Sub Lead

പ്രതിഷേധിക്കുന്നത് കണ്ടിട്ടില്ലെന്ന് സാക്ഷി; ഗ്രോ വാസുവിന്റെ വിചാരണ 12 ലേക്ക് മാറ്റി

പ്രതിഷേധിക്കുന്നത് കണ്ടിട്ടില്ലെന്ന് സാക്ഷി; ഗ്രോ വാസുവിന്റെ വിചാരണ 12 ലേക്ക് മാറ്റി
X

കോഴിക്കോട്: വ്യാജഏറ്റുമുട്ടല്‍ കൊലയില്‍ പ്രതിഷേധിച്ചെന്ന് ആരോപിച്ച് ജയിലിലടച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിന്റെ വിചാരണ സപ്തംബര്‍ 12 ലേക്ക് നീട്ടി. കേസിലെ നാലാം സാക്ഷിയെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കുന്നമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിചാരണ മാറ്റിയത്. അതിനിടെ, കനത്തസുരക്ഷയില്‍ കോടതിയിലെത്തി ഗ്രോ വാസു മുദ്രാവാക്യം വിളി ഇത്തവണയും തുടര്‍ന്നു. ഇങ്ക്വിലാബ് സിന്ദാബാദ്, പശ്ചിമഘട്ട രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയ അദ്ദേഹത്തെ ബലപ്രയോഗിച്ചാണ് പോലിസുകാര്‍ വാഹനത്തിലേക്കു മാറ്റിയത്. കഴിഞ്ഞ രണ്ടുതവണ കോടതിയില്‍ ഹാജരാക്കിയപ്പോഴും പ്രതിഷേധ മുദ്രാവാക്യം വിളിച്ചിരുന്നു. കഴിഞ്ഞ തവണ, ഗ്രോവാസുവിന്റെ മുഖം പോലിസുകാര്‍ തൊപ്പി കൊണ്ട് മറയ്ക്കാന്‍ ശ്രമിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. നിലമ്പൂരില്‍ മാവോവാദി ബന്ധം ആരോപിച്ച് തണ്ടര്‍ബോള്‍ട്ട് സംഘം വെടിവച്ചുകൊന്നവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുമ്പില്‍ സംഘം ചേര്‍ന്ന് മാര്‍ഗതടസ്സം സൃഷ്ടിച്ച് പ്രതിഷേധിച്ചെന്ന കേസിലാണ് ഗ്രോവാസുവിനെ റിമാന്റ് ചെയ്തത്. കേസില്‍ സമന്‍സ് അയച്ചിട്ടും ഹാജരായില്ലുന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാല്‍, പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന വിഭാവനം ചെയ്യുന്നതാണെന്നും കേസിനെ അംഗീകരിക്കുന്നില്ലെന്നും പറഞ്ഞ് ജാമ്യത്തെ ഗ്രോവാസു നിരസിക്കുകയായിരുന്നു. കുന്നമംഗലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഗ്രോ വാസുവിന് ജാമ്യം അനുവദിച്ചിരുന്നത്. ഇതിനു വഴങ്ങാതിരുന്നതോടെയാണ് റിമാന്റ് ചെയ്തത്.

അതിനിടെ, കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയായ ലാലു കോടതിയില്‍ കൂറുമാറി. ഗ്രോ വാസു പ്രതിഷേധിക്കുന്നത് കണ്ടിട്ടില്ലെന്നും മൊഴി പോലിസ് വായിച്ചുകേള്‍പ്പിച്ചില്ലെന്നും ഏഴാം സാക്ഷി ലാലു കോടതിയില്‍ പറഞ്ഞു. 2016 നവംബറില്‍ നിലമ്പൂര്‍ കരുളായി വനമേഖലയിലാണ് മാവോവാദി ബന്ധം ആരോപിച്ച് കുപ്പു ദേവരാജ്, അജിത പരമേശന്‍ എന്നിവരെ വെടിവച്ചു കൊന്നത്.

Next Story

RELATED STORIES

Share it