Sub Lead

എസ്എംഎ ബാധിതരുടെ മരുന്നിന് നികുതി ഒഴിവാക്കി; വില 70 ലക്ഷം രൂപയോളം കുറയും

കാന്‍സര്‍ മരുന്നുകളുടെ ജിഎസ്ടി നിരക്ക് 12ല്‍ നിന്ന് 5 ശതമാനമാക്കി. ഇതോടെ കാന്‍സര്‍ മരുന്നുകളുടെ വില കുറയും. ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയുള്ള ഭക്ഷണവിതരണത്തിനു റസ്റ്റോറന്റുകളിലേതിന് സമാനമായി അഞ്ചുശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തി.

എസ്എംഎ ബാധിതരുടെ മരുന്നിന് നികുതി ഒഴിവാക്കി; വില 70 ലക്ഷം രൂപയോളം കുറയും
X

കോട്ടയം: അപൂര്‍വ ജനിതകരോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ബാധിതരുടെ മരുന്നിന് നികുതി ഒഴിവാക്കി. എസ്എംഎ രോഗത്തിന് ഉപയോഗിക്കുന്ന കോടികള്‍ വിലവരുന്ന സോള്‍ജിന്‍സ്മ ഇന്‍ജക്ഷന്‍ ഉള്‍പ്പെടെയുള്ള മരുന്നുകളെയാണ് ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കിയത്. ലഖ്‌നോവില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. ഇറക്കുമതി ചെയ്യുന്ന എസ്എംഎ മരുന്നിന് കോടികളാണ് വില. കാന്‍സര്‍ മരുന്നുകളുടെ ജിഎസ്ടി നിരക്ക് 12ല്‍ നിന്ന് 5 ശതമാനമാക്കി. ഇതോടെ കാന്‍സര്‍ മരുന്നുകളുടെ വില കുറയും. ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയുള്ള ഭക്ഷണവിതരണത്തിനു റസ്റ്റോറന്റുകളിലേതിന് സമാനമായി അഞ്ചുശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തി.

2022 ജനുവരി ഒന്ന് മുതല്‍ ആപ്പ് വഴിയുള്ള ഭക്ഷണ വിതരണത്തിന് ജിഎസ്ടി ഈടാക്കാന്‍ ആരംഭിക്കും. ആപ്പുകളില്‍നിന്നായിരിക്കും നികുതി ഈടാക്കുക. കൊവിഡ് മരുന്നുകളുടെയും ചികില്‍സാ ഉപകരണങ്ങളുടെയും നികുതിയിളവ് ഡിസംബര്‍ 31 വരെ നീട്ടി. കാര്‍ബണേറ്റഡ് പഴച്ചാറിന് 28 ശതമാനം നികുതിയും 12 ശതമാനം സെസ്സും ഏര്‍പ്പെടുത്തി. പെട്രോളിയം ഉല്‍പ്പന്നങ്ങളെ തല്‍ക്കാലം ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തില്ല. വരുമാനനഷ്ടം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ ജിഎസ്ടി കൗണ്‍സിലില്‍ ഒറ്റക്കെട്ടായി എതിര്‍ത്തതോടെയാണിത്. ഈ വിഷയത്തില്‍ കൗണ്‍സിലില്‍ ചര്‍ച്ചകള്‍ തുടരും. ബയോ ഡീസലിന്റെ നികുതി കുറച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

12 ശതമാനമുണ്ടായിരുന്ന നികുതി അഞ്ച് ശതമാനമാക്കിയാണ് കുറച്ചത്. 70 ലക്ഷം രൂപയോളം വരുന്ന എസ്എംഎ മരുന്നിന്റെ വില ഗണ്യമായി കുറയാന്‍ സഹായിക്കുന്നതാണ് തീരുമാനമെന്ന് തോമസ് ചാഴിക്കാടന്‍ എംപി പറഞ്ഞു. സംസ്ഥാനത്ത് ആകെ 122 കുട്ടികളാണ് ഈ രോഗം ബാധിച്ച് ചികില്‍സ തേടുന്നത്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു. എസ്എംഎ ബാധിതനായ തിരുവാതുക്കല്‍ സ്വദേശി എട്ടുവയസ്സുകാരനായ ഗുരുചിത്തിനെ സന്ദര്‍ശിച്ച ശേഷം നികുതി കുറയ്ക്കുന്നതിന് ഇടപെടല്‍ നടത്തുമെന്ന് എംപി വ്യക്തമാക്കിയിരുന്നു.

സന്ദര്‍ശനത്തിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ടവ്യയെ നേരില്‍ കണ്ട് ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും വിഷയം ശ്രദ്ധയില്‍പെടുത്തി കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമെടുക്കുകയായിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്‍, തോമസ് ചാഴിക്കാടന്‍ എംപി, ഗവ. ചീഫ് വിപ്പ് എന്‍ ജയരാജ് എന്നിവര്‍ ഗുരുചിതിനെ വീട്ടിലെത്തി കണ്ടിരുന്നു.

തിരുവാതുക്കല്‍ ചെമ്പകയില്‍ പി അജികേഷിന്റെയും ധന്യയുടെയും മകനായ ഗുരുചിത്ത് വീല്‍ചെയറിലാണു ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നത്. എസ്എംഎ ബാധിതരുടെ പ്രശ്‌നം ജയരാജ് നിയമസഭയിലും ഉന്നയിച്ചിരുന്നു. മരുന്ന് എത്തിക്കുന്നതിനും നികുതി ഒഴിവാക്കി കുറഞ്ഞ വിലയില്‍ മരുന്ന് ലഭ്യമാക്കുന്നതിനും വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കുടുംബത്തിന് ഉറപ്പുനല്‍കിയിരുന്നതായി തോമസ് ചാഴിക്കാടന്‍ എംപി അറിയിച്ചു.

Next Story

RELATED STORIES

Share it