Sub Lead

പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു

പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു
X

കൊല്‍ക്കത്ത: മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായി ബുദ്ധദേവ് ഭട്ടാചാര്യ(80) അന്തരിച്ചു. ഏറെക്കാലമായി ചികില്‍സയിലായിരുന്നു. തെക്കന്‍ കൊല്‍ക്കത്തയിലെ വീട്ടിലാണ് അന്ത്യം. 2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. അസുഖങ്ങള്‍ കാരണം ഏറെക്കാലമായി പൊതുപ്രവര്‍ത്തന രംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

2001ലും 2006ലും തുടര്‍ച്ചയായി രണ്ട് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് സംസ്ഥാനത്തിന്റെ അധികാരം ലഭിച്ചപ്പോള്‍ മുഖ്യമന്ത്രിയായിരുന്നത് ഇദ്ദേഹമാണ്. ഒരുകാലത്ത് സിപിഎം കോട്ടയായിരുന്ന ബംഗാളില്‍ ജ്യോതി ബസുവിന്റെ പിന്‍ഗാമിയായി 2000ലാണ് ബുദ്ധദേവ് ആദ്യം മുഖ്യമന്ത്രിയായത്. 2001, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ച ഇദ്ദേഹം 2011ല്‍ തോല്‍ക്കുകയായിരുന്നു.

ഉത്തര കൊല്‍ക്കത്തയില്‍ 1944 മാര്‍ച്ച് ഒന്നിനാണ് ജനനം. 1966ല്‍ സിപിഎമ്മില്‍ പ്രാഥമിക അംഗത്വം നേടി. 1968ല്‍ പശ്ചിമബംഗാള്‍ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായി. 71ല്‍ സിപിഎം സംസ്ഥാന കമ്മറ്റി അംഗം, 82ല്‍ സെക്രട്ടേറിയേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1984 മുതല്‍ പാര്‍ട്ടി കേന്ദ്രകമ്മറ്റിയിലെ സ്ഥിരം ക്ഷണിതാവാണ്. 1985ല്‍ കേന്ദ്രകമ്മറ്റി അംഗമായി. 2000 മുതല്‍ പൊളിറ്റ് ബ്യൂറോ അംഗമാണ്. പ്രസിഡന്‍സി കോളജില്‍നിന്നാണ് ബിരുദം നേടിയത്. 1968ല്‍ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ (ഡിവൈഎഫ്‌ഐ) ബംഗാള്‍ സെക്രട്ടറിയായ അദ്ദേഹം 1971ല്‍ സിപിഎം സംസ്ഥാനകമ്മിറ്റി അംഗവും 1985ല്‍ കേന്ദ്ര കമ്മിറ്റി അംഗവുമായി. ഇടതുമുന്നണി ബംഗാള്‍ ഭരണം പിടിച്ചെടുത്ത 1977ല്‍ കോസിപുരില്‍നിന്ന് ആദ്യമായി നിയമസഭാംഗമായി. 1987ല്‍ പരാജയപ്പെട്ടെങ്കിലും അതേവര്‍ഷം തന്നെ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് മന്ത്രിയായി. 2000 ജൂലൈയില്‍ ഉപമുഖ്യമന്ത്രിയായ ബുദ്ധദേവ്, നവംബറില്‍ ജ്യോതിബസു സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയായത്. 2006-11 കാലത്ത് വ്യവസായങ്ങള്‍ക്കായുള്ള കൃഷിഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിവാദമാണ് ബുദ്ധദേവ് സര്‍ക്കാരിനെ താഴെയിറക്കിയത്. സിംഗൂര്‍, നന്ദിഗ്രാം, മിഡ്‌നാപുര്‍ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച വിവാദങ്ങളും പ്രക്ഷോഭങ്ങളും കാരണമാണ് സിപിഎമ്മിന് ഭരണം നഷ്ടപ്പെട്ടത്. ബംഗാളിഭാഷയില്‍ മികച്ച പാണ്ഡിത്യമുണ്ടായിരുന്ന ബുദ്ധദേവ് സാഹിത്യപഠനങ്ങളും വിവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ഭാര്യ: മീര. മകള്‍ സുചേതന.

Next Story

RELATED STORIES

Share it