Sub Lead

ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

ഓര്‍ഡിനന്‍സില്‍ ഒപ്പ് വെച്ചതോട് കൂടി മന്ത്രിസഭാ യോഗത്തില്‍ നിയമസഭാ സമ്മേളനം ചേരുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാന്‍ സാധിക്കും

ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു
X

തിരുവനന്തപുരം:ലോകായുക്താ നിയമഭേദഗതിക്ക് അംഗീകാരം. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു.ഇതോടെ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു. വിദേശയാത്രയ്ക്കു ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചതിനു പിന്നാലെയാണ് ഗവര്‍ണറുടെ ഈ നീക്കം.

ഓര്‍ഡിനന്‍സിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഭരണഘടനയ്ക്കു വിരുദ്ധമായ അധികാരം ലോകായുക്തയ്ക്കു നല്‍കേണ്ടതില്ലെന്നാണു നിയമോപദേശമെന്നുമാണ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വിശദീകരിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ ലോകായുക്തയ്ക്ക് ഈ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി. തന്റെ പരിശോധനയിലും അക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നു ഗവര്‍ണര്‍ മറുപടി നല്‍കിയെന്നാണ് വിവരം.

ഓര്‍ഡിനന്‍സില്‍ ഒപ്പ് വെച്ചതോട് കൂടി മന്ത്രിസഭാ യോഗത്തില്‍ നിയമസഭാ സമ്മേളനം ചേരുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാന്‍ സാധിക്കും. ഓര്‍ഡിനന്‍സ് ഒപ്പിടാതിരിക്കുന്ന സാഹര്യം ഉണ്ടായിരുന്നുവെങ്കില്‍ നിയമസഭ ചേരുന്നതിന് തടസം വരുമായിരുന്നു.

അഴിമതിക്കേസില്‍ മന്ത്രിമാര്‍ മാറിനില്‍ക്കണമെന്ന് ലോകായുക്ത വിധിച്ചാല്‍ അത് തള്ളാനുള്ള അധികാരം സര്‍ക്കാരിന് നല്‍കുന്നതാണ് പ്രധാന ഭേദഗതി. എന്നാല്‍ ലോകായുക്തയുടെ മുന്നിലുള്ള കേസുകളില്‍നിന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും രക്ഷപ്പെടാനാണ് ഭേദഗതിയെന്ന് ആരോപിച്ച് പ്രതിപക്ഷം എതിര്‍ത്തിരുന്നു.

1999 ലെ ലോകായുക്ത നിയമത്തിലെ 14ാം വകുപ്പു പ്രകാരം ലോകായുക്തയുടെ പ്രഖ്യാപനം അധികാരികള്‍ അതേപടി അംഗീകരിച്ച് കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ അധികാര സ്ഥാനത്തുനിന്നു നീക്കണം. ബന്ധപ്പെട്ട അധികാരി 3 മാസത്തിനകം പ്രഖ്യാപനം തള്ളിയില്ലെങ്കില്‍ അത് അംഗീകരിച്ചതായി കണക്കാക്കും. ഓര്‍ഡിനന്‍സ് പ്രാബല്യത്തിലാകുന്നതോടെ ലോകായുക്തയുടെ ഈ അധികാരം ഇല്ലാതാകും. സര്‍ക്കാരിനു കുറ്റാരോപിതരുടെ ഹിയറിങ് നടത്തി 3 മാസത്തിനകം ലോകായുക്ത തീരുമാനം തള്ളുകയോ കൊള്ളുകയോ ചെയ്യാം.വിരമിച്ച സുപ്രീം കോടതി ജഡ്ജിയെയോ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസിനെയോ ആണ് നിലവില്‍ ലോകായുക്തയായി നിയമിക്കേണ്ടത്. ഹൈക്കോടതി മുന്‍ ജഡ്ജിമാരെയും നിയമിക്കാമെന്ന വ്യവസ്ഥയും ഓര്‍ഡിനന്‍സിലുണ്ട്.

Next Story

RELATED STORIES

Share it