഞു നീങ്ങിയതിനാലാണ് ഇപ്പോഴത്തെ നടപടി. താമരശ്ശേരി വരെയുള്ള കുഴികള്‍ അടയ്ക്കാനും ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്നില്ല.

പണി വൈകിപ്പിക്കുന്ന കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നു ഈമാസം ഏഴിനാണ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയില്‍ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ നിശ്ചയിച്ച സമയത്തു പൂര്‍ത്തിയാകാത്ത റോഡുകളുടെയും പാലങ്ങളുടെയും കണക്ക് മന്ത്രിയുടെ ഓഫിസ് ശേഖരിച്ചു തുടങ്ങി. കരാറില്‍ പറഞ്ഞ സമയത്ത് പണി പൂര്‍ത്തിയാക്കാത്ത കൂടുതല്‍ കരാറുകാര്‍ക്കെതിരെ വരുംദിവസങ്ങളില്‍ നടപടികള്‍ വന്നേക്കും. പ്രവൃത്തിയില്‍ അനാസ്ഥ കാണിക്കുന്ന കരാറുകാരെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും മന്ത്രി നിയമസഭയില്‍ പ്രഖ്യാച്ചിരുന്നു.

Next Story

RELATED STORIES

Share it