Sub Lead

'ഗസ ലെബനാന് എഴുതുന്നത്': ഹസന്‍ നസ്‌റുല്ലയ്ക്ക് നന്ദി പ്രകാശിപ്പിച്ച് യഹ്‌യാ സിന്‍വാറിന്റെ കത്ത്

ഗസ ലെബനാന് എഴുതുന്നത്: ഹസന്‍ നസ്‌റുല്ലയ്ക്ക് നന്ദി പ്രകാശിപ്പിച്ച് യഹ്‌യാ സിന്‍വാറിന്റെ കത്ത്
X

ഗസ: ലെബനാനിലെ ഹിസ്ബുല്ലാ തലവന്‍ ഹസന്‍ നസ്‌റുല്ലയ്ക്ക് ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി യഹ്‌യാ സിന്‍വാറിന്റെ കത്ത്. ഇസ്രായേല്‍ അധിനിവേശത്തിനെതിരായ ഹമാസിന്റെ ചെറുത്തുനില്‍പ്പ് പോരാട്ടത്തില്‍ ഹിസ്ബുല്ലാ നല്‍കിയ പിന്തുണയ്ക്കും ഇടപെടലുകള്‍ക്കും നന്ദി അറിയിച്ചാണ് സിന്‍വാര്‍ കത്തെഴുതിയത്. 2023 ഒക്ടോബര്‍ 7ന് ആരംഭിച്ച തൂഫാനുല്‍ അഖ്‌സ വര്‍ഷമൊന്ന് പിന്നിടാറാവുമ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഇതിനിടയില്‍ വിവിധ ഘട്ടങ്ങളില്‍ ഹമാസിനെ പിന്തുണച്ച് ഹിസ്ബുല്ലാ സായുധ ഇടപെടല്‍ നടത്തിയിരുന്നു. യഹ്‌യാ സിന്‍വാറിന്റെ കത്ത് ഹിസ്ബുല്ലായുടെ മാധ്യമകാര്യാലയം വെള്ളിയാഴ്ചയാണ് പുറത്തുവിട്ടത്. ജൂലൈ 31ന് ഇറാനിലെ തെഹ്‌റാനില്‍ ഹമാസിന്റെ രാഷ്ട്രീയ കാര്യ തലവന്‍ ഇസ്മാഈല്‍ ഹനിയ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് യഹ്‌യാ സിന്‍വാര്‍ ചുമതലയേറ്റ് ഒരു മാസം പിന്നിടുന്ന വേളയിലാണ് കത്ത്.

പുതിയ ഉത്തരവാദിത്തം ഏറ്റെടുത്തതില്‍ തന്നെ അനുമോദിച്ചും ഇസ്മാഈല്‍ ഹനിയ്യയുടെ രക്തസാക്ഷിത്വത്തില്‍ അനുശോചിച്ചുമുള്ള ഹസന്‍ നസ്‌റുല്ലായുടെ പ്രതികരണത്തിന് സന്ദേശത്തില്‍ സിന്‍വാര്‍ നന്ദി അറിയിച്ചു. ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പോരാട്ടത്തിന് ഹിസ്ബുല്ലാ നല്‍കിയ പിന്തുണയും സജീവ പങ്കാളിത്തവും കത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

'ഈ വിശുദ്ധ യുദ്ധത്തില്‍ ഞങ്ങളെ പിന്തുണച്ചും സഹായിച്ചും പങ്കെടുത്തും ചെറുത്തുനില്‍പ്പ് പോരാട്ടത്തിന്റെ മുന്‍നിരകളില്‍ അനുഗൃഹീത പ്രവൃത്തികളിലൂടെ നിങ്ങള്‍ പ്രകടിപ്പിച്ച ആത്മാര്‍ഥതയും വിശിഷ്ട വികാരങ്ങളും എന്നും ഞങ്ങളെ ഉത്തേജിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ ഐക്യദാര്‍ഢ്യത്തിനു നന്ദി'. കത്തില്‍ സിന്‍വാര്‍ കുറിച്ച വരികളാണിത്. ഫലസ്തീന്‍ ജനതയുടെ ജീവനേക്കാള്‍ ഒട്ടും വിലയേറിയതല്ല നേതാക്കളുടെ ജീവന്‍ എന്ന ആശയത്തിന് അടിവരയിടുന്ന ഒരു പവിത്രരേഖയാണ് തൂഫാനുല്‍ അഖ്‌സയുടെ ദീര്‍ഘവേളയ്ക്കിടയിലെ ഹനിയ്യയുടെ രക്തസാക്ഷ്യമെന്നും സിന്‍വാര്‍ ഊന്നിപ്പറഞ്ഞു.

'ഹനിയ്യയുടെയും അദ്ദേഹത്തിന്റെ മക്കളുടെയും പേരക്കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും ചോര, ഗസയിലും വെസ്റ്റ് ബാങ്കിലും ഖുദ്‌സിലും അധിനിവേശമണ്ണിലും പൊരുതുന്ന ഞങ്ങളുടെ ജനതയുടെ ജീവത്യാഗങ്ങളില്‍ അലിഞ്ഞുചേര്‍ന്നതാണ്. രക്തസാക്ഷികളുടെ ത്യാഗങ്ങള്‍ നാസി സയണിസ്റ്റ് അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പിനെ ശക്തിപ്പെടുത്തുകയും ദൃഢപ്പെടുത്തുകയും മാത്രമാണ് ചെയ്യുക'-സിന്‍വാര്‍ അനുസ്മരിച്ചു. സയണിസ്റ്റ് പദ്ധതികള്‍ക്കെതിരായ പോരാട്ട അച്ചുതണ്ടില്‍ ഫലസ്തീനികളുടെ ഐക്യത്തിന്റെയും ഫലസ്തീന്‍ രാഷ്ട്രത്തിന്റെ വിശാല ഐക്യത്തിന്റെയും പ്രാധാന്യവും അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു.

'ഹമാസും പോരാളികളും ഈ പാതയില്‍ തുടരും. വിശുദ്ധ യുദ്ധത്തിന്റെയും ചെറുത്തുനില്‍പ്പ് പോരാട്ടങ്ങളുടെയും ഉമ്മത്തിന്റെ ഐക്യത്തിന്റെയും ആദര്‍ശമാര്‍ഗത്തില്‍ ഫലസ്തീനികള്‍ തിരഞ്ഞെടുത്തതാണിത്. അവരുടെ ഹൃദയങ്ങളില്‍ അത് ജീവത്തായി നിലനില്‍ക്കും കത്തില്‍ സിന്‍വാര്‍ കുറിച്ചു.

Next Story

RELATED STORIES

Share it