Sub Lead

ഗൗരി ലങ്കേഷ് കൊലക്കേസ് പ്രതി ശിവസേനയില്‍; ജല്‍ന മണ്ഡലത്തിന്റെ ചുമതലയും നല്‍കി

പൂനെയില്‍ 2018ല്‍ നടന്ന സംഗീത പരിപാടിയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസിലും ഇയാള്‍ പ്രതിയാണ്.

ഗൗരി ലങ്കേഷ് കൊലക്കേസ് പ്രതി ശിവസേനയില്‍; ജല്‍ന മണ്ഡലത്തിന്റെ ചുമതലയും നല്‍കി
X

മുംബൈ: കര്‍ണാടകയിലെ മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിനെ വെടിവെച്ചു കൊന്ന കേസിലെ പ്രതി ശിവസേനയില്‍ ചേര്‍ന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നേതൃത്വം നല്‍കുന്ന ശിവസേനയിലാണ് പ്രതി ശ്രീകാന്ത് പങ്ഗാര്‍ക്കര്‍ ചേര്‍ന്നിരിക്കുന്നത്. ഇതോടെ ജല്‍ന നിയമസഭാ മണ്ഡലത്തിന്റെ ചുമതലയും പാര്‍ട്ടി ഇയാള്‍ക്ക് നല്‍കി.

2017ലാണ് ഗൗരിലങ്കേഷിനെ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ വെടിവെച്ചു കൊന്നത്. ഈ കേസില്‍ അറസ്റ്റിലായ ശ്രീകാന്ത് ജാമ്യത്തിലിറങ്ങിയിരുന്നു. ഉടനെ ഇയാളെ പാര്‍ട്ടിയില്‍ എടുക്കുകയായിരുന്നു. മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ അര്‍ജുന്‍ ഖോല്‍ക്കറുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. ശ്രീകാന്ത് എല്ലായ്‌പ്പോഴും ശിവസേനാ അംഗമായിരുന്നുവെന്നും ഇപ്പോള്‍ തിരികെ വന്നിരിക്കുകയാണെന്നും അര്‍ജുന്‍ ഖോല്‍ക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

2001 മുതല്‍ 2006 വരെ ജല്‍നയിലെ കൗണ്‍സിലര്‍ ആയിരുന്നു ശ്രീകാന്ത്. 2011ല്‍ സീറ്റ് നിഷേധിച്ചതോടെ ശിവസേന വിട്ടു. അതിന് ശേഷം ജനജാഗൃതാ സമിതി എന്ന ഹിന്ദുത്വ സംഘടനയില്‍ ചേര്‍ന്നു. ഈ സംഘടനയാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പൂനെയില്‍ 2018ല്‍ നടന്ന സംഗീത പരിപാടിയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസിലും ഇയാള്‍ പ്രതിയാണ്. ശ്രീകാന്ത് അടക്കം നാലു പേര്‍ പ്രതിയായ കേസ് യുഎപിഎ പ്രകാരമാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Next Story

RELATED STORIES

Share it