Sub Lead

ഹജ്ജ് ക്യാംപ് സംസ്ഥാനതല ഉദ്ഘാടനം നാളെ കണ്ണൂരില്‍; ആദ്യ വിമാനം ഞായറാഴ്ച പുലര്‍ച്ചെ 1.30ന്

ഹജ്ജ് ക്യാംപ് സംസ്ഥാനതല ഉദ്ഘാടനം നാളെ കണ്ണൂരില്‍; ആദ്യ വിമാനം ഞായറാഴ്ച പുലര്‍ച്ചെ 1.30ന്
X
കണ്ണൂര്‍: ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപിന്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ രാവിലെ 10.30ന് മട്ടന്നൂരിലെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അധ്യക്ഷത വഹിക്കും. ആദ്യ ഹജ്ജ് വിമാനത്തിന്റെ ഫ്‌ലാഗ് ഓഫ് ഞായറാഴ്ച പുലര്‍ച്ചെ 1.30ന് കായിക ന്യൂനപക്ഷ ക്ഷേമ, വഖ്ഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുര്‍റഹ്മാന്‍ നിര്‍വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. എംപിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഹജ്ജ് കമ്മറ്റി അംഗവും ഹജ്ജ് ക്യാംപ് സ്വാഗത സംഘം കണ്‍വീനറുമായ പി പി മുഹമ്മദ് റാഫി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

759 പുരുഷന്മാരും 1184 സ്ത്രീകളും ഉള്‍പ്പെടെ 1943 തീര്‍ഥാടകരാണ് കണ്ണൂരില്‍ നിന്ന് ഹജ്ജിന് പുറപ്പെടുക. ജൂണ്‍ 23 വരെ 13 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ജിദ്ദയിലേക്ക് സര്‍വീസ് നടത്തുന്നത്. ഒരു വിമാനത്തില്‍ 145 യാത്രക്കാരാണ് ഉണ്ടാവുക. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെ പൊതുജനങ്ങള്‍ക്കും ഹജ്ജ് ക്യാംപ് സന്ദര്‍ശിക്കാം. വരുന്നവര്‍ ടോളോ പാര്‍ക്കിങ് ഫീസോ നല്‍കേണ്ടതില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 71 തീര്‍ഥാടകരും കണ്ണൂരിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതായി ഹജ്ജ് കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. മഹാരാഷ്ട്ര-2, കര്‍ണാടക-42, പുതുച്ചേരി-25, ഉത്തര്‍പ്രദേശ്-2 എന്നിങ്ങനെയാണ് ഇതര സംസ്ഥാന തീര്‍ത്ഥാടകരുടെ കണക്ക്.

സംസ്ഥാന ഹജജ് കമ്മറ്റിയുടെയും ഹജ്ജ് സെല്ലിന്റെയും ആഭിമുഖ്യത്തില്‍ വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്‌സിലാണ് ഹജ്ജ് ക്യാംപിനുള്ള വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 150 വോളന്റിയര്‍മാര്‍, പോലിസ്, ആരോഗ്യം, അഗ്‌നി സുരക്ഷാ തുടങ്ങി വിവിധ വകുപ്പുകള്‍, 200ലേറെ അഗങ്ങളുള്ള വിവിധ സബ് കമ്മറ്റികള്‍ തുടങ്ങിയവര്‍ ക്യാംപിന്റെ സംഘാടനത്തിലും നടത്തിപ്പിലും ബദ്ധശ്രദ്ധരാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ആദ്യദിവസത്തെ യാത്രക്കാര്‍. മുഴുവന്‍ തീര്‍ത്ഥാടകരും ഊഴമനസരിച്ച് യാത്രാ സമയത്തിന്റെ 24 മണിക്കൂര്‍ മുമ്പ് തന്നെ വിമാനത്താവളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റില്‍ റിപോര്‍ട്ട് ചെയ്യണമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം പി ടി അക്ബര്‍, എംബാര്‍ക്കേഷന്‍ നോഡല്‍ ഓഫിസര്‍ എം സി കെ അബ്ദുല്‍ ഗഫൂര്‍, സംഘാടകസമിതി കണ്‍വീനര്‍ സി കെ സുബൈര്‍ ഹാജി, സെല്‍ ഓഫിസര്‍ എസ് നജീബ്, മീഡിയാ കമ്മിറ്റി ചെയര്‍മാന്‍ പി ശ്രീനാഥ് പങ്കെടുത്തു.

Next Story

RELATED STORIES

Share it