Sub Lead

ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കും; പ്രഖ്യാപനം ജൂണില്‍: ഫ്രാന്‍സ്

ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കും; പ്രഖ്യാപനം ജൂണില്‍: ഫ്രാന്‍സ്
X

പാരിസ്: ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രെഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. യുഎസിലെ ന്യൂയോര്‍ക്കില്‍ ജൂണില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടാവുമെന്നും ഫ്രാന്‍സ്-5 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മാക്രോണ്‍ പറഞ്ഞു. ഗസയിലെ ഇസ്രായേല്‍ അധിനിവേശത്തിന് രാഷ്ട്രീയ പരിഹാരം കാണണമെന്ന ആവശ്യം ശക്തമായി വരുന്ന സാഹചര്യത്തിലാണ് മാക്രോണ്‍ നിലപാട് പ്രഖ്യാപിച്ചത്.

'' ഫലസ്തീനെ ഫ്രാന്‍സ് അംഗീകരിക്കണം. വരും മാസങ്ങളില്‍ അതിന്റെ കാര്യങ്ങള്‍ നടക്കും. ജൂണ്‍ മാസത്തില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ദ്വിരാഷ്ട്ര പരിഹാര സമ്മേളനത്തിലായിരിക്കും പ്രഖ്യാപനമുണ്ടാവുക. ഈ സമ്മേളനം നടത്താന്‍ സൗദി അറേബ്യയുമായി സഹകരിച്ചുവരുകയാണ്.''-ഇമ്മാനുവേല്‍ മാക്രോണ്‍ പറഞ്ഞു.

2023 ഒക്ടോബര്‍ മുതല്‍ ഗസയില്‍ അരലക്ഷത്തില്‍ അധികം ഫലസ്തീനികളെയാണ് ഇസ്രായേല്‍ കൊലപ്പെടുത്തിയിരിക്കുന്നത്. ഫലസ്തീന്‍ രാജ്യത്തെ അംഗീകരിക്കാന്‍ ഫ്രാന്‍സിന് വിലക്കില്ലെന്ന് 2024 ഫെബ്രുവരിയിലും മാക്രോണ്‍ പറഞ്ഞിരുന്നു. ഫലസ്തീനെ അംഗീകരിക്കുന്നത് ധാര്‍മികവും രാഷ്ട്രീയവുമായ ആവശ്യമാണെന്നും മാക്രോണ്‍ വിശദീകരിച്ചു.

ഐക്യ രാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളില്‍ 147 എണ്ണവും ഫലസ്തീനെ അംഗീകരിക്കുന്നവരാണ്. കഴിഞ്ഞ മെയ് മാസത്തില്‍, സ്‌പെയിന്‍, അയര്‍ലന്‍ഡ്, നോര്‍വേ എന്നിവര്‍ അംഗീകരിക്കുന്നവരുടെ പട്ടികയില്‍ ചേര്‍ന്നു. ഇതോടെ ഫലസ്തീന് അംഗീകാരം നല്‍കുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ എണ്ണം 10 ആയി. ബള്‍ഗേറിയ, സൈപ്രസ്, മാള്‍ട്ട, ഹംഗറി, പോളണ്ട്, സ്വീഡന്‍, റൊമാനിയ എന്നിവരാണ് അംഗീകരിക്കാനുള്ളത്. അല്‍ബേനിയ, സെര്‍ബിയ, മോണ്ടിനെഗ്രോ, ബെലാറസ് എന്നിവയുള്‍പ്പെടെ കിഴക്കന്‍ യൂറോപ്പിലെ മറ്റ് നിരവധി യൂറോപ്യന്‍ രാജ്യങ്ങളും ഫലസ്തീന്‍ രാഷ്ട്രത്തെ നേരത്തെ തന്നെ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍, യുഎസ്, ബ്രിട്ടന്‍, ജര്‍മനി, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഫലസ്തീനെ അംഗീകരിച്ചിട്ടില്ല. ഫലസ്തീന്‍ രാജ്യത്തെ ലോകം അംഗീകരിച്ചാല്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇസ്രായേലിനെ അംഗീകരിക്കാന്‍ തയ്യാറാവുമെന്നും ഫ്രാന്‍സ് വിലയിരുത്തുന്നുണ്ട്. സൗദി, ഇറാന്‍, ഇറാഖ്, സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രായേലിനെ അംഗീകരിച്ചിട്ടില്ല.

Next Story

RELATED STORIES

Share it