Sub Lead

നെതന്യാഹുവിനെതിരായ ഐസിസിയുടെ അറസ്റ്റ് വാറണ്ട്; തീരുമാനത്തെ പിന്തുണച്ച് ഫ്രാന്‍സ്

നെതന്യാഹുവിനെതിരായ ഐസിസിയുടെ അറസ്റ്റ് വാറണ്ട്; തീരുമാനത്തെ പിന്തുണച്ച് ഫ്രാന്‍സ്
X

പാരിസ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യുദ്ധ മന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാക്കള്‍ എന്നിവര്‍ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐസിസി)യുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി ഫ്രാന്‍സ്. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം, ആരോപണങ്ങളെ പിന്തുണയ്ക്കാനായി പ്രോസിക്യൂട്ടര്‍ മുന്നോട്ടുവച്ച തെളിവുകള്‍ പരിശോധിച്ച ശേഷം, ഈ വാറണ്ടുകള്‍ പുറപ്പെടുവിക്കണമോ എന്ന് തീരുമാനിക്കേണ്ടത് കോടതിയുടെ പ്രീട്രയല്‍ ചേമ്പറായിരിക്കുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും എല്ലാ സാഹചര്യങ്ങളിലും ഫ്രാന്‍സ് പിന്തുണയ്ക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രത്യേകിച്ച് ഗസ മുനമ്പിലെ സിവിലിയന്‍മാരുടെ അവസ്ഥയെക്കുറിച്ചും മാസങ്ങളായി മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നും ഫ്രാന്‍സ് വ്യക്തമാക്കി. ഫ്രാന്‍സിന്റെ തീരുമാനം യുകെ, ഇറ്റലി തുടങ്ങിയ പാശ്ചാത്യ സഖ്യകക്ഷികളുടെ നിലപാടുകളില്‍ നിന്നുള്ള വ്യതിചലനമായാണ് വിലയിരുത്തപ്പെടുന്നത്. തീരുമാനത്തെ അതിശക്തമായി അപലപിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തിനും വിരുദ്ധമാണിത്. ഇതോടെ, യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ വെടിനിര്‍ത്തല്‍ പ്രമേയങ്ങള്‍ വീറ്റോ ചെയ്ത യുഎസിനെ വിമര്‍ശിക്കുകയും ഉടനടി വെടിനിര്‍ത്തലിന് വേണ്ടി വാദിക്കുകയും ചെയ്യുന്നതുള്‍പ്പെടെ, ഇസ്രായേലിനെതിരെ ഉറച്ച നിലപാട് സ്വീകരിക്കാന്‍ തയ്യാറായ ചുരുക്കം ചില പാശ്ചാത്യ രാജ്യങ്ങളില്‍ ഒന്നായി ഫ്രാന്‍സ് വേറിട്ടുനില്‍ക്കുകയാണ്. വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം അവതരിപ്പിച്ചിട്ടും ഇസ്രായേല്‍ ഗസയില്‍ ആക്രമണം തുടരുകയാണ്.

Next Story

RELATED STORIES

Share it