Sub Lead

ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴക്കെടുതി രൂക്ഷം;മഹാരാഷ്ട്രയില്‍ മരണ സംഖ്യ 83 ആയി,ഗുജറാത്തില്‍ 68

ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴക്കെടുതി രൂക്ഷം;മഹാരാഷ്ട്രയില്‍ മരണ സംഖ്യ 83 ആയി,ഗുജറാത്തില്‍ 68
X
ന്യൂഡല്‍ഹി:മഹാരാഷ്ട്രയിലും ഗുജറാത്തിലും മഴക്കെടുതി രൂക്ഷം.മഹാരാഷ്ട്രയില്‍ കാലവര്‍ഷക്കെടുതിയില്‍ മരണമടഞ്ഞവരുടെ എണ്ണം 83 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 6 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 6 പേര്‍ കൂടി മരിച്ചു.ഇതോടെ മരണം 68 ആയി.

മഹാരാഷ്ട്രയില്‍ കനത്ത മഴയില്‍ രണ്ടു പേരെ കാണാതായി. 95 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഇതുവരെ 353 പേരെയാണ് ഒഴിപ്പിച്ചത്. ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വിതച്ചത് ഘട്ട്ചരോളിയിലാണ്.ഉത്തര മഹാരാഷ്ട്രയിലെ നാസിക്കില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാരോടും കച്ചവടക്കാരോടും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കയാണ്.

വെള്ളപ്പൊക്കത്തില്‍ പല ഗ്രാമങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെട്ടതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ക്കായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ സഹായവും ദുരിതബാധിത പ്രദേശങ്ങളില്‍ എത്തിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പാല്‍ഘര്‍ ജില്ലയിലെ 8 ഗ്രാമങ്ങളിലേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്,ഏഴോളം വീടുകളും തകര്‍ന്നു.

മുംബൈയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് രണ്ടുപേര്‍ മരിച്ചു. പാല്‍ഘറിനടുത്ത് വസായിയില്‍ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. കനത്ത മഴക്ക് സാധ്യത മുന്നില്‍ കണ്ട് മഹാരാഷ്ട്രയില്‍ അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുംബൈയിലും താനെയിലും വ്യാഴാഴ്ച വരെ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്.

ഗുജറാത്തില്‍ മുപ്പതിനായിരത്തോളം പേരെ അപകട മേഖലകളില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ഇരുപതിനായിരത്തിലേറെ പേരെ ക്യാംപുകളിലേക്ക് മാറ്റി. ദേശീയ ദുരന്ത നിവരാണ സേനയുടെ 18 സംഘങ്ങളെ സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചു.

ദക്ഷിണ, മധ്യ ഗുജറാത്ത് ജില്ലകള്‍ക്ക് പിന്നാലെ രാജ്‌കോട്ടിലും കച്ചിലും മഴ ശക്തമായിട്ടുണ്ട്. രാജ്‌കോട്ടില്‍ കനത്ത മഴയില്‍ ചുമരിടിഞ്ഞ് വീണ് നാല് കുട്ടികള്‍ക്ക് പരിക്കേറ്റു. രാജ്‌കോട്ടില്‍ റോഡിലെ വെള്ളക്കെട്ടില്‍ മോട്ടോര്‍സൈക്കിള്‍ വീണ് ഒഴുക്കില്‍പ്പെട്ട അമ്പതുകാരന്‍ മരിച്ചു. ഇയാളുടെ മൃതദേഹം അജി നദിയില്‍ നിന്ന് കണ്ടെത്തി. അംബികാ നദിക്കരയിലെ ചെമ്മീന്‍ കുളത്തില്‍ ജോലി ചെയ്യുകയായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

മധ്യപ്രദേശിലും കനത്ത മഴ തുടരുകയാണ്.റോഡുകളും സ്ഥാപനങ്ങളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.ബേതുള്‍ ജില്ലയില്‍ കരകവിഞ്ഞൊഴുകുന്ന പുഴയ്ക്ക് കുറുകെ പാലത്തിലൂടെ എട്ട് യാത്രക്കാരുമായി പോയ വാഹനം ഒഴുക്കില്‍പ്പെട്ടു.ഒരു സ്ത്രീയുള്‍പ്പെടേ മൂന്ന് പേര്‍ മരിച്ചു.രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു.മൂന്ന് പേരെ കാണാതായിരിക്കുകയാണ്.

Next Story

RELATED STORIES

Share it