Sub Lead

ഗുജറാത്ത് തിരഞ്ഞെടുപ്പ്; ഉച്ചവരെ പോളിങ് മന്ദഗതിയില്‍

ഗുജറാത്ത് തിരഞ്ഞെടുപ്പ്; ഉച്ചവരെ പോളിങ് മന്ദഗതിയില്‍
X

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പില്‍ ആദ്യ മണിക്കൂറുകളിലെ പോളിങ് മന്ദഗതിയില്‍. ഉച്ചയ്ക്ക് ഒന്ന് വരെ 34 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. രാവിലെ എട്ടിനാണ് പോളിങ് ആരംഭിച്ചത്. രാവിലെ 11 മണിവരെ 18.86 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ജാം നഗര്‍ നോര്‍ത്ത് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ റിബാബ, ഭര്‍ത്താവായ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, ആഭ്യന്തര മന്ത്രി ഹര്‍ഷ് സാങ്‌വി, കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകള്‍ മുംതാസ് പട്ടേല്‍ തുടങ്ങിയ പ്രമുഖര്‍ ആദ്യ മണിക്കൂറുകളില്‍ തന്നെ വോട്ടുചെയ്യാനെത്തി.

സൗരാഷ്ട്ര, സൂറത്ത് അടക്കം 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളില്‍ 49 സീറ്റുകളും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി സ്വന്തമാക്കിയതാണ്. 40 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ഒരിടത്ത് സ്വതന്ത്രനായിരുന്നു ജയം. ബിജെപിയും കോണ്‍ഗ്രസും 89 സീറ്റുകളിലും മത്സരിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ആദ്യമായി കടുത്ത മത്സരമുയര്‍ത്തുന്ന ആം ആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റില്‍ സ്ഥാനാര്‍ഥിയില്ല. സൂറത്ത് ഈസ്റ്റിലെ എഎപി സ്ഥാനാര്‍ഥി നേരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. തൂക്കുപാലം തകര്‍ന്ന് ദുരന്തം ഉണ്ടായ മോര്‍ബിയിലും ഇന്നാണ് പോളിംഗ്. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ മത്സരം നടക്കുന്ന ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിയും ശക്തമായ സാന്നിധ്യമാണ്.

തുടര്‍ഭരണത്തിനായി ബിജെപിയും ഭരണം തിരികെപ്പിടിക്കാന്‍ കോണ്‍ഗ്രസും പഞ്ചാബിലേതുപോലെ അദ്ഭുതം കാട്ടാന്‍ എഎപിയും വ്യാപക പ്രചാരണം നടത്തി. ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്ന 89 സീറ്റുകളിലേക്ക് 788 സ്ഥാനാര്‍ഥികളാണ് മല്‍സരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ തുടങ്ങിയവരാണ് പ്രചാരണങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. സംസ്ഥാനത്ത് കനത്ത സുരക്ഷാ സന്നാഹങ്ങളും വെബ്കാസ്റ്റിങ് അടക്കമുള്ളവയും ഒരുക്കിയിട്ടുണ്ടെന്ന് തിരഞ്ഞടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it