Sub Lead

വിവാദ കാര്‍ഷിക നിയമം: പഞ്ചാബില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ ഇന്ന് ജന്തര്‍ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കും

വിവാദ കാര്‍ഷിക നിയമം: പഞ്ചാബില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ ഇന്ന് ജന്തര്‍ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കും
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഒരുവര്‍ഷത്തിലേറെയായി ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേധം നടത്തുന്ന പഞ്ചാബില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ ഇന്ന് പ്രതിഷേധം അവസാനിപ്പിക്കും. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയ പശ്ചാത്തലത്തില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍ഷക സമരം നിര്‍ത്തിവയ്ക്കണമെന്ന കര്‍ഷകരുടെ ആഹ്വാനത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് എംപിമാരും കുത്തിയിരിപ്പ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. എംപിമാരായ രവ്‌നീത് സിങ് ബിട്ടു, ജസ്ബിര്‍ സിങ് ഗില്‍, ഗുര്‍ജീത് സിങ് ഔജ്‌ല എന്നിവരാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് തങ്ങളുടെ സമരം പിന്‍വലിക്കുമെന്ന് അറിയിച്ചത്.

കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ധര്‍ണ ആരംഭിച്ചത്. ഇപ്പോള്‍ യുദ്ധം വിജയിച്ചതിന് ശേഷം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ജന്തര്‍ മന്ദറിലെ സമരം അവസാനിപ്പിക്കുകയാണ്- എന്ന് എംപിമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. 2020 നവംബര്‍ 26 മുതലാണ് ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചത്.

വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയ ബില്ല് പാര്‍ലമെന്റ് പാസാക്കുകയും രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മിനിമം താങ്ങുവില (എംഎസ്പി) സംബന്ധിച്ച് കമ്മിറ്റി രൂപീകരിക്കുമെന്ന വാഗ്ദാനവുമായി കേന്ദ്രസര്‍ക്കാരില്‍നിന്ന് കത്ത് ലഭിച്ചതിന് പിന്നാലെയാണ് ഡിസംബര്‍ 9ന് സംയുക്ത കിസാന്‍ മോര്‍ച്ച തങ്ങളുടെ ഒരുവര്‍ഷം നീണ്ടുനിന്ന സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചത്.

ഡിസംബര്‍ 15നകം എല്ലാ കര്‍ഷകരും സമരസ്ഥലങ്ങള്‍ വിട്ടുപോവുമെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ (ബികെയു) നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. ട്രാക്ടറുകളിലും ട്രക്കുകളിലും കര്‍ഷകര്‍ അതത് സംസ്ഥാനങ്ങളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരുവര്‍ഷം മുമ്പ് ദേശീയ തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശത്തുള്ള സിംഘു, ഗാസിപൂര്‍, തിക്രി എന്നിവിടങ്ങളില്‍നിന്ന് ഇതേ രീതിയിലാണ് ട്രക്കുകളിലും ട്രാക്ടറുകളിലുമായി കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രതിഷേധത്തിനായി എത്തിത്തുടങ്ങിയത്. ജനുവരി 15 ന് കര്‍ഷകരുടെ അവലോകന യോഗം ചേരും. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഞങ്ങളുടെ സമരം പുനരാരംഭിക്കേണ്ടിവരുമെന്ന് എസ്‌കെഎം പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it