Sub Lead

'ഈ പാര്‍ട്ടിയില്‍ എല്ലാവരും 'സഖാക്ക'ളാണ്. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍'; വ്യക്തിപൂജയെ വിമര്‍ശിച്ച് പി ജയരാജന്‍

പിണറായി വിജയനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ക്യാപ്റ്റനായി ഉയര്‍ത്തിക്കാട്ടുന്നതിനിടേയാണ് പി ജയരാജന്റെ ഒളിയമ്പ്.

ഈ പാര്‍ട്ടിയില്‍ എല്ലാവരും സഖാക്കളാണ്. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍; വ്യക്തിപൂജയെ വിമര്‍ശിച്ച് പി ജയരാജന്‍
X

കണ്ണൂര്‍: മുഖ്യമന്ത്രിയെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പ്രചാരണങ്ങള്‍ തര്‍ക്കങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കുന്ന സാഹചര്യത്തില്‍ പരോക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് പി ജയരാജന്‍. ഈ പാര്‍ട്ടിയില്‍ എല്ലാവരും 'സഖാക്ക'ളാണെന്നും പാര്‍ട്ടിയാണ് ക്യാപ്റ്റനെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പിണറായി വിജയനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ക്യാപ്റ്റനായി ഉയര്‍ത്തിക്കാട്ടുന്നതിനിടേയാണ് പി ജയരാജന്റെ ഒളിയമ്പ്.

കമ്യൂണിസ്റ്റുകാര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ജനപ്രിയതയില്‍ പലരും അസ്വസ്ഥരാണ്. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇടതുപക്ഷമാണ്. ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍, അവര്‍ സ്‌നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലര്‍ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാല്‍, കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല പി ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സഖാവ് കോടിയേരി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാര്‍ട്ടിയില്‍ 'എല്ലാവരും സഖാക്ക'ളാണ്. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍. അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയില്‍ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാര്‍ട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പെന്നും ജയരാജന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

നേരത്തെ പി. ജയരാജനെ പുകഴ്ത്തിക്കൊണ്ട് പുറത്തിറങ്ങിയ പാട്ട് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കണ്ണൂരിന്‍ താരകമല്ലോ എന്ന് തുടങ്ങുന്ന പാട്ടിനെതിരെ സിപിഎം നേതൃത്വം രംഗത്തെത്തുകയും ജയരാജനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോള്‍ സമാനമായ രീതിയില്‍ വ്യക്തിപൂജ വിവാദം മുഖ്യമന്ത്രിക്കെതിരേ ഉയരുന്ന സാഹചര്യത്തിലാണ് പരോക്ഷമായ വിമര്‍ശനമായി ജയരാജന്‍ ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

'ക്യാപ്റ്റന്‍' എന്ന് വിളിക്കുന്നതില്‍ ആശയക്കുഴപ്പം വേണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. ആളുകളുടെ താല്‍പര്യത്തിന് അനുസരിച്ച് പലതും വിളിക്കും. 'ക്യാപ്റ്റന്‍' വിളി പ്രതിപക്ഷം ഏറ്റെടുത്ത് നടന്നിട്ട് എവിടെയും ഏശാന്‍ പോകുന്നില്ലെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയെ ക്യാപ്റ്റന്‍ എന്ന നിലയിലല്ല, സഖാവ് എന്ന നിലയിലാണ് പാര്‍ട്ടിയില്‍ വിളിക്കുന്നതും വിശേഷിപ്പിക്കുന്നതുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ പ്രതികരിക്കുമ്പോഴായിരുന്നു കോടിയേരിയുടെ പരാമര്‍ശം.

Next Story

RELATED STORIES

Share it