Sub Lead

കുട്ടികളെ തീച്ചാമുണ്ഡി തെയ്യം കെട്ടിക്കുന്നതില്‍ നിന്ന് തടയണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

കുട്ടികളെ തീച്ചാമുണ്ഡി തെയ്യം കെട്ടിക്കുന്നതില്‍ നിന്ന് തടയണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം
X

(പ്രതീകാത്മക ചിത്രം)




കൊച്ചി: കുട്ടികളെ നിര്‍ബന്ധിച്ച് തീച്ചാമുണ്ഡി തെയ്യം കെട്ടിക്കുന്നത് തടയണമെന്ന് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി വനിതാ ശിശുവികസന സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റീസ് എ ജെ ദേശായിയും ഡസ്റ്റിസ് വി ജി അരുണും ചേര്‍ന്ന ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. സന്നദ്ധ സംഘടനയായ ദിശ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. കണ്ണൂര്‍ ചിറക്കല്‍ പെരുങ്കളിയാട്ടതിന്റെ ഭാഗമായി നടത്തുന്ന ഒറ്റക്കോലം തെയ്യത്തില്‍ കുട്ടികളെ കുറഞ്ഞത് 101 തവണയെങ്കിലും തീക്കനലിലേക്ക് എറിയാറുണ്ടെന്ന് ദിശ കോടതിയില്‍ അറിയിച്ചു.

കുട്ടികളെ ഇത്തരം ആചാരങ്ങളുടെ ഭാഗമാക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കാത്തത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. അതേസമയം തീ ചാമുണ്ഡി തെയ്യം പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ഒരു ഉപജാതിക്കാര്‍ മാത്രമാണ് ഇത് അനുഷ്ടിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. തീ ചാമുണ്ഡി തെയ്യം അനുഷ്ടിക്കുമ്പോള്‍ കുട്ടികള്‍ക്ക് പരിക്കേല്‍ക്കുമെന്ന് കരുതുന്നില്ലെന്നും വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. അടുത്ത ഹിയറിങിന് മുമ്പ് സംസ്ഥാനം കൃത്യമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായും കോടതി നിരീക്ഷിച്ചു.

കണ്ണൂര്‍ ചിറക്കല്‍ ചാമുണ്ഡി കോട്ടം പെരുങ്കളിയാട്ടത്തില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ കൊണ്ട് തീ ചാമുണ്ഡി തെയ്യം കെട്ടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. തുടര്‍ന്ന് സംസ്ഥാന ബാലാവകാശ കമീഷന്‍ കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അടിയന്തര റിപോര്‍ട്ട് നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ ഡയറക്ടര്‍, ജില്ലാ പോലിസ് മേധാവി, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ എന്നിവര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഒറ്റക്കോലം എന്നറിയപ്പെടുന്ന തീ ചാമുണ്ഡി തെയ്യക്കോലം 45 വര്‍ഷത്തിന് ശേഷമാണ് കെട്ടിയാടിയത്. ഒരാള്‍ പൊക്കത്തില്‍ എരിയുന്ന കനല്‍ കൂമ്പാരത്തിലേക്ക് കുതിച്ച് ചാടുന്ന തെയ്യമാണ് തീ ചാമുണ്ഡി. ഇതില്‍ തെയ്യം കെട്ടിയ വിദ്യാര്‍ഥിയുടെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് വിഷയം കോടതിയിലെത്തിയത്.

Next Story

RELATED STORIES

Share it