Sub Lead

പൂമ്പുഹാറില്‍ മത്സ്യത്തൊഴിലാളികളെ ഊരുവിലക്കി; ഏഴ് കുടുംബങ്ങള്‍ക്ക് ഒരു കൊല്ലത്തേക്ക് വിലക്ക്

പൂമ്പുഹാറില്‍ മത്സ്യത്തൊഴിലാളികളെ ഊരുവിലക്കി; ഏഴ് കുടുംബങ്ങള്‍ക്ക് ഒരു കൊല്ലത്തേക്ക് വിലക്ക്
X

ചെന്നൈ: തമിഴ്‌നാട്ടിലെ പൂമ്പുഹാറില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഊരുവിലക്കിയെന്ന് പരാതി. ഇരുവിഭാഗം മത്സ്യത്തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഏഴ് കുടുംബങ്ങള്‍ ഒരു വര്‍ഷത്തേക്ക് ഗ്രാമത്തില്‍ പ്രവേശിക്കരുതെന്നാണ് നാട്ടുക്കൂട്ടത്തിന്റെ വിലക്ക്. ഊരുവിലക്കിന് ഇരയായവര്‍ മൈലാടുതുറൈ കലക്ടറേറ്റിന് മുന്നില്‍ സമരം തുടങ്ങി. തീരദേശ പട്ടണമായ പൂമ്പുഹാറില്‍ രണ്ടുവിഭാഗം മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ നേരത്തേ തന്നെ നിലനിന്ന തര്‍ക്കമാണ് ഊരുവിലക്കിലേക്കെത്തിയത്.

മോട്ടോര്‍ ബോട്ടുകളും പരമ്പരാഗത വള്ളങ്ങളും ഉപയോഗിക്കുന്ന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് വിഭാഗത്തിലേയും ചില തൊഴിലാളികള്‍ റിമാന്റിലായി. ഇതിനിടെ കലഹത്തിലിടപെട്ട തമിഴ്വാണന്‍ എന്ന യുവാവ് വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊവിഡ് പിടിപെട്ട് മരിച്ചു. മരണത്തിന് ഉത്തരവാദികള്‍ എന്നാരോപിച്ചാണ് ഏഴ് കുടുംബങ്ങളെ നാട്ടുക്കൂട്ടം ഊരുവിലക്കിയത്. ഒരു വര്‍ഷം ഗ്രാമത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും 40 ലക്ഷം രൂപ നാട്ടുക്കൂട്ടത്തില്‍ പിഴയൊടുക്കണമെന്നുമാണ് നിര്‍ദേശം.

ഇവരുമായി ആരും സഹകരിക്കരുതെന്നും പൊതുജലസ്രോതസുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നുമെല്ലാം നാട്ടുക്കൂട്ടം കല്‍പ്പിക്കുകയും ചെയ്തു. കുട്ടികളുമായി ഗ്രാമം വിട്ടിറങ്ങിയ ഏഴ് കുടുംബങ്ങളും തരംഗംപാടിയിലേയും കാരക്കലിലേയും ബന്ധുവീടുകളിലാണ് ഇപ്പോള്‍ താമസം. ഊരുവിലക്കിന് ഇരയായവര്‍ മയിലാടുതുറൈ കലക്ടറേറ്റിന് മുന്നില്‍ സമരം തുടങ്ങി. സീര്‍കാഴി റവന്യൂ കമ്മീഷണറുടെ മധ്യസ്ഥതയില്‍ നാലുവട്ടം ചര്‍ച്ച നടന്നെങ്കിലും നാട്ടുക്കൂട്ടം വഴങ്ങിയില്ല. ഇതേത്തുടര്‍ന്നാണ് കലക്ടറേറ്റില്‍ സമരവുമായെത്തിയത്.

Next Story

RELATED STORIES

Share it