Sub Lead

മതവിദ്വേഷ പരാമര്‍ശം: അഡ്വ.കൃഷ്ണരാജിനെതിരേ കേസെടുത്ത് പോലിസ്

മതവിദ്വേഷ പരാമര്‍ശം: അഡ്വ.കൃഷ്ണരാജിനെതിരേ കേസെടുത്ത് പോലിസ്
X

കോഴിക്കോട്: മതവിദ്വേഷ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ അഡ്വ.കൃഷ്ണരാജിനെതിരേ പോലിസ് കേസെടുത്തു. കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഡ്വ. വി ആര്‍ അനൂപ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തിയതിന് ഇന്ത്യന്‍ ശിക്ഷാനിയമം 295 എ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലിസാണ് കൃഷ്ണരാജിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ ഫേസ്ബുക്കിലൂടെ മുസ്‌ലിം വിദ്വേഷ പരാമര്‍ശം നടത്തിയ കൃഷ്ണരാജിനെതിരേ മെയ് 30ന് പരാതി നല്‍കിയെങ്കിലും പോലിസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് പോലിസ് ഒടുവില്‍ കേസെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.

വസ്ത്രത്തിന്റെ പേരില്‍ കെഎസ്ആര്‍ടിസി ബസ്സിലെ ഡ്രൈവര്‍ക്കെതിരേ സൈബര്‍ ആക്രമണം നടന്ന സമയത്ത് 'ഹൂറികളെ തേടിയുള്ള തീര്‍ത്ഥയാത്ര, കൊണ്ടോട്ടിയില്‍നിന്നു കാബൂളിലേക്ക് പിണറായി സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക സര്‍വീസ്' എന്നാണ് കൃഷ്ണരാജ് ഫേസ്ബുക്കില്‍ എഴുതിയത്. ഇതിനെതിരേയാണ് അനൂപ് കൊച്ചി പോലിസ് കമ്മീഷണര്‍ക്ക് മെയ് 30ന് പരാതി നല്‍കിയത്. കൃഷ്ണരാജിനെതിരേ പ്രവാചക നിന്ദ നടത്തിയതിനുള്ള കേസ് പിന്നാലെ വരുന്നുണ്ടെന്ന് അഡ്വ.വി ആര്‍ അനൂപ് ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, അനന്തപുരി ഹിന്ദു സമ്മേളനത്തിലെ പ്രവാചകനിന്ദയ്‌ക്കെതിരേ അഡ്വ. കൃഷ്ണരാജിനും സംഘാടകര്‍ക്കുമെതിരേ വി ആര്‍ അനൂപ് നല്‍കിയ പരാതിയില്‍ ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല.

പരാതി പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന് കൈമാറിയെന്നാണ് ഡിജിപിയുടെ ഓഫിസ് നല്‍കുന്ന വിവരം. പോലിസിന്റെ അടുത്ത നടപടിക്കായി കാത്തിരിക്കുകയാണെന്നും നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അനൂപ് വ്യക്തമാക്കി. മതവിദ്വേഷ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ തനിക്കെതിരേ കേസെടുക്കാന്‍ കൃഷ്ണരാജ് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചിരുന്നു. '''ഞാന്‍ ഒരു തീവ്ര ഹിന്ദുവാണ് ... ധൈര്യമുണ്ടെങ്കില്‍, പിണറായി എനിക്കെതിരേ കേസെടുക്കട്ടെ '- എന്നായിരുന്നു കൃഷ്ണരാജിന്റെ ഭീഷണി. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വപ്‌നാ സുരേഷിന്റെ അഭിഭാഷകനാണ് അഡ്വ. കൃഷ്ണരാജ്.

Next Story

RELATED STORIES

Share it