Sub Lead

ഗുജറാത്തില്‍ മുന്‍ എംഎല്‍എ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍

ഗുജറാത്തില്‍ മുന്‍ എംഎല്‍എ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍
X

അഹമ്മദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ ഗുജറാത്തില്‍ വീണ്ടും കൂടുമാറ്റം. ഒരു കോണ്‍ഗ്രസ് നേതാവ് കൂടി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ദഹേഗാം മണ്ഡലത്തിലെ മുന്‍ എംഎല്‍എയായ കമിനിബ റാത്തോഡാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ അംഗത്വമെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാനായി ഗുജറാത്ത് പിസിസി പ്രസിഡന്റ് ജഗദീഷ് താക്കൂര്‍ ഒരുകോടി രൂപ ആവശ്യപ്പെട്ടെന്ന് റാത്തോഡ് ആരോപിച്ചിരുന്നു.

കോണ്‍ഗ്രസ് നേതാവുമായി ടിക്കറ്റിനായി വിലപേശുകയും പണം നല്‍കാന്‍ തയ്യാറെടുക്കുകയും ചെയ്യുന്ന സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും അവര്‍ പുറത്തുവിട്ടു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരുന്നു. ഈ പത്രിക പിന്‍വലിച്ചാണ് രാജിവച്ചത്. തുടര്‍ന്ന് ജിപിസിസി പ്രസിഡന്റ് ജഗദീഷ് താക്കോറിന് രാജികത്ത് സമര്‍പ്പിക്കുകയായിരുന്നു.

കത്തില്‍ രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട കാരണങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. മറ്റേതെങ്കിലും പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിക്കണോ വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കുമെന്ന് റാത്തോഡ് മാധ്യങ്ങളോട് പറഞ്ഞിരുന്നത്. 2012ല്‍ 2297 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച റാത്തോഡ്, 2017ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ബാല്‍രാജ്‌സിന്‍ഹ് ചൗഹാനോട് 10,860 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.

അതേസമയം, ബിജെപി നേതാക്കള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് കമിനിബ പാര്‍ട്ടിയുടെ അംഗത്വം പിന്‍വലിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ അവരെ ബന്ധപ്പെടുകയും മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പാക്കുന്നതിനായി പത്രിക പിന്‍വലിക്കുകയും ചെയ്തുവെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. മെഹ്‌സാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് എ ജെ പട്ടേലും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ സാധ്യതയുണ്ടെന്ന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

Next Story

RELATED STORIES

Share it