Sub Lead

നവസംരംഭകന്‍ എന്ന നിലയില്‍ ഞാനൊരു പരാജയമായിരുന്നു; ആത്ഹത്യയിലേക്ക് വിരല്‍ ചൂണ്ടി എസ് എം കൃഷ്ണയുടെ മരുമകന്റെ കത്ത്

കഫേ കോഫി ഡേ സ്ഥാപകനും ബിജെപി നേതാവ് എസ് എം കൃഷ്ണയുടെ മരുമകനുമായ സിദ്ധാര്‍ത്ഥ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനും തൊഴിലാളികള്‍ക്കും എഴുതിയതാണ് കത്ത്. സിദ്ധാര്‍ത്ഥയുടെ ലെറ്റര്‍ ഹെഡില്‍ ഒപ്പോട് കൂടിയുള്ളതാണ് കത്തെങ്കിലും കത്തെഴുതിയത് അദ്ദേഹം തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

നവസംരംഭകന്‍ എന്ന നിലയില്‍ ഞാനൊരു പരാജയമായിരുന്നു; ആത്ഹത്യയിലേക്ക് വിരല്‍ ചൂണ്ടി എസ് എം കൃഷ്ണയുടെ മരുമകന്റെ കത്ത്
X

ബംഗളൂരു: നവസംരംഭകന്‍ എന്ന നിലയില്‍ താനൊരു പരാജമായിരുന്നു എന്ന് വ്യക്തമാക്കുന്ന വി ജി സിദ്ധാര്‍ത്ഥയുടെ കത്ത് ലഭിച്ചതായി റിപോര്‍ട്ട്. കഫേ കോഫി ഡേ സ്ഥാപകനും ബിജെപി നേതാവ് എസ് എം കൃഷ്ണയുടെ മരുമകനുമായ സിദ്ധാര്‍ത്ഥ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനും തൊഴിലാളികള്‍ക്കും എഴുതിയതാണ് കത്ത്. സിദ്ധാര്‍ത്ഥയുടെ ലെറ്റര്‍ ഹെഡില്‍ ഒപ്പോട് കൂടിയുള്ളതാണ് കത്തെങ്കിലും കത്തെഴുതിയത് അദ്ദേഹം തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

സിദ്ധാര്‍ത്ഥയുടെ തിരോധാനത്തെ തുടര്‍ന്ന് കമ്പനി ഓഹരികള്‍ 19 ശതമാനം ഇടിഞ്ഞു. ഇന്നലെ രാത്രിയോടെ നേത്രാവതി പുഴയ്ക്ക് സമീപത്തുവച്ചാണ് സിദ്ധാര്‍ത്ഥയെ കാണാതായത്. ഇതോടെയാണ് ഇന്ന് ഓഫരി വിപണിയില്‍ കമ്പനി ഓഹരികള്‍ വലിയ നഷ്ടം നേരിട്ടിരിക്കുന്നത്.

ബിസിനസില്‍ വലിയ നേട്ടമുണ്ടാക്കുകയും പിന്നീട് തകര്‍ച്ചയിലേക്ക് പോകുകയും ചെയ്തതാണ് എസ്എം കൃഷ്ണയുടെ മരുമകന്‍ കൂടിയായ വിജി സിദ്ധാര്‍ത്ഥയുടെ സംരംഭക ജീവിതം. കമ്പനിയെ ലാഭത്തിലേക്ക് കൊണ്ടുപോകാന്‍ സാധിച്ചില്ലെന്ന് കുറ്റസമ്മതം നടത്തുന്നതാണ് സിദ്ധാര്‍ത്ഥയുടെ കത്ത്.

തങ്ങളുടെ കമ്പനികളിലും ഉപകമ്പനികളിലുമായി 30,000 ജോലികള്‍ നേരിട്ട് സൃഷ്ടിച്ചതായി കത്തില്‍ പറയുന്നു. താന്‍ ഓഹരി ഉടമയായ ടെക്‌നോളജി കമ്പനിയില്‍ 20,000 തൊഴിലുകളും സൃഷ്ടിച്ചു. എന്നാല്‍, എല്ലാ പരിശ്രമവും നടത്തിയെങ്കിലും കമ്പനിയെ ശരിയായ ലാഭത്തിലെത്തിക്കാന്‍ തനിക്ക് സാധിച്ചില്ല-കത്തില്‍ പറയുന്നു.

ഓഹരി ഇടപാടുകള്‍കൊണ്ടു വലിയ പ്രതിസന്ധികള്‍ സിദ്ധാര്‍ത്ഥ നേരിട്ടിരുന്നു. കഫേ കോഫി ഡേയ്ക്ക് പുറമെ മറ്റുസംരംഭങ്ങളിലേക്ക് കടന്നതും തുടര്‍ന്നുനടത്തിയ ഇടപാടുകളും കമ്പനിക്ക് വലിയ നഷ്ടമുണ്ടാക്കിയിരുന്നു. ആദായനികുതി വകുപ്പില്‍ നിന്ന് വലിയ സമ്മര്‍ദ്ദം ഉണ്ടായെന്നും കമ്പനിയെ ലാഭത്തിലാക്കാന്‍ കഴിഞ്ഞില്ലെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇനിയും ഇങ്ങനെ തുടരാനാകില്ലെന്നും സിദ്ധാര്‍ത്ഥയുടെ കത്തില്‍ പറയുന്നു

എന്നാല്‍, കഫേ കോഫി ഡേക്ക് എതിരായ അന്വേഷണത്തില്‍ നിയമപരമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളുവെന്ന് ആദായ നികുതി വകുപ്പ്് അധികൃതര്‍ പറഞ്ഞു. കത്തിന്റെ ആധികാരികത സംബന്ധിച്ച് അറിയില്ലെന്നും കത്തിലെ ഒപ്പ് അദ്ദേഹത്തിന്റെ വാര്‍ഷിക റിപോര്‍ട്ടിലെ ഒപ്പുമായി സാമ്യതയില്ലെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി.

ചിക്മഗളൂര്‍ സ്വദേശിയാണ് സിദ്ധാര്‍ത്ഥ. 10,000 ഏക്കറില്‍ കാപ്പി കൃഷി നടത്തി, അതുവഴിയാണ് അദ്ദേഹം ബിസിനസ് രംഗത്തെത്തുന്നത്. 1996 ല്‍ കഫേ കോഫി ഡേക്ക് തുടക്കം കുറിച്ചു. ബംഗളുരിലെ ബ്രിഗേഡ് റോഡിലായിരുന്നു ആദ്യത്തെ ഷോപ്പ് തുടങ്ങിയത്. നിലവില്‍ 200 ലേറെ നഗരങ്ങളില്‍ ഇപ്പോള്‍ കഫെ കോഫി ഡേ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പിന്നീട് മറ്റുമേഖലകളില്‍ കൈ വച്ചതോടെയാണ് കമ്പനി വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. കമ്പനിയുടെ വിവിധ ഓഫിസുകളില്‍ നടത്തിയ റെയ്ഡില്‍ 650 കോടി രൂപയോളം മറച്ചുവച്ചുവെന്ന് കണ്ടെത്തിയിരുന്നു. ഇതും കമ്പനിയെ വലിയ പ്രതിസന്ധിയിലേക്ക് നയിച്ചു. പല ഇടപാടുകളിലായി 7000 കോടി രൂപയോളം ബാധ്യത ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.

മുന്‍ കര്‍ണാടക മുഖ്യമന്ത്രികൂടിയായ എസ് എം കൃഷ്ണയുടെ വീട്ടില്‍ മുഖ്യമന്ത്രി യെദ്യുരപ്പ, മുന്‍മുഖ്യമന്ത്രി കുമാരസ്വാമി എന്നിവരെത്തിയിട്ടുണ്ട്. ഇന്നലെ ബംഗളൂരുവില്‍ നിന്നു കാറില്‍ മംഗളൂരുവിലേക്ക് പുറപ്പെട്ട സിദ്ധാര്‍ത്ഥ, നേത്രാവതി പുഴയുടെ മുകളിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും പുറത്തിറങ്ങി പുഴയിലേക്ക് പോവുകയും ആയിരുന്നുവെന്നാണ് ഡ്രൈവറുടെ മൊഴി. പ്രദേശത്ത് നല്ല മഴ പെയ്തിരുന്നതിനാല്‍ പുഴയില്‍ നല്ല അടിയൊഴുക്കുണ്ട്. പല സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ തുടരുന്നത്.

Next Story

RELATED STORIES

Share it