Sub Lead

വ്യാജ പശുകശാപ്പ് കേസില്‍ മുസ്‌ലിംകളെ വെറുതെവിട്ടു; പോലിസുകാര്‍ക്കും പശുസംരക്ഷകര്‍ക്കും എതിരെ കേസെടുക്കാന്‍ ഉത്തരവ്

പിടിച്ചെടുത്ത ഒരു ജഴ്‌സി പശുവിനെയും കാളയേയും കാളക്കുട്ടിയെയും ഒരു മാസത്തിനകം തിരികെ നല്‍കണം.

വ്യാജ പശുകശാപ്പ് കേസില്‍ മുസ്‌ലിംകളെ വെറുതെവിട്ടു; പോലിസുകാര്‍ക്കും പശുസംരക്ഷകര്‍ക്കും എതിരെ കേസെടുക്കാന്‍ ഉത്തരവ്
X

അഹ്മദാബാദ്: മുസ്‌ലിം യുവാക്കളെ വ്യാജ പശുകശാപ്പ് കേസില്‍ കുടുക്കിയ പോലിസുകാര്‍ക്കും സാക്ഷികള്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. ഗോധ്രയിലെ ബി4 ഡിവിഷന്‍ പോലിസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറായ എം എസ് മുനിയ, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ രമേശ് നര്‍വത് സിന്‍ഹ, ശങ്കര്‍ സിന്‍ഹ, ഹിന്ദുത്വ പശുസംരക്ഷകരായ മാര്‍ഗേഷ് ബി സോണി, ദര്‍ശന്‍ പി സോണി എന്നിവര്‍ക്കെതിരെയാണ് കേസെടുക്കുക.

കള്ളക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാസിര്‍മിയ മാലിക്ക്(31), ഗോധ്ര സ്വദേശിയായ മുഹമ്മദ് ദവാല്‍(48) എന്നിവര്‍ക്കെതിരായ എല്ലാ നടപടികളും ഉടന്‍ അവസാനിപ്പിക്കണമെന്നും അഡീഷണല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചു. ഇവരില്‍ നിന്ന് പിടിച്ചെടുത്ത ഒരു ജഴ്‌സി പശുവിനെയും കാളയേയും കാളക്കുട്ടിയെയും ഒരു മാസത്തിനകം തിരികെ നല്‍കണം. തിരികെ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ ഒാരോ ജീവിക്കും 80,000 രൂപ വച്ച് ഒമ്പത് ശതമാനം പലിശ സഹിതം പണമായി നല്‍കണം. പോലിസ് തട്ടിയെടുത്ത പശുവിനെയും കാളയെയും സൂക്ഷിച്ചിരിക്കുന്ന സ്ഥാപനത്തില്‍ നിന്നും പോലിസുകാരില്‍ നിന്നും സാക്ഷികളില്‍ നിന്നും ഈ തുക ഈടാക്കാവുന്നതാണെന്നും വിധി പറയുന്നു.

2020ലാണ് റുദാന്‍ സ്വദേശിയായ നാസിര്‍മിയ മാലിക്കിനും ഗോധ്ര സ്വദേശിയായ മുഹമ്മദ് ദവാലിനും എതിരെ കേസെടുത്തത്. പിക്കപ്പ് വാനില്‍ പശുവും കാളയും കാളക്കുട്ടിയുമായി വരുകയായിരുന്ന ഇവരെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തുവെന്നാണ് പോലിസ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് മൃഗസംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു. ശിക്ഷിക്കപ്പെടുകയാണെങ്കില്‍ പരമാവധി പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. തുടര്‍ന്ന് നടന്ന വിചാരണയിലാണ് ഇവരെ കോടതി വെറുതെ വിട്ടിരിക്കുന്നത്.

രണ്ട് പേര്‍ക്കെതിരെയും പോലിസ് കള്ളക്കേസെടുക്കുകയായിരുന്നു എന്നാണ് വ്യക്തമാവുന്നതെന്ന് വിധിയില്‍ കോടതി പറഞ്ഞു. '' പശുസംരക്ഷരായ സാക്ഷികളും വ്യാജ മൊഴിയാണ് നല്‍കിയിരിക്കുന്നത്. ഇവര്‍ പോലിസിന്റെ സ്ഥിരം സാക്ഷികളാണ്. പോലിസ് വിളിച്ചാല്‍ പോയി മൊഴി കൊടുക്കുക എന്നതാണ് ഇവരുടെ പണി. പശുസംരക്ഷണ പ്രവര്‍ത്തകരാണ് തങ്ങളെന്ന് സാക്ഷികള്‍ തന്നെ കോടതിയില്‍ സമ്മതിച്ചതാണ്. ഇവര്‍ സമാനമായ നിരവധി കേസുകളില്‍ ഈ കോടതിയില്‍ തന്നെ സാക്ഷി പറയാന്‍ വന്നിട്ടുണ്ട്. അതിനാല്‍ ഇവരുടെ മൊഴി വിശ്വസിക്കാനാവില്ല.''-കോടതി ചൂണ്ടിക്കാട്ടി. പോലിസുകാര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കാന്‍ പഞ്ചമഹല്‍ എസ്പിക്കും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സമയം അനുവദിക്കണമെന്നും അതുവരെ വിധി സ്റ്റേ ചെയ്യണമെന്നും ഗുജറാത്ത് സര്‍ക്കാരും പോലിസുകാരും സാക്ഷികളും വാദിച്ചു. എന്നാല്‍, ഈ വാദം കോടതി തള്ളി. എല്ലാ തെളിവുകളും പരിശോധിച്ച് നടത്തിയ വിചാരണയിലെ വിധി അതേ കോടതിക്ക് തന്നെ സ്‌റ്റേ ചെയ്യാനാവില്ലെന്ന് കോടതി മറുപടി നല്‍കി.

Next Story

RELATED STORIES

Share it