Sub Lead

തെക്കന്‍ സിറിയയില്‍ ഇസ്രായേല്‍ വിരുദ്ധ പ്രതിരോധ പ്രസ്ഥാനങ്ങള്‍ ശക്തമാവുന്നതായി റിപോര്‍ട്ട്

തെക്കന്‍ സിറിയയില്‍ ഇസ്രായേല്‍ വിരുദ്ധ പ്രതിരോധ പ്രസ്ഥാനങ്ങള്‍ ശക്തമാവുന്നതായി റിപോര്‍ട്ട്
X

ദമസ്‌ക്‌സ്: തെക്കന്‍ സിറിയയിലെ ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ സായുധപ്രതിരോധം ശക്തമാവുന്നതായി റിപോര്‍ട്ട്. ഏപ്രില്‍ മൂന്നിന് ധരാ പ്രവിശ്യയില്‍ ഇസ്രായേല്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ 11 പേര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ പ്രദേശത്ത് നിന്ന് ഇസ്രായേലിന്റെ ഗോലാനി ബ്രിഗേഡ് പിന്‍മാറി. ധരായിലെ നവാ പട്ടണത്തിന്റെയും അല്‍ മന്ദ്ര അണക്കെട്ടിന്റെയും നിയന്ത്രണം ഇസ്രായേലി സൈന്യം ഉപേക്ഷിച്ചു.


തെക്കന്‍ സിറിയയില്‍ ഇസ്രായേലി സൈന്യം കനത്ത വെല്ലുവിളികള്‍ നേരിടുന്നതായി സയണിസ്റ്റ് മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ നേരിടാത്ത രീതിയിലുള്ള ആക്രമണങ്ങളാണ് നേരിടുന്നതെന്ന് ഇസ്രായേലി സൈന്യം പറയുന്നു. പതിയിരുന്നാക്രമണങ്ങളാണ് കൂടുതലും. ഇസ്രായേലിനെതിരെ പോരാടാന്‍ പ്രദേശത്തെ പള്ളികളില്‍ നിന്ന് ആഹ്വാനവും വരുന്നുണ്ട്. ഇസ്രായേലിനെതിരെ ജിഹാദ് നടത്താന്‍ ആഗോളതലത്തില്‍ തന്നെ ഇസ്‌ലാമിക പണ്ഡിതര്‍ ഫത്‌വയും ഇറക്കിയിരുന്നു.

ഇസ്‌ലാമിക് റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന സംഘടനയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. കുറച്ചുകാലമായി ഈ സംഘടന പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജനുവരി മുതല്‍ പ്രവര്‍ത്തനം സജീവമായിട്ടുണ്ട്. ലബ്‌നാനിലെ ഹിസ്ബുല്ലയുമായി സാമ്യമുള്ള പതാകയാണ് ഇവരുടേതെന്നും ഇറാന്റെ നേതൃത്വത്തിലുള്ള സംഘടനയാവാം ഇതെന്നും യുഎസ് മാധ്യമങ്ങള്‍ വിലയിരുത്തുന്നു.


ഇസ്രായേലി സൈന്യത്തെ തെക്കന്‍ സിറിയയില്‍ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് സംഘടന പ്രഖ്യാപിച്ചു കഴിഞ്ഞു. സിറിയയുടെ ഗോലാന്‍ കുന്നുകള്‍ പതിറ്റാണ്ടുകളായി ഇസ്രായേല്‍ കൈയ്യടക്കി വച്ചിരിക്കുകയാണ്. 2024 ഡിസംബര്‍ എട്ടിന് ബശാറുല്‍ അസദ് അധികാരത്തില്‍ നിന്നും പുറത്തായ ശേഷം തെക്കന്‍ സിറിയയിലെ നിരവധി പ്രദേശങ്ങള്‍ ഇസ്രായേല്‍ പിടിച്ചെടുത്തിട്ടുണ്ട്. ഈ പ്രദേശങ്ങളെ അടക്കം മോചിപ്പിക്കുമെന്നാണ് സംഘടന പ്രഖ്യാപിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it