Sub Lead

വ്യാജ സത്യവാങ്മൂലം: ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ അറസറ്റില്‍

2013ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മര്‍വാഹി മണ്ഡലത്തില്‍ നിന്ന് അമിത് ജോഗിക്കെതിരേ ബിജെപി ടിക്കറ്റില്‍ മല്‍സരിച്ച സമീറ പൈക്ര നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്ത് അമിതിനെ അറസ്റ്റ് ചെയ്തത്.

വ്യാജ സത്യവാങ്മൂലം: ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ അറസറ്റില്‍
X

റായ്പൂര്‍: വഞ്ചനാക്കുറ്റവുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകനും മുന്‍ എംഎല്‍എയുമായ അമിത് ജോഗി അറസ്റ്റില്‍. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ അമിത് ജോഗി ജനന സമയം, സ്ഥലം, ജാതി എന്നീ വിവരങ്ങള്‍ തെറ്റായി നല്‍കിയെന്നാണ് കേസ്. 2013ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മര്‍വാഹി മണ്ഡലത്തില്‍ നിന്ന് അമിത് ജോഗിക്കെതിരേ ബിജെപി ടിക്കറ്റില്‍ മല്‍സരിച്ച സമീറ പൈക്ര നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്ത് അമിതിനെ അറസ്റ്റ് ചെയ്തത്.

സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിനെതിരേ സമീറ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിയമസഭയുടെ കാലാവധി തീര്‍ന്നതിനാല്‍ കേസ് ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥന് ഇതു സംബന്ധിച്ച് പുതിയ പരാതി നല്‍കുകയായിരുന്നു. ചത്തീസ്ഗഡ് പട്ടികജാതി വര്‍ഗ, പിന്നാക്ക വിഭാഗ നിയമപ്രകാരമാണ് കേസെടുത്തതെന്ന് ബിലാസ്പൂര്‍ എസ് പി പ്രശാന്ത് അഗവര്‍വാള്‍ പറഞ്ഞിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് ബിലാസ് പൂരിലെ വസതിയില്‍നിന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

അമിത് ജോഗിയെ കോടതിയില്‍ ഹാജരാക്കുമെന്നും കോടതി ഉത്തരവ് പ്രകാരം തുടര്‍നടപടിസ്വീകരിക്കുമെന്നും മുതിര്‍ന്ന പോലിസ് ഓഫിസര്‍ സഞ്ജയ് കുമാറിനെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്യുന്നു.

Next Story

RELATED STORIES

Share it