Sub Lead

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; ട്രെയിന്‍-വിമാന സര്‍വീസുകള്‍ താളംതെറ്റി, രാഹുല്‍ സഞ്ചരിച്ച വിമാനം തിരിച്ചുവിട്ടു

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; ട്രെയിന്‍-വിമാന സര്‍വീസുകള്‍ താളംതെറ്റി, രാഹുല്‍ സഞ്ചരിച്ച വിമാനം തിരിച്ചുവിട്ടു
X
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ് തുടരുന്നു. ദൃശ്യപരത കുറഞ്ഞതു കാരണം ട്രെയിന്‍-വിമാന സര്‍വീസുകള്‍ താളംതെറ്റ. നൂറോളം ആഭ്യന്തര-അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ വൈകി. ഏതാനും സര്‍വീസുകള്‍ റദ്ദാക്കിയേക്കുമെന്നാണ് വിവരം. അതിനിടെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം കാലാവസ്ഥ പ്രതികൂലമായതിനാല്‍ വഴിതിരിച്ചുവിട്ടു. വ്യാഴാഴ്ച രാത്രി നാഗ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന വിമാനമാണ് ജയ്പൂരിലേക്ക് തിരിച്ചുവിട്ടത്. ഡല്‍ഹി വിമാനത്താവളത്തിലെ ദൃശ്യപരിധി വളരെ കുറഞ്ഞതാണ് ഇതിനു കാരണം. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 150 മീറ്ററാണ് രേഖപ്പെടുത്തിയ കുറഞ്ഞ ദൃശ്യപരിധി. 400 മുതല്‍ 800 മീറ്റര്‍ വരെയാണ് റണ്‍വേ വിഷ്വല്‍ റെയ്ഞ്ച് എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. മൂടല്‍മഞ്ഞ് കനത്തതോടെ ദൃശ്യപരിധി 50 മീറ്റര്‍ വരെ താഴ്‌ന്നേക്കാമെന്നും പിന്നീട് മെച്ചപ്പെട്ട് 400 മീറ്റര്‍ വരെ ആവുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. യാത്രക്കാര്‍ വിമാന കമ്പനികളുടെ വെബ്‌സൈറ്റില്‍ കയറി തങ്ങള്‍ക്ക് പോവേണ്ട വിമാനത്തിന്റെ സ്ഥിതി അറിഞ്ഞ ശേഷമേ വിമാനത്താവളം വിട്ട് പോകാവൂ എന്ന് വിമാന കമ്പനികള്‍ അഭ്യര്‍ത്ഥിച്ചു.

ഡല്‍ഹിയില്‍നിന്ന് അങ്ങോട്ടും ഇങ്ങോട്ടുമുള്ള നിരവധി ട്രെയിനുകളെയും മൂടല്‍മഞ്ഞ് ബാധിച്ചു. കഴിഞ്ഞദിവസം രാത്രി ഡല്‍ഹിയിലെത്തേണ്ടിയിരുന്ന എട്ട് ട്രെയിനുകള്‍ ഇതുവരെ എത്തിയിട്ടില്ലെന്ന് യാത്രക്കാര്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെ എത്തേണ്ട ട്രെയിനുകള്‍ നാല് മണിക്കൂര്‍വരെ വൈകിയാണ് ഓടുന്നത്. അടുത്ത രണ്ട് ദിവസത്തേക്ക് കൂടി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്.

Next Story

RELATED STORIES

Share it